നാട്ടുവാര്‍ത്തകള്‍

'ദിലീപിനെ വെറുതെ വിടാന്‍ എഴുതിയ വിധി'; വിചാരണ കോടതിക്കെതിരെ ഗുരുതര പരാമര്‍ശങ്ങളുമായി നിയമോപദേശം

കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി ജഡ്ജിക്കെതിരെ ഗുരുതര പരാമര്‍ശങ്ങളുമായി നിയമോപദേശം. വിധി പറയാന്‍ ജഡ്ജി അര്‍ഹയല്ലെന്ന് ഉള്‍പ്പെടേയുള്ള പരാമര്‍ശങ്ങളാണ് നിയമോപദേശത്തിലുള്ളത്. മെമ്മറി കാര്‍ഡ് ചോര്‍ന്ന കേസില്‍ വിചാരണ കോടതി ജഡ്ജി സംശയ നിഴലിലാണ്. അതിനാല്‍ ജഡ്ജിക്ക് വിധി പറയാന്‍ അവകാശമില്ലെന്നും നിയമോപദേശത്തില്‍ പറയുന്നു.

ദിലീപിനെ വെറുതെ വിടാന്‍ എഴുതിയ വിധിയെന്നും വിമര്‍ശനമുണ്ട്. ഗൗരവമേറിയ നിരവധി തെളിവുകളാണ് ദിലീപിനെതിരെ പ്രോസിക്യൂഷന്‍ നല്‍കിയത്. എല്ലാം പക്ഷപാതത്തോടെ കോടതി തള്ളിയെന്നും നിയമോപദേശത്തില്‍ ചൂണ്ടിക്കാണിക്കുന്നു. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറുടെ വിശദമായ കുറിപ്പും നിയമോപദേശത്തിലുണ്ട്.

'ദിലീപിനെതിരെ ഗൗരവമേറിയ നിരവധി തെളിവുകള്‍ സമര്‍പ്പിച്ചിട്ടും എല്ലാം പക്ഷപാതത്തോടെ കോടതി തള്ളി. വിവേചനപരമായിട്ടാണ് ജഡ്ജി പെരുമാറിയത്. തെളിവുകള്‍ പരിശോധിക്കാന്‍ കോടതി സ്വീകരിച്ചത് രണ്ട് തരം സമീപനമാണ്. ഒന്ന് മുതല്‍ ആറ് വരെ പ്രതികള്‍ക്ക് എതിരെ അംഗീകരിച്ച തെളിവുകള്‍ പോലും ദിലീപിനെതിരെ അംഗീകരിച്ചില്ല. തെളിവ് നശിപ്പിക്കാന്‍ കൂട്ടുനിന്നെന്ന് തെളിഞ്ഞ ദിലീപിന്റെ അഭിഭാഷകരെ തുടരാന്‍ അനുവദിച്ചു. അവരുടെ പ്രവൃത്തിയെ അനുമോദിക്കുന്ന തരത്തിലാണ് വിധിയിലെ പരാമര്‍ശങ്ങള്‍', നിയമോപദേശത്തില്‍ പറയുന്നു.

അതേസമയം, നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതിയുടെ വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ പ്രോസിക്യൂഷന് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. അപ്പീല്‍ നല്‍കാന്‍ അനുമതി തേടി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ നല്‍കിയ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചു. ആറ് പ്രതികളെ മാത്രം ശിക്ഷിക്കുകയും എട്ടാംപ്രതി നടന്‍ ദിലീപ് അടക്കമുള്ളവരെ കുറ്റവിമുക്തരാക്കുകയും ചെയ്ത വിചാരണക്കോടതി വിധിയാണ് ചോദ്യം ചെയ്യുക. അപ്പീല്‍ ഉടന്‍ നല്‍കുമെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചിട്ടുണ്ട്.

കേസില്‍ ഒന്ന് മുതല്‍ ആറ് വരെയുള്ള പ്രതികള്‍ കുറ്റക്കാരാണെന്നായിരുന്നു വിചാരണക്കോടതിയുടെ വിധി. ഒന്നാം പ്രതി പള്‍സര്‍ സുനി, രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി, മൂന്നാം പ്രതി മണികണ്ഠന്‍, നാലാം പ്രതി വി പി വിജീഷ്, അഞ്ചാം പ്രതി എച്ച് സലിം, ആറാം പ്രതി പ്രദീപ് എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. ആറ് പേര്‍ക്കും 20 വര്‍ഷം കഠിന തടവും പിഴയുമായിരുന്നു കോടതി വിധിച്ചിരുന്നത്. കേസിലെ എട്ടാം പ്രതി ദിലീപ് അടക്കം നാല് പ്രതികളെ കോടതി കുറ്റക്കാരല്ലെന്ന് കണ്ടെത്തി വെറുതെ വിട്ടിരുന്നു. ഇതിനെതിരെയാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുന്നത്.

  • അയ്യപ്പനെ കൊള്ളയടിച്ചവരില്‍ തന്ത്രിയും! അറസ്റ്റ്
  • ആലപ്പുഴയില്‍ വാഹനാപകടത്തില്‍ മരിച്ച യാചകന്റെ സഞ്ചികളില്‍ നിന്ന് നാലര ലക്ഷം രൂപ
  • കാണാനില്ലെന്ന് പൊലീസില്‍ പരാതി; പിന്നാലെ കമിതാക്കള്‍ ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍
  • ശബരിമല സ്വര്‍ണകള്ളന്മാരുടെ റിമാന്‍ഡ് വീണ്ടും നീട്ടി
  • കേന്ദ്രത്തെ തെറ്റിദ്ധരിപ്പിച്ച് പണം പിരിച്ചു; വിഡി സതീശന്റെ യുകെ യാത്രയില്‍ വിജിലന്‍സ്
  • മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് അന്തരിച്ചു
  • അന്ത്യത്താഴ ചിത്രത്തെ വികലമാക്കിയെന്ന പരാതി; കൊച്ചി ബിനാലെയില്‍ നിന്ന് വിവാദ പെയിന്റിംഗ് നീക്കി
  • അബുദാബിയിലെ വാഹനാപകടം: മലയാളി കുടംബത്തിലെ 4 മക്കളടക്കം 5 മരണം
  • 'ദൈവത്തെ പോലും വെറുതെവിട്ടില്ല'; ശബരിമല സ്വര്‍ണക്കേസില്‍ സുപ്രീം കോടതി
  • വര്‍ക്കലയില്‍ രണ്ട് ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് കുത്തേറ്റു ; യു കെ മലയാളി പിടിയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions