അകന്ന ബന്ധുക്കള്‍ മരിച്ചാലും ഒരാഴ്ച അവധി; യുകെയില്‍ പുതിയ തൊഴില്‍നിയമ നിര്‍ദേശം ചര്‍ച്ചയില്‍
ബ്രിട്ടനില്‍ തൊഴിലാളികള്‍ക്ക് നല്‍കുന്ന അവധി ആനുകൂല്യങ്ങളില്‍ പുതിയ മാറ്റങ്ങള്‍ കൊണ്ടുവരുന്നു. ലേബര്‍ സര്‍ക്കാരിന്റെ പുതിയ തൊഴില്‍ അവകാശ ബില്ലില്‍ അകന്ന ബന്ധുക്കള്‍ മരിച്ചാലും ഒരു ആഴ്ചയുടെ അവധി ലഭിക്കുന്നതിനുള്ള നിര്‍ദേശമാണ് പരിഗണിക്കുന്നത്. അടുത്ത ബന്ധമായി കരുതപ്പെടുന്ന സുഹൃത്തുക്കളുടേതായ മരണവും ഈ നിയമത്തിന്റെ പരിധിയില്‍ വരാനാണ് സാധ്യത. ഇപ്പോള്‍ 18 വയസിനു താഴെയുള്ള മക്കളുടെ മരണത്തിലാണ് നിര്‍ബന്ധിതമായ അവധി ലഭ്യമാകുന്നത്.
നിയമം അന്തിമമായി പാസായാല്‍, കേരളത്തില്‍ താമസിക്കുന്ന ബന്ധുവിന്റെ മരണം സംഭവിച്ചാലും ഒരു ആഴ്‌ചയോളം അവധി ലഭിക്കാവുന്ന സാഹചര്യം ഉണ്ടാകും. പലപ്പോഴും ഇത്തരം സാഹചര്യങ്ങളില്‍ ഉറ്റവരുടെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ അവധി ലഭിക്കുക എന്നത് വലിയ കടമ്പയായിരുന്നു.
തൊഴില്‍ അവകാശ ബില്ലില്‍ യൂണിയനുകള്‍ക്ക് കൂടുതല്‍ അധികാരം, സിക്ക് ലീവിനുള്ള അധിക അവകാശങ്ങള്‍, മാതൃത്വ-പിതൃത്വ അവധിയില്‍ മാറ്റങ്ങള്‍ എന്നിവയും ഉള്‍പ്പെടുന്നു. സര്‍ക്കാരിന്റെ വിലയിരുത്തല്‍ പ്രകാരം ഈ മാറ്റങ്ങള്‍ കമ്പനികള്‍ക്കായി വര്‍ഷത്തില്‍ ഏകദേശം 5 ബില്ല്യണ്‍ പൗണ്ടിന്റെ അധികചെലവ് വരുത്തും. എങ്കിലും തൊഴിലാളികള്‍ക്ക് കൂടുതല്‍ സുരക്ഷയും സഹായവും നല്‍കാനുള്ള ചരിത്ര നേട്ടമായിട്ടാണ് ലേബര്‍ സര്‍ക്കാര്‍ ഈ നിയമ നിvമ്മാണത്തെ കാണുന്നതെന്ന് മന്ത്രിമാര്‍ വ്യക്തമാക്കുന്നു.
അവധിയ്ക്കുള്ള ബന്ധുക്കളുടെ പരിധി വ്യാപിപ്പിക്കുന്നത് ചെറിയ ബിസിനസുകള്‍ക്ക് വലിയ സാമ്പത്തിക ഭാരം വരുത്തുമെന്നാണ് വ്യവസായ രംഗത്തിന്റെ ആശങ്ക. ജീവനക്കാര്‍ക്ക് വ്യക്തിപരമായ ഏത് ബന്ധവും അവധിക്ക് കാരണം ആകുന്നതോടെ സ്ഥാപനങ്ങളുടെ ദിനചര്യയും പ്രവര്‍ത്തനക്രമവും താറുമാറാകുമെന്നാണ് തൊഴിലുടമകളുടെ വിലയിരുത്തല്‍. കൂടാതെ ജീവനക്കാരില്‍ നിന്ന് തെളിവോ മുന്‍കൂട്ടി അറിയിപ്പോ ഇല്ലാതെ പലതവണ അവധി പോകാന്‍ സാധ്യത ഉണ്ടാകുമെന്നതിനാല്‍, താല്‍ക്കാലിക സ്റ്റാഫിനെ ഏര്‍പ്പെടുത്തുന്നതിലും ഓവര്‍ടൈം ചെലവുകളിലും കമ്പനി നല്‍കേണ്ട ചെലവ് ഉയരുമെന്നാണ് മുന്നറിയിപ്പ്.