ശബരിമല സ്വര്‍ണക്കൊള്ള: സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരിയും ഗോവര്‍ധനും അറസ്റ്റില്‍
പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ നിര്‍ണായക നടപടിയുമായി പ്രത്യേക അന്വേഷണ സംഘം(എസ്‌ഐടി). സ്മാര്‍ട്ട് ക്രിയേഷന്‍ സിഇഒ പങ്കജ് ഭണ്ഡാരിയെയും ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവര്‍ധനെയും എസ്‌ഐടി അറസ്റ്റ് ചെയ്തു. ഇരുവരുടെയും പങ്ക് തെളിഞ്ഞതോടെയാണ് അറസ്റ്റ്. ശബരിമലയിലെ സ്വര്‍ണം ഉണ്ണികൃഷ്ണന്‍ പോറ്റി കൈമാറിയത് സ്മാര്‍ട്ട് ക്രിയേഷന്‍സിനായിരുന്നു. ശില്‍പത്തില്‍ നിന്ന് സ്വര്‍ണം വേര്‍തിരിച്ചത് പങ്കജ് ഭണ്ഡാരിയുടെ കമ്പനിയാണ്.
സ്വര്‍ണക്കൊള്ളയില്‍ ഇരുവര്‍ക്കും കൃത്യമായ പങ്കുണ്ടെന്ന് തെളിവുകളോടെ എസ്‌ഐടിക്ക് ബോധ്യമായതിന് പിന്നാലെയാണ് അറസ്റ്റ്. സ്വര്‍ണപ്പാളികള്‍ വേര്‍തിരിച്ചെടുക്കുന്നതിന് പങ്കജ് ഭണ്ഡാരി എല്ലാ വിധ പിന്തുണ നല്‍കിയതിനും തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ഗോവര്‍ധനാണ് ഈ സ്വര്‍ണം സൂക്ഷിച്ചത്. ശബരിമലയിലെ സ്വര്‍ണമാണ് ഇതെന്ന ബോധ്യത്തോടെയാണ് ഗോവര്‍ധന്‍ സ്വര്‍ണം സൂക്ഷിച്ചതെന്ന തെളിവുകളും എസ്‌ഐടിക്ക് ലഭിക്കുകയായിരുന്നു.
അതിനിടെ, ശബരിമല സ്വര്‍ണക്കൊള്ള സംരക്ഷകര്‍ തന്നെ വിനാശകരായി മാറിയ അപൂര്‍വമായ കുറ്റകൃത്യമാണെന്ന് ഹൈക്കോടതി പറഞ്ഞു. കേസിലെ പ്രതികളുടെ ജാമ്യ ഹര്‍ജി തള്ളികൊണ്ടുള്ള ഹൈക്കോടതി ഉത്തരവിലാണ് ഗുരുതര പരാമര്‍ശങ്ങളുള്ളത്. കോടതി എസ്ഐടിക്കെതിരെയും രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. കേസ് അന്വേഷണത്തില്‍ അലംഭാവം കാണിക്കരുതെന്ന് കോടതി മുന്നറിയിപ്പ് നല്‍കി. അന്വേഷണ സംഘം ചില പ്രധാന പ്രതികളെ അറസ്റ്റ് ചെയ്യുന്നതില്‍ കാണിക്കുന്ന കാലതാമസത്തിലും അലംഭാവത്തിലും അതൃപ്തി രേഖപ്പെടുത്തികൊണ്ടാണ് കോടതിയുടെ മുന്നറിയിപ്പ്.
അന്വേഷണം ഉന്നതരിലേക്ക് നീങ്ങണമെന്നും കോടതി നിര്‍ദേശിച്ചു. ദേവസ്വം ബോര്‍ഡ് അംഗങ്ങളായ ശങ്കര്‍ദാസ്, വിജയകുമാര്‍ എന്നിവരെ പ്രതിചേര്‍ക്കാത്തത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു. ദേവസ്വം സ്വത്തുക്കള്‍ സംരക്ഷിക്കാന്‍ ബാധ്യസ്ഥരായവര്‍ തന്നെ അത് നശിപ്പിക്കാന്‍ കൂട്ടു നിന്നുവെന്നും സംരക്ഷകര്‍ തന്നെ വിനാശകരായി മാറുകയാണെന്നും കോടതി നിരീക്ഷിച്ചു. ശബരിമല സ്വര്‍ണക്കവര്‍ച്ച കേസുകളിലെ പ്രതികളായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍ വാസു, മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു , ദേവസ്വം ബോര്‍ഡ് മുന്‍ കമ്മീഷണര്‍ കെ എസ് ബൈജു എന്നിവരുടെ ജാമ്യാപേക്ഷ തള്ളികൊണ്ടുള്ള ഹൈക്കോടതി ഉത്തരവാണ് പുറത്തുവന്നത്.