യു.കെ.വാര്‍ത്തകള്‍

അടിയന്തര ഫ്ലൂ വാക്‌സിനേഷന്‍ മുന്നറിയിപ്പ് പുറപ്പെടുവിച്ച് എന്‍എച്ച്എസ്; ഡോക്ടര്‍മാരോട് സമരം പിന്‍വലിക്കാന്‍ അഭ്യര്‍ത്ഥന

'സൂപ്പര്‍ ഫ്ലൂ' പൊട്ടിപ്പുറപ്പെട്ടതോടെ രാജ്യത്തു അടിയന്തര ഫ്ലൂ വാക്‌സിനേഷന്‍ മുന്നറിയിപ്പ് പുറപ്പെടുവിച്ച് എന്‍എച്ച്എസ്. ലണ്ടനില്‍ ആശുപത്രി പ്രവേശനങ്ങള്‍ മൂന്നിരട്ടി വര്‍ധിച്ചതോടെ, സ്‌കൂളുകള്‍ പോലും അടച്ചിടേണ്ട സാഹചര്യവും നേരിടുകയാണ്. ഈ സാഹചര്യത്തില്‍ ഡോക്ടര്‍മാരോട് സമരം പിന്‍വലിക്കാന്‍ അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. അടുത്തയാഴ്ച ആശുപത്രികളില്‍ എത്തുന്ന ഫ്ലൂ ബാധിതരുടെ എണ്ണം മൂന്നിരട്ടിയായോ നാലിരട്ടിയായോ വര്‍ദ്ധിച്ചേക്കാമെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് ചീഫ് എക്സിക്യൂട്ടീവ് സര്‍ ജിം മാക്കി മുന്നറിയിപ്പ് നല്‍കി.

അടുത്ത ആഴ്ച ആരംഭിക്കാന്‍ ഇരിക്കുന്ന വേദനാജനകമായ സമരങ്ങള്‍ പിന്‍വലിക്കണമെന്നാണ് റസിഡന്റ് ഡോക്ടര്‍മാരോട് മെഡിക്കല്‍ മേധാവികള്‍ അപേക്ഷിക്കുന്നത്. ദശകങ്ങള്‍ക്കിടെ ഏറ്റവും മോശം അവസ്ഥ നേരിടുന്നതിനൊപ്പം സമരങ്ങള്‍ കൂടിച്ചേരുന്നത് സുരക്ഷാ ആശങ്കകളിലേക്കാണ് വഴിതെളിക്കുന്നത്.

ഗവണ്‍മെന്റും, ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷനും തമ്മിലുള്ള സംഘര്‍ഷത്തില്‍ അസാധാരണ ഇടപെടല്‍ നടത്തി സമരങ്ങള്‍ പിന്‍വലിപ്പിക്കാനുള്ള ശ്രമത്തിലാണ് അക്കാഡമി ഓഫ് മെഡിക്കല്‍ റോയല്‍ കോളേജസ്.

അസാധാരണമായ ഫ്ലൂ തരംഗത്തിനാണ് ഇക്കുറി വിന്റര്‍ സാക്ഷ്യം വഹിക്കുകയെന്ന് എന്‍എച്ച്എസ് വ്യക്തമാക്കി. ലണ്ടനില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് മൂന്നിരട്ടി ആളുകള്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നുണ്ട്. ഇതിന് പുറമെ 16,500 ആംബുലന്‍സ് ഹാന്‍ഡോവറുകളും ദിവസേന 2363 എന്ന ശരാശരിയില്‍ അരങ്ങേറുന്നു. ഫ്ലൂ വാക്‌സിനെടുക്കുന്നത് അടിയന്തര പ്രാധാന്യത്തോടെ കാണാനാണ് എന്‍എച്ച്എസ് ലണ്ടന്‍ നിവാസികള്‍ക്ക് നല്‍കിയിട്ടുള്ള മുന്നറിയിപ്പ്. ക്രിസ്മസിന് ഏതാനും ആഴ്ചകള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ ഇപ്പോള്‍ തന്നെ നടപടിയെടുക്കാന്‍ മുന്നറിയിപ്പില്‍ ആവശ്യപ്പെടുന്നു.

ഈ വര്‍ഷത്തില്‍ സാധാരണ കാണുന്നതിനേക്കാള്‍ ബെഡ് കൈയടക്കിയ ഇന്‍ഫെക്ഷന്‍ ബാധിച്ച രോഗികളുടെ എണ്ണം ഇപ്പോള്‍ തന്നെ കൂടുതലാണ്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ എക്കാലത്തെയും വലിയ റെക്കോര്‍ഡ് മറികടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അവിടം കൊണ്ട് ഈ മുന്നേറ്റം നില്‍ക്കില്ലെന്നതാണ് ഹെല്‍ത്ത് സര്‍വ്വീസിനെ ഭയപ്പെടുത്തുന്നത്. നിലവില്‍ വാര്‍ഡുകളില്‍ 2000 ഫ്‌ളൂ രോഗികളുണ്ട്. ഇത് അടുത്ത ആഴ്ചയോടെ 8000 കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇതിനിടയില്‍ റസിഡന്റ് ഡോക്ടര്‍മാര്‍ സമരങ്ങളുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചത് ക്രൂരവും, കണക്കുകൂട്ടിയുള്ളതുമാണെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് മേധാവി ജിം മാക്കി കുറ്റപ്പെടുത്തി. സുപ്രധാന സമയത്ത് പണിമുടക്കുന്നത് ദുരിതം സൃഷ്ടിക്കുമെന്നാണ് മാക്കിയുടെ ഓര്‍മ്മപ്പെടുത്തല്‍.

  • എന്‍എംസി രജിസ്റ്ററില്‍ പേര് ചേര്‍ക്കപ്പെട്ട നഴ്സുമാരുടെ എണ്ണത്തില്‍ വലിയ കുറവ്
  • വിദ്യാഭ്യാസ വകുപ്പിനും പൊലീസ് ഡാറ്റാബേസിനും നേരെ സൈബര്‍ ആക്രമണം; 7.4 ലക്ഷം വിവരങ്ങള്‍ ചോര്‍ന്നു
  • ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിന് സാങ്കേതിക തകരാര്‍; ഹീത്രൂവില്‍ വന്‍ ദുരന്തം ഒഴിവായി
  • ഇംഗ്ലണ്ടിന്റെ പകുതിയും കടുത്ത വരള്‍ച്ചയില്‍; ജലക്ഷാമം രൂക്ഷം
  • ബാന്‍ഡ് 5 നഴ്‌സില്‍നിന്ന് ന്യൂറോളജി ലീഡ് നഴ്‌സിലേക്ക്; അഭിമാനമായി ഷൈനി ബേസില്‍
  • ഇറാന്‍ യുദ്ധം: ബ്രിട്ടന് കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്
  • അപ്രന്റിസ് ജോലിയില്‍ പ്രവേശിക്കുന്ന വൈകല്യമുള്ള കൗമാരക്കാരുടെ കുടുംബങ്ങള്‍ക്ക് 4,500 പൗണ്ട് ധനസഹായം
  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions