യുകെയില്‍ കഴിഞ്ഞ വര്‍ഷം 300-ലധികം ഭൂചലനങ്ങള്‍ രേഖപ്പെടുത്തിയതായി ബ്രിട്ടീഷ് ജിയോളജിക്കല്‍ സര്‍വേ (BGS) പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കി. ഡിസംബര്‍ 18 വരെ രാജ്യത്താകമാനം 309 ഭൂചലനങ്ങളാണ് രേഖപ്പെടുത്തിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ശരാശരി കണക്കിലെടുക്കുമ്പോള്‍, 2025-ല്‍ യുകെയില്‍ ഏകദേശം ദിവസേന ഒരിക്കല്‍ എന്ന നിലയിലാണ് ഭൂചലനങ്ങള്‍ അനുഭവപ്പെട്ടതെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. ആളുകള്‍ അറിയുന്നില്ലെന്നു മാത്രം.
ഈ വര്‍ഷം രേഖപ്പെടുത്തിയ ഏറ്റവും ശക്തമായ രണ്ട് ഭൂചലനങ്ങള്‍ സ്കോട്ട് ലന്‍ഡിലെ പെര്‍ത്ത് ആന്‍ഡ് കിന്‍റോസ് മേഖലയിലെ ലോക്ക് ലയണിന് സമീപമാണ് ഉണ്ടായത്. ഒക്ടോബര്‍ 20 -ന് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ഉണ്ടായ ഭൂചലനങ്ങളില്‍ ഒന്നിന് 3.7 തീവ്രതയും തുടര്‍ന്ന് ഉണ്ടായ മറ്റൊന്നിന് 3.6 തീവ്രതയും രേഖപ്പെടുത്തി. ഈ ഭൂചലനത്തെ തുടര്‍ന്ന് പെര്‍ത്ത്‌ഷയറിലെ നിരവധി പ്രദേശങ്ങളില്‍ ജനങ്ങള്‍ക്ക് ഭൂകമ്പത്തിന്റെ നടുക്കം വ്യക്തമായി അനുഭവപ്പെട്ടതായുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തു വന്നിരുന്നു.
ആകെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍, സ്കോട്ട് ലന്‍ഡിലെ പെര്‍ത്ത്‌ഷയറും വെസ്റ്റേണ്‍ ഹൈലാന്‍ഡ്സും, വെയില്‍സിന്റെ തെക്കന്‍ ഭാഗങ്ങളും, ഇംഗ്ലണ്ടിലെ യോര്‍ക്‌ഷയര്‍, ലങ്കാഷെയര്‍ മേഖലകളും ആണ് ഏറ്റവും കൂടുതല്‍ ഭൂചലനങ്ങള്‍ രേഖപ്പെടുത്തിയ പ്രദേശങ്ങള്‍. യുകെയില്‍ സാധാരണയായി ചെറുതായ ഭൂചലനങ്ങളാണ് ഉണ്ടാകുന്നതെങ്കിലും, ഇത്തരം സംഭവങ്ങള്‍ ജനങ്ങളില്‍ ആശങ്ക ഉയര്‍ത്തുന്നുണ്ടെന്നും ഭൂകമ്പ നിരീക്ഷണം തുടര്‍ന്നും ശക്തമായി തുടരുമെന്നും അധികൃതര്‍ വ്യക്തമാക്കി.