നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ കുറ്റവിമുക്തനാക്കിയ കോടതി വിധിക്ക് പിന്നാലെ, ശക്തമായ പ്രതികരണവുമായി നിര്‍മ്മാതാവ് സുരേഷ് കുമാര്‍. 'സത്യമേവ ജയതേ, സത്യം എല്ലായ്‌പ്പോഴും ജയിക്കും'എന്ന് പറഞ്ഞ അദ്ദേഹം, ഇത് കുറേ സിനിമാക്കാരും പൊലീസുകാരും ഉള്‍പ്പെടെ ഒരാള്‍ക്കെതിരെ നടത്തിയ ഗൂഢാലോചനയാണെന്ന് ആരോപിച്ചു. 'ദിലീപിനെ ജയിലില്‍ പോയി കണ്ടപ്പോഴും ഞാനിത് പറഞ്ഞതാണ്. ഇതിനൊക്കെ ആര് ഉത്തരം പറയും? ആ കുടുംബം അനുഭവിച്ച ട്രോമ ഞങ്ങള്‍ക്കറിയാം. ആ കുഞ്ഞിനെ വരെ വേട്ടയാടി. ആ കുട്ടിക്ക് സ്കൂളില്‍ പോകാന്‍ പറ്റാതെ അവളെ മദ്രാസില്‍ കൊണ്ടുപോയി താമസിപ്പിക്കേണ്ടി വന്നു,” സുരേഷ് കുമാര്‍ വികാരാധീനനായി പറഞ്ഞു. ഏത് കോടതിയില്‍ പോയാലും കുഴപ്പമില്ല. എന്തെങ്കിലും ഒരു തെളിവ് പ്രോസിക്യൂഷന് നിരത്താന്‍ കഴിഞ്ഞോ എന്നും അദ്ദേഹം ചോദിച്ചു. കഴിഞ്ഞ എട്ടര വര്‍ഷം ദിലീപ് നേരിട്ടത് വലിയ ഹരാസ്‌മെന്റ് ആണെന്നും എത്ര കോടികളാണ് അദ്ദേഹത്തിന് ചെലവഴിക്കേണ്ടി വന്നതെന്നും സുരേഷ് കുമാര്‍ ചൂണ്ടിക്കാട്ടി.
സര്‍ക്കാരും പോലീസും ഉത്തരം പറയണം. 'വലിയൊരു ഗൂഢാലോചന ഈ കാര്യത്തില്‍ നടന്നിട്ടുണ്ട്. അദ്ദേഹം അഗ്നിശുദ്ധി വരുത്തി പുറത്തുവന്നിരിക്കുകയാണ് ഇപ്പോള്‍. ഇത് വലിയ സന്തോഷമുള്ള കാര്യമാണ്.' തന്നെ സംബന്ധിച്ച് അനിയനെപ്പോലെയാണ് ദിലീപ് എന്നും, തന്റെ സിനിമയിലൂടെയാണ് അദ്ദേഹം ആദ്യം വന്നതെന്നും അദ്ദേഹം ഓര്‍മ്മിച്ചു. 'ഒരു തെറ്റും ചെയ്യാത്ത അദ്ദേഹം 85-90 ദിവസം ജയിലില്‍ കിടന്നു. ഇതിനൊക്കെ ആര് നഷ്ടപരിഹാരം കൊടുക്കും? സര്‍ക്കാരും പോലീസും ഇതില്‍ ഉത്തരം പറയേണ്ടതുണ്ട്. നല്ല പോലീസുകാരുണ്ട്, പക്ഷെ പേര് കിട്ടാന്‍ വേണ്ടി വൃത്തികേട് കാണിക്കുന്നവക്കുന്നവരും ഉണ്ട്,' സുരേഷ് കുമാര്‍ വിമര്‍ശിച്ചു.