യുകെയിലെ വിവിധ പ്രദേശങ്ങളില്‍ ശക്തമായ മഞ്ഞുവീഴ്ച തുടരുന്ന സാഹചര്യത്തില്‍ ജനജീവിതം ദുസ്സഹമായി. റെയില്‍, റോഡ്, വ്യോമ ഗതാഗതം താറുമാറായി. പതിനായിരക്കണക്കിന് വീടുകളില്‍ വൈദ്യുതി തടസം നേരിട്ടു. സ്‌കോട്‌ലന്‍ഡ്, നോര്‍ത്ത് ഇംഗ്ലണ്ട്, ഈസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് , യോര്‍ക്ക്‌ഷെയര്‍ ഉള്‍പ്പെടെ രാജ്യത്തിന്റെ പല ഭാഗത്തും മോശം കാലാവസ്ഥയെന്ന് മുന്നറിയിപ്പുണ്ട്.
മിഡ്‌ലാന്‍ഡ്‌സിലും വെയില്‍സിലുമൊക്കെയായി 34000 ഓളം വീടുകളില്‍ വൈദ്യുതി ബന്ധം നിലച്ചു. പലയിടത്തും പുനസ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ശക്തമായ കാറ്റു മൂലം ചിലയിടങ്ങളില്‍ വീടുകള്‍ക്ക് കേടുപാടുണ്ടായി.റോഡ്, റെയില്‍, വ്യോമ ഗതാഗതത്തിന് കനത്ത ഭീഷണിയാകുകയാണ് മഞ്ഞുവീഴ്ച. ഹീത്രു വിമാനത്താവളത്തില്‍ നിരവധി വിമാനങ്ങള്‍ റദ്ദാക്കി. ബര്‍മിങ്ഹാം, ഈസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് എയര്‍പോര്‍ട്ടുകള്‍ താല്‍ക്കാലികമായി തുറന്നു. നാഷണല്‍ റെയില്‍ ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് ലഭിച്ചു. പലയിടത്തും അവധിക്കാലം കഴിഞ്ഞിട്ടും സ്‌കൂള്‍ തുറക്കാനായിട്ടില്ല.
സ്‌കോട്‌ലാന്‍ഡിലും നോര്‍ത്ത് ഈസ്റ്റ് ഹില്‍സിലും മഞ്ഞുവീഴ്ച തുടരും. താപനില മൈനസില്‍ തുടരുകയാണെങ്കിലും ഞായറാഴ്ചയോടെ ചെറിയ മാറ്റമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. നോര്‍ത്ത് ഈസ്റ്റിലും ഉയര്‍ന്ന പ്രദേശങ്ങളിലും മഞ്ഞുമൂലമുള്ള പ്രശ്‌നങ്ങള്‍ കുറച്ചുദിവസം കൂടി തുടരും. ഞായറാഴ്ച ഉച്ചവരെ യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സിയും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്കിടെ മോശം കാലാവസ്ഥ പലരുടേയും യാത്രകളെ ബാധിച്ചിരിക്കുകയാണ്. വൈദ്യുതി പ്രതിസന്ധി കൂടി വന്നതോടെ ജനങ്ങള്‍ കൂടുതല്‍ പ്രതിസന്ധിയിലാണ്.