ഡ്രോണ്‍ ഉപയോഗിച്ച് വീട്ടിലെ ദൃശ്യങ്ങള്‍ പകര്‍ത്തി; സ്വകാര്യത ലംഘിച്ചു, ചാനലുകള്‍ക്കെതിരെ പരാതിയുമായി ദിലീപിന്റെ സഹോദരി
നടന്‍ ദിലീപിന്റെ വീട്ടില്‍ ഡ്രോണ്‍ ഉപയോഗിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവത്തില്‍ പ്രമുഖ വാര്‍ത്താചാനലുകള്‍ക്കും മാദ്ധ്യമപ്രവര്‍ത്തകര്‍ക്കുമെതിരെ പൊലീസില്‍ പരാതി. ദിലീപിന്റെ സഹോദരി എസ് ജയലക്ഷ്മി സുരാജ് ആണ് പരാതിക്കാരി. ആലുവ സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ റിപ്പോര്‍ട്ടര്‍, ഏഷ്യാനെറ്റ് ന്യൂസ് എന്നീ ചാനലുകള്‍ക്കുമെതിരെയും മേധാവികള്‍ക്കുമെതിരെയുമാണ് ജയലക്ഷ്മി ആലുവ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്ക് പരാതി നല്‍കിയത്. കുട്ടികളും സ്ത്രീകളും ഉള്‍പ്പടെയുള്ളവരുടെ സ്വകാര്യത ലംഘിച്ചുവെന്ന് കാണിച്ചാണ് പരാതി.
ഡിസംബര്‍ എട്ടിനാണ് പരാതിക്ക് ആസ്പദമായ സംഭവം. നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിപട്ടികയിലുണ്ടായിരുന്ന ദിലീപ് കോടതിയിലേക്ക് പോകുന്നതും കോടതി വെറുതെ വിട്ട ശേഷം വീട്ടില്‍ തിരിച്ചെത്തി കുടുംബാംഗങ്ങളുമായി സന്തോഷം പങ്കുവയ്ക്കുന്നതും ഡ്രോണുകള്‍ ഉപയോഗിച്ച് ചിത്രീകരിച്ചിരുന്നു. ദിലീപിന്റെ ഭാര്യ കാവ്യ മാധവന്‍, മകള്‍ മഹാലക്ഷ്മി, സഹോദരി ജയലക്ഷ്മിയുപ്പടെയുള്ള കുടുംബാംഗങ്ങള്‍ അദ്ദേഹത്തെ സ്വീകരിക്കാന്‍ വീടിന് പുറത്തുണ്ടായിരുന്നു. ഈ ദൃശ്യങ്ങളാണ് മാധ്യമങ്ങള്‍ ഡ്രോണുപയോഗിച്ച് ചിത്രീകരിച്ച് സംപ്രേക്ഷണം ചെയ്തത്.
വീട്ടിലെ അംഗങ്ങളുടെ സമ്മതമോ അനുമതിയോ കൂടാതെയാണ് ഡ്രോണ്‍ പ്രവര്‍ത്തിപ്പിച്ചതെന്നും കുടുംബത്തിന്റെ സ്വകാര്യത ലംഘിച്ചുവെന്നും വ്യക്തികളുടെ സ്വകാര്യമായ താമസസ്ഥലത്തിന് മുകളിലൂടെ ഡ്രോണ്‍ നിരീക്ഷണം നടത്താന്‍ മാധ്യമസ്ഥാപനങ്ങള്‍ക്ക് അധികാരമില്ലെന്നും ജയലക്ഷ്മിയുടെ പരാതിയില്‍ പറയുന്നു. ഡിസംബര്‍ എട്ടിനാണ് നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് കുറ്റമുക്തനാക്കപ്പെടുന്നത്. അന്ന് രാവിലെ മുതല്‍ മാധ്യമങ്ങള്‍ ദിലീപിന്റെ വീടിനു മുന്നിലുണ്ടായിരുന്നു.