ഗ്രീന്‍ലാന്‍ഡിന് മേല്‍ അമേരിക്ക അവകാശവാദം ഉന്നയിച്ചതോടെ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ നീക്കങ്ങളെ ഒറ്റക്കെട്ടായി പ്രതിരോധിക്കാന്‍ യൂറോപ്പ്. ഇതിന്റെ ആദ്യപടിയെന്നോണം ഗ്രീന്‍ലാന്‍ഡിലേക്ക് സൈനികരെ അയക്കുകയാണ് യൂറോപ്പ്. ഗ്രീന്‍ലാന്‍ഡിന് മുകളില്‍ ഡെന്‍മാര്‍ക്കിനുള്ള നിലവിലെ നിയന്ത്രണത്തിനാണ് യൂറോപ്യന്‍ രാജ്യങ്ങളുടെ പിന്തുണ. ഇതിന്റെ ഭാഗമായി യുകെ, നെതര്‍ലന്റ്‌സ്, ഫിന്‍ലന്റ്, സ്വീഡന്‍ രാജ്യങ്ങളില്‍ നിന്നായി സൈനികര്‍ ഗ്രീന്‍ലാന്‍ഡിലേക്ക് പോയി.
തത്കാലത്തേക്ക് മേഖലയില്‍ നിരീക്ഷണം നടത്തുക മാത്രമാണ് ഇവിടേക്ക് അയച്ച ജീവനക്കാര്‍ക്ക് നല്‍കിയിരിക്കുന്ന ചുമതല. യുകെ, ജര്‍മ്മനി, സ്വീഡന്‍, നോര്‍വേ, ഫിന്‍ലാന്‍ഡ്, നെതര്‍ലാന്‍ഡ്സ് രാജ്യങ്ങള്‍ ഈ നീക്കത്തിന്റെ ഭാഗമാണ്. സുരക്ഷാ താല്‍പ്പര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഗ്രീന്‍ലാന്‍ഡിന് മേലെ അമേരിക്ക അവകാശവാദം ഉന്നയിച്ചത്. ഈ മേഖലയില്‍ റഷ്യന്‍-ചൈനീസ് കപ്പലുകള്‍ വര്‍ധിച്ചെന്നും ട്രംപ് ആരോപിച്ചിരുന്നു. എന്നാലിത് പച്ചക്കള്ളമെന്നായിരുന്നു ഡെന്മാര്‍ക്കിന്റെ മറുപടി.
അതിനിടെ, ഗ്രീന്‍ലാന്‍ഡിനെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ യൂറോപ്പിനെ സമ്മര്‍ദത്തിലാക്കാന്‍ നോക്കുകയാണ് അമേരിക്ക. ഡെന്‍മാര്‍ക്ക്, നോര്‍വേ, സ്വീഡന്‍, ഫ്രാന്‍സ്, ജര്‍മ്മനി, യുകെ, നെതര്‍ലാന്‍ഡ്സ്, ഫിന്‍ലാന്‍ഡ് രാജ്യങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും പത്ത് ശതമാനം അധിക തീരുവ ചുമത്തി. ഇതിനു പിന്നാലെ അമേരിക്കയുമായി ഇക്കഴിഞ്ഞ ജൂലൈയില്‍ ഒപ്പുവെച്ച അറ്റ്‌ലാന്റിക് സമുദ്രത്തിലെ വ്യാപാര കരാര്‍ യൂറോപ്യന്‍ പാര്‍ലമെന്റ് നിര്‍ത്തിവച്ചു.