വോട്ടെണ്ണല്‍ പുരോഗമിക്കവേ തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഗ്രാമപഞ്ചായത്തടക്കമുള്ള എല്ലാ മേഖലയിലും യുഡിഎഫ് മുന്നിലാണ്. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി, കോര്‍പ്പറേഷന്‍ തുടങ്ങി എല്ലാ മേഖലയിലും ലീഡ് പിടിച്ചിരിക്കുകയാണ് യുഡിഎഫ്. 2010ന് ശേഷം ചരിത്രത്തില്‍ ആദ്യമായാണ് യുഡിഎഫിന് ഇത്രയും വലിയ മുന്നേറ്റം ഉണ്ടാകുന്നത്.
എല്‍ഡിഎഫിന്റെ ശക്തികേന്ദ്രങ്ങളിലടക്കം വന്‍ മുന്നേറ്റമാണ് യുഡിഎഫ് നടത്തുന്നത്. സംസ്ഥാനത്തിന്റെ നിലവിലെ രാഷ്ട്രീയ ചിത്രം മാറ്റിയെഴുതാന്‍ സാധ്യതയുള്ള സൂചനകളാണ് പുറത്തുവരുന്നതെന്നാണ് വിലയിരത്തല്‍. ഈ ട്രെന്‍ഡ് തുടര്‍ന്നാല്‍ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലടക്കം സ്വാധീനം ചെലുത്തുന്ന വ്യക്തമായ സൂചനയാകും തദ്ദേശ തെരഞ്ഞെടുപ്പ് ഫലം.
യുഡിഎഫ് പോലും പ്രതീക്ഷിക്കാത്ത തരത്തിലാണ് 2010-ന് ശേഷം ആദ്യമായി ഇത്തരത്തില്‍ യു.ഡി.എഫ്. ശക്തമായ മുന്നേറ്റം കാഴ്ചവെക്കുന്നത്. അതേസമയം, എല്‍ഡിഎഫിന് കാര്യമായ തിരിച്ചടി നേരിടുമ്പോള്‍ തന്നെ ബി.ജെ.പിക്കും വലിയ നേട്ടം അവകാശപ്പെടാനുണ്ട്. ഈ തിരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത മുന്നേറ്റം രേഖപ്പെടുത്തി. മുന്‍പ് 23 പഞ്ചായത്തുകളില്‍ ലീഡ് നേടിയ സ്ഥാനത്ത് ഇത്തവണ 33 പഞ്ചായത്തുകളിലാണ് ബിജെപിക്ക് ലീഡുള്ളത്. കൂടാതെ, ഒരു കോര്‍പ്പറേഷനിലും ബിജെപി ലീഡ് നിലനിര്‍ത്തുന്നുണ്ട്.
കൊച്ചി കോര്‍പറേഷനില്‍ യുഡിഎഫ് തരംഗം. കഴിഞ്ഞ കുറി ചുണ്ടിനും കപ്പിനും ഇടയില്‍ ഇഞ്ചോടിഞ്ച് നഷ്ടപ്പെട്ട കൊച്ചി കോര്‍പ്പറേഷന്‍ യുഡിഎഫ് തിരിച്ചുപിടിച്ചു. യുഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥികളായി കരുതപ്പെട്ടവരെല്ലാം ആധികാരികമായി ജയിച്ചപ്പോള്‍ എല്‍ഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ഥികളെല്ലാം തോറ്റു. കൊച്ചിയില്‍ കോണ്‍ഗ്രസിന്റെ മേയര്‍ സ്ഥാനാര്‍ത്ഥിയായി ചര്‍ച്ച ചെയ്യപ്പെട്ട ദീപ്തി മേരി വര്‍ഗീസ് മികച്ച വിജയമാണ് നേടിയത്.
വിമതരെ കൊണ്ട് പൊറുതിമുട്ടിയെ കൊച്ചിയില്‍ അവരേയും നേരിട്ടാണ് കോണ്‍ഗ്രസിന്റെ ഗംഭീര വിജയമെന്നതും ശ്രദ്ധേയമാണ്. 45 വാര്‍ഡുകളിലാണ് യുഡിഎഫ് മുന്നേറുന്നത്, എല്‍ഡിഎഫ് 17 ഇടത്തും എന്‍ഡിഎ നാലിടത്തും മാത്രമാണ് ലീഡുള്ളത്.
എല്‍ഡിഎഫിന്റെ കുത്തക കോര്‍പ്പറേഷനായിരുന്ന കൊല്ലത്തടക്കമാണ് യുഡിഎഫ് മുന്നേറുന്നത്. തിരുവനന്തപുരത്ത് എന്‍ഡിഎ മുന്നേറുന്നു. കൊച്ചിയിലും തൃശൂരിലും യുഡിഎഫ് ഭരണം ഉറപ്പിച്ചു. തൃശൂരില്‍ 10 വര്‍ഷത്തിന് ശേഷം യുഡിഎഫ് ഭരണം പിടിക്കുകയാണ്.
കണ്ണൂരിലും യുഡിഎഫ് മുന്നേറുന്നു. കോഴിക്കോടും അപ്രതീക്ഷിതമായി യുഡിഎഫ് കനത്തപോരാട്ടമാണ് കാഴ്ചവെയ്ക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ഒഴികെ അഞ്ച് കോര്‍പ്പറേഷനുകളും എല്‍ഡിഎഫിനായിരുന്നു ജയം.