തൊഴില്‍ ചെയ്യാതെ ബെനഫിറ്റ് വനാഗി ജീവിക്കാന്‍ സാധിക്കുന്ന രാജ്യമാണ് യുകെ. സര്‍ക്കാര്‍ മറ്റ് നികുതി ദായകരില്‍ നിന്നും പിരിച്ചെടുക്കുന്ന നികുതി വീതിച്ച് നല്‍കുന്നതിനാല്‍ ജോലിയില്ലെങ്കിലും സുഖമായി ജീവിക്കാം. ഈ രീതിയില്‍ ആയിരക്കണക്കിന് ആളുകള്‍ ചെറിയ കാരണങ്ങള്‍ പറഞ്ഞ് യൂണിവേഴ്‌സല്‍ ക്രെഡിറ്റ് വാങ്ങി കഴിയുന്നു. ഇപ്പോള്‍ ആരോഗ്യ പ്രശ്‌നങ്ങളുടെയും, വൈകല്യങ്ങളുടെയും പേരില്‍ മൂന്ന് മില്ല്യണിലേറെ ജനങ്ങള്‍ ആനുകൂല്യങ്ങള്‍ നേടുന്നുവെന്നാണ് കണക്ക്.
ലേബര്‍ അധികാരത്തിലേറി ഒരൊറ്റ വര്‍ഷം കൊണ്ട് ഒരു മില്ല്യണിലേറെ ജനങ്ങള്‍ ഈ തുക കൈപ്പറ്റാന്‍ തുടങ്ങിയെന്ന് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. ആരോഗ്യ കാരണങ്ങള്‍ പറഞ്ഞ് യൂണിവേഴ്‌സല്‍ ക്രെഡിറ്റ് നേടുന്നവരുടെ എണ്ണത്തില്‍ 2025 സെപ്റ്റംബര്‍ വരെയുള്ള വര്‍ഷത്തില്‍ 41 ശതമാനം വര്‍ദ്ധനവാണുള്ളത്. 933,000 പേര്‍ കൂടി ആനുകൂല്യം നേടാന്‍ തുടങ്ങിയതോടെ യൂണിവേഴ്‌സല്‍ ക്രെഡിറ്റ് 3.2 മില്ല്യണ്‍ എന്ന റെക്കോര്‍ഡിലെത്തി.
ഇതില്‍ 2.5 മില്ല്യണ്‍ ജനങ്ങള്‍ക്കും ജോലി ചെയ്യാനോ, അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനോ പരിമിതമായ കഴിവാണുള്ളതെന്നാണ് അവകാശവാദം. അതായത് ജോലി അന്വേഷിക്കാതെയാണ് ഇവര്‍ ആനുകൂല്യം നേടുന്നത്. ജോലി അന്വേഷിക്കാതെ യുസി നേടുന്നവരുടെ എണ്ണത്തില്‍ 2020 മുതല്‍ 2025 വരെ എത്തുമ്പോള്‍ 54 ശതമാനം വര്‍ധനവുണ്ടെന്ന് വര്‍ക്ക് & പെന്‍ഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് കണക്കുകള്‍ വ്യക്തമാക്കുന്നു.
വെല്‍ഫെയറില്‍ ലേബറിന് യാതൊരു നിയന്ത്രണവും ഇല്ലെന്നാണ് ഇത് വ്യക്തമാക്കുന്നതെന്ന് ഷാഡോ വര്‍ക്ക് & പെന്‍ഷന്‍സ് സെക്രട്ടറി ഹെലെന്‍ വാറ്റ്‌ലി പ്രതികരിച്ചു. ജോലി ഇല്ലാത്ത, അന്വേഷിക്കാത്ത ആളുകളിലേക്ക് കൂടുതല്‍ പണിമൊഴുക്കുകയാണ്. ചിലര്‍ക്ക് മാത്രമാണ് ജോലി ചെയ്യാന്‍ കഴിയാത്ത തരത്തില്‍ രോഗമുള്ളത്. ഈ വിധം വേഗത്തില്‍ യുകെ രോഗികളായി മാറുന്നത് താങ്ങാന്‍ കഴിയില്ല, വാറ്റ്‌ലി പറഞ്ഞു.