നടി ആക്രമിക്കപ്പെട്ട കേസിലെ വിധിപ്പകര്‍പ്പ് ഓരോ ദിവസങ്ങളിലായി പുറത്തുവരുമ്പോള്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. അതിജീവിത ജീവിതത്തില്‍ അനുഭവിച്ച ക്രൂരതയും വേദനയും പ്രതിസന്ധികളും എല്ലാം അവരുടെ മൊഴിയിലുണ്ട്. അതിജീവിതയോട് ദിലീപിന് ഇത്ര വലിയ വൈരാഗ്യം തോന്നാന്‍ കാരണം എന്താണ് എന്നതടക്കമുള്ള വിശദാംശങ്ങള്‍ മൊഴിയില്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. ദിലീപും കാവ്യാ മാധവനും തമ്മിലുള്ള അടുപ്പത്തെക്കുറിച്ച് അതിജീവിത മഞ്ജു വാര്യരോട് പറഞ്ഞതിന്റെ പകയാണ് ഈ സംഭവങ്ങളിലേക്ക് നയിച്ചത് എന്നാണ് ആരോപണം.
സിനിമയില്‍ ദിലീപിന് മാത്രമാണ് തന്നോട് ശത്രുതയെന്ന് അതിജീവിത കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ടാണ് ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയതെന്ന മൊഴിയും അതുമായി ബന്ധപ്പെട്ട തെളിവുകളും പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചെങ്കിലും അത് കോടതി മുഖവിലക്കെടുത്തില്ല.
2017 ജൂണിലാണ് അതിജീവിതയുടെ മൊഴി കോടതി രേഖപ്പെടുത്തിയത്. അന്ന് അതിജീവിത വളരെയധികം മാനസിക സംഘര്‍ഷം അനുഭവിക്കുന്ന കാലഘട്ടമായിരുന്നു. തന്നോട് ഏറ്റവും അധികം വൈരാഗ്യമുള്ളത് ദിലീപിന് മാത്രമാണെന്ന് അതിജീവിത അന്നു മുതല്‍ വ്യക്തമാക്കിയിട്ടുണ്ട്. സിനിമാ രംഗത്തായാലും പുറത്തായാലും മറ്റൊരു ശത്രു ഇല്ല.
തനിക്കെതിരെയുള്ള അതിക്രമം നടന്ന അന്നു തന്നെ ദിലീപാണ് ഇതിനു പിന്നില്‍ എന്ന് തനിക്ക് വ്യക്തമായതായി അതിജീവിത പറയുന്നു. സഹോദരനോട് ഇക്കാര്യം പങ്കുവയ്ക്കുകയും ചെയ്തു. ഈ സംഭവങ്ങള്‍ക്കു മുന്‍പ് എട്ടോളം സിനിമകളില്‍ ദിലീപിന്റെ നായികയായി അഭിനയിച്ചിട്ടുണ്ട്. പല സിനിമകളും സൂപ്പര്‍ ഹിറ്റായി ഓടിയിട്ടുമുണ്ട്. എന്നാല്‍ ഇതിനു ശേഷം സിനിമകളില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെടുന്ന അവസ്ഥ ഉണ്ടായി. സിനിമയില്‍ വന്ന കാലം മുതല്‍ തന്നെ കാവ്യാ മാധവനും ദിലീപുമായുള്ള ബന്ധം തനിക്കും സിനിമാ ഇന്‍ഡസ്ട്രിയിലെ മിക്കവര്‍ക്കും അറിയാമായിരുന്നു. പിന്നീട് മഞ്ജു വാര്യര്‍ തന്നെ സമീപിച്ച് ഈ കേള്‍ക്കുന്ന കാര്യങ്ങളില്‍ വ്യക്തതയുണ്ടോ എന്ന് അന്വേഷിക്കുകയും ചെയ്യുന്നുണ്ട്. 2010 ല്‍ അമേരിക്കയില്‍ നടന്ന സ്റ്റേജ് ഷോയില്‍ പങ്കെടുത്തവരില്‍ താനും കാവ്യാ മാധവനും കാവ്യയുടെ അമ്മയും റിമി ടോമിയും നാദിര്‍ഷയും ഉണ്ടായിരുന്നു. ഇവരെല്ലാമായി നല്ല സൗഹൃദമുള്ള കാലഘട്ടമായിരുന്നു അത്.
ദിലീപ് റൂമിലേക്ക് വരുമ്പോള്‍ റിമി ആദ്യം എഴുന്നേറ്റ് പോകും. അതിനു ശേഷം താനും എഴുന്നേറ്റു പോകുന്ന സാഹചര്യം ഉണ്ടായി. അവര്‍ക്ക് പ്രൈവസി വേണമെന്ന അര്‍ത്ഥത്തിലാണ് പെരുമാറിയിരുന്നത്. ഇവരുടെ ബന്ധം സിനിമ ഇന്‍ഡസ്ട്രിയില്‍ എല്ലാവര്‍ക്കും അറിയാമായിരുന്നു. അതിനു ശേഷം മഞ്ജു വര്യര്‍ തന്നെ സമീപിക്കുകയും ചില സന്ദേശങ്ങള്‍ കാണിക്കുകയും ചെയ്തു ചെയ്തു.
രണ്ടു പേരുടെയും അടുപ്പം വ്യക്തമാക്കുന്ന ചില സന്ദേശങ്ങളാണ് മഞ്ജു വാര്യര്‍ അതിജീവിതയെ കാണിച്ചത്. ഗീതു മോഹന്‍ദാസും സംയുക്ത വര്‍മ്മയും മഞ്ജു വാര്യര്‍ക്ക് ഒപ്പം ഉണ്ടായിരുന്നു. ആദ്യ ഘട്ടത്തില്‍ അവരുടെ കുടുംബ കാര്യമായതിനാല്‍ മറുപടി പറയാന്‍ മടിക്കുന്നു. പിന്നീട് പിതാവ് നിര്‍ബന്ധിച്ചത് കൊണ്ടാണ് ഈ വിഷയത്തില്‍ തനിക്കറിയാവുന്ന കാര്യങ്ങള്‍ മഞ്ജു വാര്യരെ ബോധിപ്പിക്കുന്നത് എന്നാണ് മൊഴിയിലുള്ളത്.
പിന്നീട് ഒരു ദിലീപ് ഷോ എന്ന പേരില്‍ യൂറോപ്യന്‍ ട്രിപ്പിലും താനും ദിലീപും ഉണ്ടായിരുന്നു. ഈ ട്രിപ്പിനിടെ ഒരു ബസില്‍ വച്ച് ദിലീപ് തന്നോട്, കാവ്യയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മഞ്ജുവിനോട് പങ്കുവെച്ചോ എന്ന് ചോദിക്കുന്നുണ്ട്. തനിക്കത് സമ്മതിക്കേണ്ട സാഹചര്യവും ഉണ്ടായി. കാവ്യ മാധവനുമായി തനിക്ക് ബന്ധം ഉണ്ട് എന്ന കാര്യം അറിഞ്ഞ മഞ്ജു വാര്യരോട് അത് തിരുത്തിപ്പറയണമെന്ന് ദിലീപ് ആവശ്യപ്പെട്ടു എന്നായിരുന്നു അതിജീവിത നല്‍കിയ മൊഴി.
എന്നാല്‍ ആ സമയത്ത് മഞ്ജു വാര്യര്‍ തെളിവുകളുമായാണ് തന്റെ അടുത്ത് വന്നതെന്നും അതെങ്ങെനെ താന്‍ നിരാകരിക്കും എന്നുമാണ് താന്‍ ചോദിച്ചത് എന്നും നടി പറഞ്ഞു. അപ്പോള്‍ താന്‍ വിചാരിക്കുന്നവര്‍ മാത്രമേ മലയാളസിനിമയില്‍ നിന്നിട്ടുള്ളൂവെന്ന് പറഞ്ഞ് ദിലീപ് ഭീഷണിപ്പെടുത്തി എന്നാണ് നടി മൊഴി നല്‍കിയിരിക്കുന്നത്.
