വിന്റര്‍ സമ്മര്‍ദ്ദവും രോഗികളുടെ എണ്ണം കുതിച്ചതും ജീവനക്കാരുടെ കുറവും മൂലം എന്‍എച്ച്എസ് അഭിമുഖീകരിക്കുന്നത് സമാനതകളില്ലാത്ത പ്രതിസന്ധി. അമിതമായ തിരക്ക് മൂലം കോറിഡോറും, സ്‌റ്റോര്‍റൂം, ജിമ്മും ഉള്‍പ്പെടെ പരിചരണം നല്‍കാന്‍ ഉപയോഗിക്കുന്ന പുതിയ അന്തരീക്ഷങ്ങള്‍ രോഗികള്‍ക്ക് അപകടകരമാകുന്നുവെന്നാണ് എന്‍എച്ച്എസ് സേഫ്റ്റി വാച്ച്‌ഡോഗ് പറയുന്നത്.
ട്രോളിയിലും, ബെഡിലും ചികിത്സ കിട്ടാതെ പല ഭാഗത്തായി കാത്തിരിക്കുന്ന രോഗികള്‍ക്ക് പരിശോധനയോ, ചികിത്സയോ കിട്ടുന്നില്ലെന്ന് എന്‍എച്ച്എസ് ജീവനക്കാര്‍ അന്വേഷണ ഉദ്യോഗസ്ഥരോട് വ്യക്തമാക്കി. ഇത് രോഗികളുടെ അവസ്ഥ മോശമാക്കുകയും, താല്‍ക്കാലിക ചികിത്സാ അന്തരീക്ഷത്തില്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ പോകുകയും ചെയ്യുന്നുണ്ടെന്ന് എച്ച്എസ്എസ്‌ഐബി റിപ്പോര്‍ട്ട് പറയുന്നു.
ഈ സ്ഥലങ്ങളില്‍ കാത്തുകിടക്കുന്ന രോഗികള്‍ അവഗണിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് എന്‍എച്ച്എസ് ജീവനക്കാരുടെ സാക്ഷ്യം. സ്ഥിതി മോശമാകുകയും, മെഡിക്കല്‍ എമര്‍ജന്‍സി നേരിട്ടാല്‍ പോലും ശ്രദ്ധ കിട്ടാതെ പോകുന്നുണ്ട്.
നിരവധി നഴ്‌സുമാരാണ് രോഗികളുടെ സുരക്ഷ സംബന്ധിച്ച് ആശങ്ക ഉന്നയിച്ചത്. താല്‍ക്കാലിക കെയറിലുള്ള രോഗികള്‍ക്ക് മെഡിക്കല്‍ എമര്‍ജന്‍സി നേരിടുമ്പോള്‍ സഹായത്തിനായി വിളിക്കേണ്ടി വരുന്നുണ്ട്. ഇടനാഴിയുടെ അറ്റത്തും, നേരിട്ട് കാണാന്‍ കഴിയാത്ത ഇടത്തും പെടുന്ന രോഗികള്‍ക്കാണ് ഈ അവസ്ഥയെന്ന് ജീവനക്കാര്‍ വെളിപ്പെടുത്തി.
ഇടനാഴികളില്‍ രോഗികള്‍ മരിക്കുന്നതായി റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് കഴിഞ്ഞ വര്‍ഷം തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. എച്ച്എസ്എസ്‌ഐബി റിപ്പോര്‍ട്ട് ഇടനാഴി പരിചരണത്തിന്റെ സ്ഥിരീകരണമാണെന്ന് ആര്‍സിഎന്‍ പ്രതികരിച്ചു.