വെനസ്വേലയിലെ യുഎസ് സൈനിക നടപടിയില്‍ പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ അമേരിക്കയോട് മയപ്പെടുത്തി പ്രതികരിച്ചപ്പോള്‍ വെനസ്വേല നടപടിയ്‌ക്കെതിരെ കടുത്ത വിമര്‍ശനവുമായി വിദേശകാര്യമന്ത്രി യുവെറ്റ് കൂപ്പര്‍.
അന്താരാഷ്ട്ര നിയമങ്ങള്‍ പാലിക്കേണ്ട ബാധ്യത അമേരിക്കയ്ക്കുള്ളതായി യുഎസ് വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോയെ അറിയിച്ചതായി യെവെറ്റ് കൂപ്പര്‍ പാര്‍ലമെന്റില്‍ അറിയിച്ചു. വെനസ്വേലയില്‍ നടന്ന അമേരിക്കന്‍ സൈനിക നടപടികളുടെ പശ്ചാത്തലത്തിലാണ് കൂപ്പറിന്റെ പരാമര്‍ശം. അന്താരാഷ്ട്ര നിയമങ്ങള്‍ മാനിക്കേണ്ടതിന്റെ ആവശ്യകത ബ്രിട്ടന്‍ ചൂണ്ടിക്കാട്ടി.
ഈ ആഴ്ച യുഎസ് പ്രസിഡന്റ് ട്രംപിന്റെ നിര്‍ദ്ദേശപ്രകാരം നടത്തിയ സൈനിക ഓപ്പറേഷനില്‍ വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോ പിടിയിലായതോടെ കടുത്ത വിമര്‍ശനമാണ് യുഎസിനെതിരെ ഉയരുന്നത്.
അന്താരാഷ്ട്ര നിയമങ്ങള്‍ അമേരിക്ക ലംഘിക്കുന്നുവെന്ന വിമര്‍ശനം ശക്തമാണ്. ഹൗസ് ഓഫ് കോമണ്‍സില്‍ നടത്തിയ കൂപ്പറിന്റെ പ്രതികരണം പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറിനേക്കാള്‍ ശക്തമെന്നാണ് വിലയിരുത്തല്‍. ബ്രിട്ടന്റെ പ്രതികരണം കൂടുതലും വെനസ്വേല ജനാധിപത്യ രാജ്യമാകണമെന്ന രീതിയിലാണ്. വെനസ്വേലയുടെ ഭരണ രീതിയെ കീര്‍ സ്റ്റാര്‍മര്‍ വിമര്‍ശിക്കുകയും ചെയ്തിരുന്നു.
വെനസ്വേലയില്‍ നടത്തിയ കടന്നുകയറ്റം മഡുറോയുടെ സ്വേച്ഛാധിപത്യം അവസാനിപ്പിക്കാനും, യുഎസിലേക്ക് മയക്കുമരുന്ന് തടയാനുമൊക്കെയാണെന്ന് വാദം ഉന്നയിക്കുമ്പോഴും ആ രാജ്യത്തെ പെട്രോളിയത്തില്‍ കണ്ണുവെച്ചുള്ള നീക്കമാണെന്ന് ഇതിനകം സംശയം ഉയര്‍ന്നിട്ടുണ്ട്. ഗ്രീന്‍ലാന്‍ഡിലെ ധാതുക്കള്‍ താന്‍ അടുത്ത ലക്ഷ്യമാക്കുമെന്ന് യുഎസ് പ്രസിഡന്റ് സൂചനയും നല്‍കിയിട്ടുണ്ട്.
എന്നാല്‍ നിക്കോളാസ് മഡുറോയെ പിടികൂടിയ യുഎസ് സൈനിക നടപടിയെ അപലിപ്പിക്കാന്‍ തയ്യാറാകാത്തത് പ്രധാനമന്ത്രി സ്റ്റാര്‍മറെ ലേബര്‍ പാര്‍ട്ടിയുടെ വിമര്‍ശനത്തിന് ഇരയാക്കുകയാണ്. മഡുറോയുടെ ഡെപ്യൂട്ടി നയിക്കുന്ന വെനസ്വേലന്‍ നേതൃത്വത്തെ തങ്ങള്‍ അംഗീകരിക്കുന്നില്ലെന്ന് യുവെറ്റ് കൂപ്പര്‍ പറഞ്ഞു.