ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായ ഗോവര്‍ധനന്റെ മൊഴി പുറത്ത്. പണം കൊടുത്താണ് സ്വര്‍ണം വാങ്ങിയതെന്ന് ഗോവര്‍ധന്‍ പറഞ്ഞു. ഇതിനായി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കോടികള്‍ കൈമാറിയെന്നും അറസ്റ്റിലായ ഗോവര്‍ധന്‍ മൊഴിനല്‍കിയിട്ടുണ്ട്. ഇന്നലെയാണ് പങ്കജ് ഭണ്ടാരി ഗോവര്‍ധന്‍ എന്നിവരെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യുന്നത്.
സ്വര്‍ണം വാങ്ങാന്‍ ഡെപ്പോസിറ്റ് ആയി ഒന്നരക്കോടി നല്‍കിയെന്നും ഗോവര്‍ധന്‍ പറഞ്ഞു. പണം നല്‍കിയതിന്റെ തെളിവുകളും എസ്‌ഐടിക്ക് മുമ്പില്‍ ഗോവര്‍ധന്‍ ഹാജരാക്കി. അതേസമയം റിമാന്‍ഡിലുള്ള പങ്കജ് ഭണ്ടാരി ഗോവര്‍ധന്‍ എന്നിവരെ ഉടന്‍ കസ്റ്റഡിയില്‍ വാങ്ങും. ശബരിമലയില്‍ നിന്നും ഉണ്ണികൃഷ്ണന്‍ പോറ്റി കൊണ്ട് പോയ സ്വര്‍ണ്ണപ്പാളി വേര്‍തിരിച്ചത് പങ്കജ് ഭണ്ഡാരിയുടെ ഉടമസ്ഥതയിലുള്ള ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സിലാണെന്നാണ് എസ്ഐടി വിലയിരുത്തല്‍.
ഉണ്ണികൃഷ്ണന്‍ പോറ്റിയും ഭണ്ഡാരിയും തമ്മില്‍ അടുത്ത ബന്ധമാണെന്നാണ് വിവരം. വേര്‍തിരിച്ച സ്വര്‍ണം കല്‍പ്പേഷ് എന്ന ഇടനിലക്കാരന്‍ വഴി ഗോവര്‍ധനന് കൊടുത്തു എന്നും എസ്ഐടി കണ്ടെത്തിയിരുന്നു. ബെല്ലാരിയില്‍ നടന്ന തെളിവെടുപ്പില്‍ 800 ഗ്രാമിലധികം സ്വര്‍ണം ഗോവര്‍ധന്റെ ജ്വല്ലറിയില്‍ നിന്നും അന്വേഷണ സംഘം കണ്ടെത്തി. ഇതിനു പിന്നാലെ വീണ്ടും നടത്തിയ ചോദ്യം ചെയ്യലിലെ പൊരുത്തക്കേടുകളുടെ അടിസ്ഥാനത്തിലാണ് ഇരുവരെയും എസ്ഐടി അറസ്റ്റ് ചെയ്തത്.
ശുദ്ധമായ തകിടില്‍ മാത്രമേ സ്വര്‍ണ്ണം പൂശല്‍ പോലുള്ള ജോലികള്‍ ചെയ്യുകയുള്ളൂ എന്ന പങ്കജ് ഭണ്ടാരിയുടെ ആദ്യ മൊഴികളാണ് സംശയത്തിലേക്ക് വഴി വെച്ചത്. ദേവസ്വം വിജിലന്‍സിന് നല്‍കിയ മൊഴിയിലും ഇതേ കാര്യം തന്നെയാണ് പറഞ്ഞത്. കൂടാതെ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ നടത്തിയ പരിശോധനയില്‍ രേഖകളിലും സംശയം ഉണ്ടായിരുന്നു.