യുകെയില്‍ കനത്ത മഞ്ഞുവീഴ്ച ഒരാഴ്ച കൂടി: സ്കൂളുകള്‍ അടച്ചു, വിമാന സര്‍വീസുകള്‍ പലതും റദ്ദാക്കി
യുകെയില്‍ അതിശക്തമായ തോതില്‍ മഞ്ഞുവീഴ്ച തുടരുമെന്ന് മെറ്റ് ഓഫീസ്. കൂടാതെ വീക്കെന്‍ഡില്‍ യുകെയുടെ പല ഭാഗങ്ങളും മഞ്ഞുവീഴ്ചയെ തുടര്‍ന്ന് ഒറ്റപ്പെടുന്ന സാഹചര്യം നേരിടുമെന്നും മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കുന്നു. ഒരാഴ്ച കൂടി മഞ്ഞുവീഴ്ച തുടരുമെന്നാണ് മെറ്റ് ഓഫീസിന്റെ മുന്നറിയിപ്പ്.
വെയില്‍സിലും വടക്കന്‍ സ്‌കോട്‌ലന്‍ഡിലും വിമാന സര്‍വീസുകള്‍ പ്രതിസന്ധിയിലായി. നെതര്‍ലന്‍ഡിലേക്ക് പോകുന്ന യാത്രക്കാരോട് യൂറോ സ്റ്റാറും യാത്ര ഒഴിവാക്കാന്‍ നിര്‍ദ്ദേശിച്ചു. പല റൂട്ടുകളിലും ട്രെയ്ന്‍ ഗതാഗതം താറുമാറായി.മഞ്ഞുവീഴ്ചയ്ക്ക് പുറമേ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.
യുകെ ആരോഗ്യ സുരക്ഷാ ഏജന്‍സി ഇംഗ്ലണ്ടില്‍ മുഴുവനായി ആംബര്‍ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ആരോഗ്യ പ്രശ്‌നങ്ങളുള്ളവരും പ്രായമായവരും ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദ്ദേശം. മഞ്ഞുവീഴ്ചയെ തുടര്‍ന്ന് നൂറുകണക്കിന് സ്കൂളുകള്‍ അടച്ചിടുകയും ഗതാഗതം വ്യാപകമായി തടസ്സപ്പെടുകയും ചെയ്തു. ശക്തമായ ഹിമപാതവും താപനില കുത്തനെ താഴ്ന്നതുമാണ് പ്രതിസന്ധിക്ക് കാരണം. ജനുവരി 4 മുതലാണ് പല പ്രദേശങ്ങളിലും സാഹചര്യം രൂക്ഷമായത്.
ട്രെയിന്‍ സര്‍വീസുകളും വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്. പ്രത്യേകിച്ച് വടക്കന്‍ സ്കോട്ട് ലന്‍ഡിലെ ചില പ്രദേശങ്ങളില്‍ റോഡ് ഗതാഗതം പൂര്‍ണമായും നിലച്ച അവസ്ഥയാണ്. മഞ്ഞുകെട്ടിയ റോഡുകളും ദൃശ്യമാനം കുറഞ്ഞതും യാത്രക്കാരെ ഗുരുതരമായി ബാധിച്ചു.
വടക്കന്‍ ഇംഗ്ലണ്ടിലെ നോര്‍ത്ത് അംബര്‍ലന്‍ഡ് ഉള്‍പ്പെടെയുള്ള മേഖലകളില്‍ കനത്ത മഞ്ഞുവീഴ്ച തുടരുകയാണ്. അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും കാലാവസ്ഥാ മുന്നറിയിപ്പുകള്‍ കര്‍ശനമായി പാലിക്കണമെന്നും അധികൃതര്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. അടുത്ത ദിവസങ്ങളിലും തണുപ്പും ഹിമപാതവും തുടരുമെന്നതിനാല്‍ ജാഗ്രത തുടരണമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയാണ് ഇംഗ്ലണ്ടും, വെയില്‍സും ശനിയാഴ്ച അനുഭവിച്ചത്. ഓക്‌സ്‌ഫോര്‍ഡ്ഷയറിലെ ബെന്‍സണില്‍ താപനില -9.3 സെല്‍ഷ്യസ് വരെ താഴ്ന്നപ്പോള്‍, പോവിസിലെ സെന്നിബ്രിഡ്ജില്‍ -7.3 സെല്‍ഷ്യസും രേഖപ്പെടുത്തി. ശക്തമായ മഞ്ഞ് വീഴുന്നതിനാല്‍ റെയില്‍, വ്യോമ ഗതാഗതം ബാധിക്കപ്പെടുമെന്നാണ് സൂചന. പവര്‍കട്ടിനും സാധ്യതയുണ്ട്. നോര്‍ത്ത് സ്‌കോട്ട്‌ലണ്ടിലെ പല റോഡുകളിലും യാത്ര അസാധ്യമായി മാറിയിട്ടുണ്ട്.