റൈറ്റ്‌മൂവിന്റെ 2025 ലെ 'ഹാപ്പി ആറ്റ് ഹോം' സര്‍വേയില്‍ നോര്‍ത്ത് യോര്‍ക്ക്‌ഷയറിലെ സ്‌കിപ്‌ടണ്‍ ബ്രിട്ടനിലെ ഏറ്റവും സന്തോഷകരമായ വാസസ്ഥലമായി ഒന്നാം സ്ഥാനത്ത് എത്തി. മനോഹരമായ പച്ചപ്പും, സമാധാനപരമായ ഗ്രാമീണ ജീവിതരീതിയും, സൗഹൃദപരമായ സമൂഹവും ഈ പട്ടണത്തെ മുന്നിലെത്തിച്ചതിന് പ്രധാന കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത് .
റിച്ച്മണ്ട് അപോണ്‍ തേംസും, കാംഡനും ആണ് രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി. ഈ മൂന്നും പ്രദേശങ്ങളും ജീവിത ഗുണനിലവാരത്തിലും സൗകര്യങ്ങളിലും പൊതുജനങ്ങളുടെ സംതൃപ്തിയിലും മികച്ച സ്കോര്‍ നേടിയവയായിരുന്നു.
വെസ്റ്റ് മിഡ്‌ലാന്‍ഡ്സിലെ റാങ്കിംഗില്‍ ലീമിംഗ്ടണ്‍ സ്‌പയാണ് 2025ലെ ഏറ്റവും സന്തോഷകരമായ സ്ഥലം. രണ്ടാം സ്ഥാനത്ത് എത്തിയ സ്റ്റാഫോര്‍ഡ്‌ഷയറിലെ ലിച്ച്ഫീല്‍ഡ് പൗരന്മാരുടെ ജീവിതസന്തോഷം, സാംസ്കാരിക പൈതൃകം, ലിച്ച്ഫീല്‍ഡ് കത്തീഡ്രല്‍ പോലുള്ള ആകര്‍ഷക കേന്ദ്രങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഉയര്‍ന്ന വിലയിരുത്തല്‍ നേടിയത്. ഇതിനെ തുടര്‍ന്നു സ്‌ട്രാറ്റ്ഫോര്‍ഡ്-ഓണ്‍-എവണ്‍, ഷ്രൂസ്ബറി, ടാംവര്‍ത്ത് എന്നിവയും മികച്ച റാങ്കുകള്‍ നേടി.
ദേശീയ തലത്തില്‍ ലിച്ച്ഫീല്‍ഡ് ശ്രദ്ധേയമായ മുന്നേറ്റമാണ് നടത്തിയത്; വെസ്റ്റ് മിഡ്‌ലാന്‍ഡ്സില്‍ രണ്ടാം സ്ഥാനത്തോടൊപ്പം ബ്രിട്ടനിലെ മൊത്തം പട്ടികയില്‍ 13-ാം സ്ഥാനവും നേടി. 19,500 -ലധികം പേര്‍ പങ്കെടുത്ത ഈ സര്‍വേയില്‍, ഗ്രാമപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ നഗര-ഉപനഗര പ്രദേശങ്ങളിലെ ആളുകളേക്കാള്‍ കൂടുതല്‍ സന്തോഷവാന്മാരാണെന്ന് ആണ് കണ്ടെത്തിയിരിക്കുന്നത് . പ്രായം കൂടുന്തോറും ആളുകള്‍ക്ക് താമസസ്ഥലത്തോടുള്ള തൃപ്തിയും വര്‍ധിക്കുന്നുവെന്നതും പഠനം സൂചിപ്പിക്കുന്നു. 18 മുതല്‍ 24 വയസ്സ് വരെയുള്ളവര്‍ ഏറ്റവും കുറവ് തൃപ്തി പ്രകടിപ്പിച്ചപ്പോള്‍, 65 വയസ്സിന് മുകളിലുള്ളവര്‍ ഏറ്റവും സന്തോഷകരമായി ജീവിക്കുന്നവരായിരുന്നു എന്നാണ് സര്‍വേയിലെ കണ്ടെത്തല്‍ .