യഥാര്‍ത്ഥ ഗൂഢാലോചന തനിക്കെതിരെയായിരുന്നുവെന്ന് നടന്‍ ദിലീപ്. നടിയെ ആക്രമിച്ച കേസില്‍ കുറ്റവിമുക്തനാക്കിയതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു ദിലീപ്. പിന്തുണച്ചവര്‍ക്ക് നന്ദിയെന്നും കള്ളക്കഥ കോടതിയില്‍ തകര്‍ന്ന് വീണുവെന്നും ദിലീപ് പറഞ്ഞു. ജയിലിലെ പ്രതികളെ കൂട്ടുപിടിച്ച് പൊലീസ് കള്ളക്കഥ മെനഞ്ഞുവെന്നും ദിലീപ്പ് ആരോപണം ഉന്നയിച്ചു. കേസില്‍ ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്നും അത് അന്വേഷിക്കണമെന്ന് മഞ്ജു വാര്യര്‍ പറഞ്ഞിടത്തു നിന്നാണ് തനിക്കെതിരായ ഗൂഢാലോചന ആരംഭിച്ചതെന്നും ദിലീപ് കുറ്റപ്പെടുത്തി.
'കേസിലെ ക്രിമിനല്‍ ഗൂഢാലോചന ഉണ്ട്, ആ ക്രിമിനല്‍ ഗൂഢാലോചന അന്വേഷിക്കണമെന്ന് മഞ്ജു പറഞ്ഞിടത്തു നിന്നാണ് എനിക്കെതിരെയുള്ള ഗൂഢാലോചന ആരംഭിച്ചത്. അതിന് അന്നത്തെ ഉയര്‍ന്ന ഒരു മേലുദ്യോഗസ്ഥയും അവര്‍ തിരഞ്ഞെടുത്ത ഒരു സംഘം ക്രിമിനല്‍ പോലീസുകാരും ചേര്‍ന്നാണ് ഇങ്ങനെ ഒരു നടപടി ഉണ്ടാക്കിയത്.
അതിനായി കേസിലെ മുഖ്യപ്രതിയെ കൂട്ടുപിടിച്ച് ജയിലില്‍ ഉണ്ടായിരുന്ന കൂട്ടുപ്രതികളെയും കൂട്ടുപിടിച്ചിട്ട് പോലീസ് സംഘം ഒരു കള്ളക്കഥ മെനഞ്ഞെടുക്കുകയാണ് ചെയ്തത്. എന്നിട്ട് പോലീസ് സംഘം അവര്‍ക്ക് ഒത്താശ ചെയ്തു കൊടുക്കുന്ന ചില മാധ്യമ പ്രവര്‍ത്തകരെയും കൂട്ടുപിടിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ കള്ളക്കഥ പ്രചരിപ്പിക്കുകയും ചെയ്തു', ദിലീപ് ആരോപിച്ചു.
'ഇന്ന് കോടതിയില്‍ പോലീസ് സംഘം ഉണ്ടാക്കിയ കള്ളക്കഥ തകരുകയാണ് ചെയ്തത്. കേസില്‍ യഥാര്‍ഥ ഗൂഢാലോചനയെന്ന് പറയുന്നത് എന്നെ പ്രതിയാക്കാനാണ്. എന്റെ കരിയറും ഇമേജും ജീവിതവും നശിപ്പിക്കാന്‍ വേണ്ടി ചെയ്തതാണ്', ദിലീപ് പറഞ്ഞു.