കേന്ദ്രത്തെ തെറ്റിദ്ധരിപ്പിച്ച് പണം പിരിച്ചു; വിഡി സതീശന്റെ യുകെ യാത്രയില്‍ വിജിലന്‍സ്
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ യുകെ യാത്രയില്‍ ഗുരുതരമായ ക്രമക്കേടുകള്‍ ആരോപിച്ചു വിജിലന്‍സ്. സ്വകാര്യ സന്ദര്‍ശനത്തിനെന്ന് പറഞ്ഞ് കേന്ദ്രത്തെ തെറ്റിദ്ധരിപ്പിച്ച് അനുമതി വാങ്ങിയ ശേഷം വിദേശത്ത് പണപ്പിരിവ് നടത്തി എന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തില്‍ സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് വിജിലന്‍സ് ശുപാര്‍ശ ചെയ്തു.
വി ഡി സതീശന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി ദുരുപയോഗം ചെയ്‌തെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍. സ്വകാര്യ സന്ദര്‍ശനത്തിനാണ് ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കിയത്. എന്നാല്‍ ഈ സന്ദര്‍ശനത്തില്‍ പണം പിരിച്ചത് ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നാണ് വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട്.
സുഹൃത്തുക്കളെ കാണാനും ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനുമായിരുന്നു പ്രതിപക്ഷ നേതാവ് അപേക്ഷ നല്‍കിയത്. സ്വകാര്യ സന്ദര്‍ശനത്തിനാണ് നിയമസഭാ സെക്രട്ടറിയേറ്റും അനുമതി നല്‍കിയത്. എന്നാല്‍ ഇതിനിടെ വി ഡി സതീശന്‍ പണം പിരിക്കുകയായിരുന്നുവെന്നാണ് വിജിലന്‍സ് വാദം. പുനര്‍ജനിക്ക് വേണ്ടി പണം ആവശ്യപ്പെട്ട് കൊണ്ട് വി ഡി സതീശന്‍ നടത്തിയ പ്രസംഗമാണ് ഇതിന് തെളിവായി വിജിലന്‍സ് ഹാജരാക്കിയത്.
വി ഡി സതീശന്‍ അനുമതി ദുരുപയോഗം ചെയ്ത് പണം പിരിക്കുകയും മണപ്പാട് ഫൗണ്ടേഷന്റെ അക്കൗണ്ടില്‍ പണമെത്തിയതായും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. നിയമസഭാ സ്പീക്കറോട് നടപടി സ്വീകരിക്കണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്.
പണം പിരിക്കുന്ന കാര്യം എന്തിന് മറച്ചുവെച്ചെന്നും ഇത് കണ്ടെത്താന്‍ സിബിഐക്ക് മാത്രമേ സാധിക്കുകയുള്ളുവെന്നും വിജിലന്‍സ് സൂചിപ്പിക്കുന്നു. മണപ്പാട് ഫൗണ്ടേഷന്റെ പ്രത്യേക അക്കൗണ്ടിലേക്ക് പല രാജ്യങ്ങളില്‍ നിന്നും പണമെത്തിയെന്നും എന്നാല്‍ പണത്തിന്റെ കണക്കും രേഖകളും തമ്മില്‍ ക്രമക്കേടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.