നെടുമ്പാശ്ശേരിയില്‍ അടിയന്തര ലാന്‍ഡിങ്ങിനിടെ എയര്‍ ഇന്ത്യ എക്സപ്രസ് വിമാനത്തിന്റെ ടയറുകള്‍ പൊട്ടി; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
കൊച്ചി നെടുമ്പാശ്ശേരിയില്‍ അടിയന്തര ലാന്‍ഡിങ്ങിനിടെ എയര്‍ ഇന്ത്യ എക്സപ്രസ് വിമാനത്തിന്റെ ടയറുകള്‍ പൊട്ടി. തലനാരിഴയ്ക്കാണ് വലിയ ദുരന്തം ഒഴിവായത്. ലാന്‍ഡിങ് ഗിയറിലെ തകരാറിനെ തുടര്‍ന്നാണ് വിമാനം അടിയന്തരമായി ഇറക്കിയത്. വിമാനത്തില്‍ 160 യാത്രക്കാരാണ് ഉണ്ടായിരുന്നത്. എല്ലാവരും സുരക്ഷിതരാണ്.
ജിദ്ദയില്‍ നിന്ന് കരിപ്പൂരില്‍ ഇറങ്ങേണ്ട എയര്‍ ഇന്ത്യ എക്സപ്രസ് വിമാനമാണ് നെടുമ്പാശ്ശേരിയില്‍ ഇറക്കിയത്. യാത്രക്കാര്‍ സുരക്ഷിതരാണെന്ന് സിയാല്‍ അറിയിച്ചു. ജിദ്ദയില്‍ നിന്ന് കരിപ്പൂരിലേക്ക് രാവിലെ എത്തേണ്ട വിമാനമായിരുന്നു ഇത്. യാത്രമധ്യേ വിമാനത്തിന് സാങ്കേതിക തകരാറുകള്‍ സംഭവിച്ചതിനെ തുടര്‍ന്ന് അടിയന്തര ലാന്‍ഡിങ് വേണമെന്ന് പൈലറ്റ് ആവശ്യപ്പെടുകയായിരുന്നു.
ലാന്‍ഡിങ് ഗിയറിന് തകരാര്‍ സംഭവിച്ചതായും വിമാനത്തിന്റെ രണ്ട് ടയറുകളും പൊട്ടിയതായാണ് വിവരങ്ങള്‍. വിമാനത്തിന്റെ ലാന്‍ഡിങ്ങിനായി കൊച്ചി വിമാനത്താവളം സജ്ജമായിരുന്നു. എയര്‍ ഇന്ത്യ വിമാനത്തിനുണ്ടായത് ഗുരുതരമായ സാങ്കേതിക പിഴവെന്നാണ് വിവരങ്ങള്‍.വിമാനം ജിദ്ദയില്‍ നിന്ന് പുറപ്പെട്ടത് ഇന്ന് പുലര്‍ച്ചെ 1.15നാണ്. വിമാനം ജിദ്ദയില്‍ നിന്ന് ടേക്ക് ഓഫ് ചെയ്യുമ്പോള്‍ തന്നെ ടയറുകളിലൊന്ന് പൊട്ടിയതായാണ് സംശയം.
ടേക്ക് ഓഫ് സമയത്ത് വലിയ ശബ്ദവും വിമാനത്തിനുള്ളില്‍ വലിയ കുലുക്കവും അനുഭവപ്പെട്ടിരുന്നതായി യാത്രക്കാര്‍ പറയുന്നു. എന്നാല്‍, കൊച്ചിയിലെത്തിയപ്പോഴാണ് സാങ്കേതിക തകരാര്‍ ഉണ്ടായ കാര്യം യാത്രക്കാരെ അറിയിച്ചത്. കോഴിക്കോട്ടേക്ക് റോഡ് മാര്‍ഗ്ഗം പോകണമെന്ന് യാത്രക്കാര്‍ക്ക് എയര്‍ ഇന്ത്യ നിര്‍ദേശം നല്‍കിയിരിക്കുന്നത്.