പെന്‍ഷന്‍ പ്രായത്തില്‍ വലിയ മാറ്റത്തിന് സര്‍ക്കാര്‍; വിരമിക്കല്‍ പ്രായം 67 മാറും
യുകെയില്‍ വിരമിക്കല്‍ പ്രായമായ 67-ല്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. ശരാശരി ആയുസ്സ്, ജോലി ശീലങ്ങള്‍, രാജ്യത്തിന്റെ സാമ്പത്തിക നില തുടങ്ങിയ കാര്യങ്ങള്‍ വിലയിരുത്തിയ ശേഷമാണ് ഈ നീക്കം. ദീര്‍ഘകാലമായി സ്ഥിരമെന്ന് കരുതിയിരുന്ന 67 എന്ന പരിധി ഇനി തുടരാന്‍ കഴിയില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍.
പുതിയ സംവിധാന പ്രകാരം പെന്‍ഷന്‍ പ്രായം ജനങ്ങളുടെ ആയുസ്സിനും തൊഴില്‍ രീതികള്‍ക്കും അനുസരിച്ച് കൂടുതല്‍ ഇളവുള്ളതാകും. പ്രത്യേകിച്ച് 1970 ഏപ്രിലിന് ശേഷം ജനിച്ചവര്‍ക്ക് വിരമിക്കല്‍ കൂടുതല്‍ വൈകുമെന്ന് സര്‍ക്കാര്‍ സൂചിപ്പിച്ചു. ചിലര്‍ക്കു പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തില്‍ പെന്‍ഷന്‍ പ്രായം 68 ആയി ഉയരാനും സാധ്യതയുണ്ട്.
മുന്‍പ് ആളുകള്‍ കുറച്ച് കാലം മാത്രമേ ജീവിച്ചിരുന്നുള്ളൂ, വിരമിച്ച ശേഷം കുറച്ചുകാലം മാത്രമേ പെന്‍ഷന്‍ ലഭിച്ചിരുന്നുള്ളൂ. എന്നാല്‍ ഇപ്പോള്‍ ആയുസ്സ് കൂടിയതോടെ കൂടുതല്‍ പേര്‍ക്ക് ദീര്‍ഘകാലം ജോലി ചെയ്യാന്‍ സാധിക്കുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തുന്നത്. പെന്‍ഷന്‍ പ്രായം 67 ല്‍ നിലനിര്‍ത്തുന്നത് മൂലം കൂടുതല്‍ കാലം പെന്‍ഷന്‍ നല്‍കേണ്ടി വരുന്നതു മൂലം സര്‍ക്കാര്‍ ചെലവും വര്‍ധിച്ചു . ഈ സാഹചര്യത്തിലാണ് വിരമിക്കല്‍ പ്രായം വീണ്ടും കൂട്ടുന്നതിനെ കുറിച്ച് ആലോചിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാകുന്നത്.