താഴിനാട് മുഖ്യമന്ത്രിപദം ലക്ഷ്യമിട്ടു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചു മത്സരിക്കാനിറങ്ങുന്ന, ദളപതി വിജയ് നായകനായ അവസാനചിത്രം 'ജനനായകന്‍' ആദ്യ റിലീസ് യുകെയില്‍. ഇന്ത്യയിലെ റിലീസ് അനിശ്ചിതത്തിളായ സാഹചര്യത്തിലാണ് യുകെയില്‍ വിജയിയുടെ 'ജനനായകന്‍'ന് സെന്‍സര്‍ അനുമതി കിട്ടിയിരിക്കുന്നത്.
ബ്രിട്ടീഷ് ബോര്‍ഡ് ഓഫ് ഫിലിം ക്ലാസിഫിക്കേഷന്‍ (BBFC) ചിത്രം 15 റേറ്റിംഗോടെയാണ് അംഗീകരിച്ചത്. മോശമായ ഭാഷ, അക്രമദൃശ്യങ്ങള്‍, ലൈംഗിക ഉള്ളടക്കം, മയക്കുമരുന്ന് ഉപയോഗം തുടങ്ങിയ ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ് റേറ്റിംഗ് നല്‍കുന്നത്. ഇന്ത്യന്‍ ചിത്രങ്ങള്‍ സാധാരണയായി ആദ്യം CBFC സര്‍ട്ടിഫിക്കറ്റ് നേടാറുള്ളതിനാല്‍, ഇന്ത്യയ്ക്ക് മുന്‍പ് വിദേശത്ത് അനുമതി ലഭിച്ചതാണ് വാര്‍ത്തയായത്.
ഇന്ത്യയില്‍ കേന്ദ്ര സെന്‍സര്‍ ബോര്‍ഡിന്റെ (CBFC) അംഗീകാരം വൈകുന്നതോടെ ജനുവരി 9 ന് നിശ്ചയിച്ചിരുന്ന റിലീസ് അനിശ്ചിതത്വത്തിലായി. നിര്‍ദേശിച്ച സംഭാഷണ മാറ്റങ്ങള്‍ നടപ്പാക്കിയ ശേഷവും ചില ഡയലോഗുകള്‍ മതവികാരങ്ങളെ വ്രണപ്പെടുത്താമെന്ന ആശങ്ക നിലനില്‍ക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. വിജയിയുടെ ചിത്രം അവസാന നിമിഷം വരെ അനുമതിക്കായി കാത്തിരിക്കേണ്ടി വന്നതും സിനിമാ മേഖലയിലും ആരാധകരിലും വലിയ ചര്‍ച്ചയാകുകയാണ്.
സെന്‍സര്‍ വൈകിപ്പിനെ തുടര്‍ന്ന് നിര്‍മാതാക്കളായ കെ വി എന്‍ പ്രൊഡക്ഷന്‍സ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. വാദത്തിനിടെ ചിത്രം വീണ്ടും പരിശോധിക്കാന്‍ പുനഃസംഘടിപ്പിച്ച സമിതിയെ നിയോഗിച്ചതായി CBFC കോടതിയെ അറിയിച്ചു. രേഖകള്‍ സമര്‍പ്പിക്കാനും വിശദീകരണം നല്‍കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട് . ചില രാജ്യങ്ങളില്‍ അനുമതി പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.