ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന് വൈദിക ക്ഷാമം; 11 പള്ളിക്ക് ഒരു വികാരി മാത്രം
ആംഗ്ലിക്കന്‍ സഭയില്‍ വിശ്വാസികളുടെ എണ്ണം കുറയുകയാണ്. പുതുതലമുറ ദൈവവിശ്വാസത്തില്‍ നിന്ന് അകന്നതോടെ പല പള്ളികളും അടച്ചു പൂട്ടേണ്ടി വന്നു. ദൈവവിളി കുറഞ്ഞതോടെ വൈദികര്‍ക്കും ക്ഷാമമാണ്. വികാരിമാരുടെ കുറവ് ഗുരുതരമായതോടെ 2026ല്‍ ഒരു വികാരിക്ക് ഇപ്പോഴുള്ളതിന്റെ നാലിരട്ടി പള്ളികളിലെ കര്‍മ്മങ്ങള്‍ നടത്തേണ്ടതായി വരുമെന്നാണ് റിപ്പോര്‍ട്ട്. ലിങ്കണ്‍ഷയറിലെ സ്വിന്‍ഡെര്‍ബി പള്ളികളുടെ ചുമതലയുള്ള റെവറണ്ട് കാനൊന്‍ ആന്‍ഡ്രൂ വാഗന്‍ ആണ് ഇപ്പോള്‍ തന്റെ ജോലിഭാരം വര്‍ധിപ്പിക്കാന്‍ ഒരുങ്ങുന്നത്. ലിങ്കണ്‍ രൂപത നടത്തിയ ഒരു വിശകലനത്തെ തുടര്‍ന്നാണ് ഈ തീരുമാനം.
ഒട്ടുമിക്ക പുരോഹിതന്മാര്‍ക്കും അടുത്ത വര്‍ഷം മുതല്‍ കൂടുതല്‍ പള്ളികളില്‍ ശുശ്രൂഷകള്‍ നിര്‍വഹിക്കേണ്ടതായി വരുമെന്ന് അദ്ദേഹം പറഞ്ഞു. നിലവില്‍ നാല് പള്ളികളുടെ ചുമതലയുള്ള തനിക്ക് അടുത്ത വര്‍ഷം മുതല്‍ 11 പള്ളികളുടെ ചുമതലകള്‍ നിര്‍വഹിക്കേണ്ടതായി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചില ഗ്രാമീണ മേഖലകളില്‍ ഒരു വികാരിക്ക് 20 മുതല്‍ 30 പള്ളികളുടെ ചുമതല വരെ നിര്‍വ്വഹിക്കേണ്ടതായി വരുമെന്നും അദ്ദേഹം പറയുന്നു.
ഒരു പള്ളിക്ക് ഒരു വികാരി എന്ന അവസ്ഥയൊക്കെ മാറിക്കഴിഞ്ഞിരിക്കുന്നു എന്നാണ് ലിങ്കണ്‍ രൂപതയിലെ റവ കാനൊന്‍ ക്രിസ്റ്റീന്‍ ഗോള്‍ഡ്‌സ്മിത്ത് പറയുന്നത്. എങ്ങനെ നിലനില്‍പ്പ് ഭദ്രമാക്കാം എന്നതിനെ കുറിച്ച് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം വിശ്വാസി സമൂഹത്തിന് നല്‍കിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. ആവശ്യത്തിനുള്ള സംഭാവനകള്‍ വിശ്വാസി സമൂഹത്തില്‍ നിന്നും ലഭിക്കാതായതോടെ ഇപ്പോള്‍ രൂപതയിലുള്ളത് 116 പൂര്‍ണ്ണ സമയ വികാരിമാര്‍ മാത്രമാണ് എന്നും അവര്‍ പറയുന്നു. 600 ല്‍ അധികം പള്ളികളിലെ കാര്യങ്ങള്‍ ഇവര്‍ നോക്കേണ്ടതുണ്ട്. ഇതില്‍ ചില പള്ളികള്‍ ക്രിസ്തുമസ്, ഈസ്റ്റര്‍ ആഘോഷങ്ങള്‍ക്കായി മാത്രമെ ഇപ്പോള്‍ തുറക്കുന്നുള്ളു. 2025ല്‍ രൂപതയുടെ ബജറ്റില്‍ കാണിക്കുന്നത് 1.5 മില്യണ്‍ പൗണ്ടിന്റെ കമ്മിയാണ്.