ഇതിനു ശേഷം സിനിമകളില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെടുന്ന അവസ്ഥ ഉണ്ടായി. ദിലീപുമായി ബന്ധമുള്ള പല പ്രൊഡ്യൂസര്‍മാരുടെയും സിനിമകളില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. പിന്നീടി നിരവധി പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ടെന്നും നടി മൊഴിയില്‍ പറയുന്നു.
തനിക്ക് അനുകൂലമായി മൊഴി നല്‍കുമെന്ന് അതിജീവിത വിശ്വസിച്ചവരില്‍ പലരും വിസ്താരത്തില്‍ അതിനു തയാറാകാതിരുന്നതു പ്രോസിക്യൂഷന്‍ വാദത്തെ കൂടുതല്‍ ദുര്‍ബലമാക്കി. ഭാമ, സിദ്ദിഖ്, ഇടവേള ബാബു, ബിന്ദുപണിക്കര്‍ എന്നിവരടക്കം ഇരുപതോളം സാക്ഷികളാണ് കോടതിയില്‍ ദിലീപിന് അനുകൂലമായി മൊഴിമാറ്റിയത്.
നടിയോടുള്ള വിരോധം കാരണമാണ് ദിലീപ് ക്വട്ടേഷന്‍ കൊടുത്തത് എന്നായിരുന്നു അന്വേഷണ സംഘം പറഞ്ഞത്. പള്‍സര്‍ സുനിയും ദിലീപും പലതവണ കണ്ടുവെന്നും ഗൂഢാലോചന നടത്തിയെന്നും അവര്‍ വാദിച്ചു. ഇതിന്റെ തെളിവായിട്ടാണ് ദിലീപിന്റെ സിനിമാ ലൊക്കേഷനില്‍ പള്‍സര്‍ സുനി എത്തി എന്നതിന് തെളിവായി ഹാജരാക്കിയ ഫോട്ടോ.
തൃശൂരിലെ ടെന്നിസ് അക്കാദമിയില്‍ വച്ചും തൊടുപുഴയില്‍ വച്ചും ദിലീപും പള്‍സര്‍ സുനിയും ഗൂഢാലോചന നടത്തി എന്ന വാദം തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ല എന്ന് കോടതി വിധിയില്‍ പറയുന്നു. ടെന്നിസ് അക്കാദമിയിലെ സെക്യൂരിറ്റിക്കാരന്‍ എടുത്ത ദിലീപിനൊപ്പമുള്ള സെല്‍ഫിയില്‍ വളരെ ദൂരത്തില്‍ പള്‍സര്‍ സുനി അടക്കം രണ്ടുപേര്‍ നില്‍ക്കുന്നതായിരുന്നു ചിത്രം. ഒപ്പം മറ്റൊരു ചിത്രവും ഹാജരാക്കി.
ദിലീപിന്റെയും പള്‍സര്‍ സുനിയുടെയും ടവര്‍ ലൊക്കേഷനുകള്‍ അന്വേഷണ സംഘം തെളിവായി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ രണ്ടുപേരും ഒരു ടവര്‍ ലൊക്കേഷനില്‍ വന്നു എന്നതുകൊണ്ട് ഗൂഢാലോചന നടത്തി എന്ന് പറയാനാകില്ലെന്ന് കോടതി വിലയിരുത്തി.
ദിലീപിനെതിരെ വ്യക്തമായ തെളിവുണ്ടെന്നും അപ്പീല്‍ കോടതികളില്‍ ഇക്കാര്യം തെളിയിക്കാന്‍ സാധിക്കുമെന്നുമാണ് പ്രോസിക്യൂഷനും അതിജീവിതയുടെ അഭിഭാഷകയും പറയുന്നത്.