കൊച്ചി: മുന്‍ മന്ത്രിയും മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമായ വി കെ ഇബ്രാഹിംകുഞ്ഞ് (73) അന്തരിച്ചു. അര്‍ബുദബാധയെ തുടര്‍ന്ന് എറണാകുളം ലേക് ഷോര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഹൃദയത്തിന്റെയും കിഡ്‌നിയുടെയും പ്രവര്‍ത്തനം തകരാറില്‍ ആയിരുന്നു.
രണ്ട് തവണ മന്ത്രിയും നാല് തവണ എംഎല്‍എയുമായിരുന്നു. വ്യവസായം, പൊതുമരാമത്ത്, സാമൂഹ്യക്ഷേമം വകുപ്പുകളുടെ ചുമതല വഹിച്ചിട്ടുണ്ട്. മുസ്‌ലിം ലീഗിന്റെ തെക്കന്‍ കേരളത്തിലെ മുഖമായിരുന്ന ഇബ്രാഹിം കുഞ്ഞ് ട്രേഡ് യൂണിയന്‍ രംഗത്തും തിളങ്ങി. മുസ്ലിം ലീഗിന്റെ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളായ എംഎസ്എഫ്, യൂത്ത് ലീഗ് എന്നിവയിലൂടെയായിരുന്നു രാഷ്ട്രീയ പ്രവേശനം. 2001, 2006 തെരഞ്ഞെടുപ്പുകളില്‍ മട്ടാഞ്ചേരിയില്‍ നിന്നും 2011, 2016 തെരഞ്ഞെടുപ്പുകളില്‍ കളമശ്ശേരിയില്‍ നിന്നും നിയമസഭയിലെത്തി. 2005 ജനുവരി മുതല്‍ 2006 മെയ് വരെ വ്യവസായ, സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രിയായി. ഐസ്‌ക്രീം കേസില്‍ പി കെ കുഞ്ഞാലിക്കുട്ടി രാജിവെച്ചതിനെ തുടര്‍ന്നാണ് 2005ല്‍ ഇബ്രാഹിം കുഞ്ഞ് വ്യവസായ വകുപ്പ് മന്ത്രി സ്ഥാനത്തേക്ക് വരുന്നത്. 2011 മുതല്‍ 2016 വരെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്നു.
മുസ്‌ലിം ലീഗ് എറണാകുളം ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, ജനറല്‍ സെക്രട്ടറി സ്ഥാനങ്ങള്‍ വഹിച്ചു. എസ്ടിയു സംസ്ഥാന വൈസ് പ്രസിഡന്റ്, കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് ചെയര്‍മാന്‍, കുസാറ്റ് സിന്‍ഡിക്കേറ്റ് മെമ്പര്‍ എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.
പാലാരിവട്ടം പാലം അഴിമതിക്കേസില്‍ വി കെ ഇബ്രാഹിം കുഞ്ഞിനെ 2020 നവംബറില്‍ വിജിലന്‍സ് അറസ്റ്റ് ചെയ്തിരുന്നു. 2021 ജനുവരിയില്‍ ആരോഗ്യനില പരിഗണിച്ച് ഹൈക്കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
വി യു ഖാദറിന്റെയും ചിത്തുമ്മയുടെയും മകനായി 1952 മെയ് 20ന് ആലുവയിലാണ് ജനനം. ഭാര്യ നദീറ. മക്കള്‍ അഡ്വ. വി ഇ അബ്ദുള്‍ ഗഫൂര്‍, വി ഇ അബ്ബാസ്, വി ഇ അനൂപ്.