മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസില്‍ കണ്ട് അതിജീവിത; ഉടന്‍ അപ്പീല്‍ നല്‍കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ അതിജീവിത മുഖ്യമന്ത്രിയെ കണ്ടു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലാണ് കൂടിക്കാഴ്ച്ച നടന്നത്. സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്ന് മുഖ്യമന്ത്രി അതിജീവിതയ്ക്ക് ഉറപ്പുനല്‍കി. ഉടന്‍ അപ്പീല്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ തന്നെ കേസില്‍ ഹെെക്കോടതിയിലേക്ക് അപ്പീല്‍ നല്‍കുമെന്നും കേസിലെ ഗുഢാലോചന തെളിയിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കി.
ഇനി കരഞ്ഞ് കലങ്ങിയ കണ്ണുമായി കാണരുതെന്നും നിങ്ങള്‍ കരയാതിരിക്കാന്‍ എന്നും കൂടെയുണ്ടെന്നുമാണ് മുഖ്യമന്ത്രി അതിജീവിതയോട് പറഞ്ഞത്. കൂടിക്കാഴ്ച്ച അര മണിക്കൂര്‍ നീണ്ടു. കേസില്‍ അപ്പീല്‍ നല്‍കാന്‍ സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഇക്കാര്യം മന്ത്രി പി രാജീവ് അതിജീവിതയെ അറിയിച്ചിരുന്നു. അതിന് പിന്നാലെയാണ് ഇന്ന് തിരുവനന്തപുരത്തെത്തിയ അതിജീവിത മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസിലെത്തി നേരില്‍കണ്ടത്.
എട്ടു വര്‍ഷം ഒമ്പത് മാസം 23 ദിവസങ്ങള്‍ ഏറ്റവും വേദനാജനകമായ ഈ യാത്രയുടെ അവസാനമെന്നോണം വെളിച്ചത്തിന്റെ നേരിയ ഒരു കണിക ഞാന്‍ കാണുന്നുവെന്നായിരുന്നു അതിജീവിത കേസില്‍ വിധി വന്ന് ദിവസങ്ങള്‍ക്കുശേഷം പ്രതികരിച്ചത്. 2020 ന്റെ അവസാനം തന്നെ ചില അന്യായമായ നീക്കങ്ങള്‍ നടക്കുന്നതായി തനിക്ക് ബോധ്യപ്പെട്ടിരുന്നുവെന്നും കുറ്റാരോപിതരില്‍ ഒരാളുടെ കാര്യത്തിലേക്ക് അടുക്കുമ്പോള്‍ മാത്രം കേസ് അതുവരെ കൈകാര്യം ചെയ്തുവെന്ന രീതിയില്‍ നിന്നും മാറ്റം സംഭവിക്കുന്നു എന്നത് പ്രോസിക്യൂഷനും മനസ്സിലായിരുന്നുവെന്നും അതിജീവിത പറഞ്ഞിരുന്നു.
നടിയെ ആക്രമിച്ച കേസില്‍ 1711 പേജുള്ള വിധിപകര്‍പ്പ് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. കേസില്‍ ഗൂഢാലോചന വാദം തള്ളിയ കോടതി ഗൂഢാലോചന നടന്നതിന് തെളിവില്ലെന്നും വിധിന്യായത്തില്‍ വിശദമാക്കുന്നു.
നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി ആറ് പ്രതികള്‍ക്കാണ് ശിക്ഷ വിധിച്ചത്. കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിക്ക് 20 വര്‍ഷം കഠിന തടവും വിവിധ കേസുകളിലായി മൂന്ന് ലക്ഷം രൂപ പിഴ ശിക്ഷയും വിധിച്ചു. കേസിലെ രണ്ട് മുതല്‍ ആറ് വരെയുള്ള പ്രതികള്‍ക്കെല്ലാം ഒന്നാം പ്രതിക്ക് നല്‍കിയിരിക്കുന്ന 20 കൊല്ലം കഠിന തടവാണ് വിചാരണക്കോടതി വിധിച്ചിരിക്കുന്നത്. എട്ടാം പ്രതി ദിലീപിനെ വെറുതെ വിടുകയും ചെയ്തു.