യു.കെ.വാര്‍ത്തകള്‍

കുട്ടികളുടെ ഓണ്‍ലൈന്‍ സുരക്ഷ: 16 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധന ചര്‍ച്ച മുന്നോട്ട്

യുകെയില്‍ പതിനാറ് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ ഉപയോഗം നിരോധിക്കണമെന്നാവശ്യപ്പെട്ട് 60 ല്‍ അധകം ലേബര്‍ എംപിമാര്‍ പ്രധാനമന്ത്രി സര്‍ കീര്‍ സ്റ്റാര്‍മറിന് തുറന്ന കത്ത് നല്‍കി. നിയന്ത്രണമില്ലാത്തതും കടുത്ത ആസക്തി ഉളവാക്കുകയും ചെയ്യുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കാന്‍ തുടര്‍ച്ചയായ സര്‍ക്കാരുകള്‍ പര്യാപ്തമായി നടപടിയെടുത്തിട്ടില്ലെന്നതാണ് കത്തിലെ മുഖ്യ ആരോപണം. ഡിസംബറില്‍ സമാനമായ നിരോധനം നടപ്പാക്കിയ ഓസ്ട്രേലിയയെ മാതൃകയാക്കി ബ്രിട്ടനും മുന്നോട്ട് പോകണമെന്നും, ഡെന്‍മാര്‍ക്ക്, ഫ്രാന്‍സ്, നോര്‍വേ, ന്യൂസിലാന്‍ഡ്, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളും ഇത്തരമൊരു നീക്കം പരിഗണിക്കുകയാണെന്നും എംപിമാര്‍ ചൂണ്ടിക്കാട്ടി. വിഷയത്തില്‍ എല്ലാ വഴികളും പരിഗണനയിലാണ് എന്ന നിലപാടാണ് സ്റ്റാര്‍മര്‍ സ്വീകരിച്ചിരിക്കുന്നത്.

കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ ഉണ്ടാക്കുന്ന മാനസിക സമ്മര്‍ദ്ദം, പഠനത്തിലെ ശ്രദ്ധക്കുറവ്, സാമൂഹികമായ ഒറ്റപ്പെടല്‍ തുടങ്ങിയ ആശങ്കകള്‍ നിരവധി വോട്ടര്‍മാര്‍ ഉന്നയിച്ചതായി എംപിമാര്‍ കത്തില്‍ പറയുന്നു. അടുത്ത ആഴ്ച ലോര്‍ഡ്‌സ് സഭയില്‍ ലിബറല്‍ ഡെമോക്രാറ്റുകള്‍ അവതരിപ്പിച്ച നിര്‍ദേശം പരിഗണനയ്‌ക്കെത്തും. സിനിമകളെപ്പോലെ പ്രായപരിധി അടിസ്ഥാനമാക്കി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്ക് റേറ്റിംഗ് നല്‍കുക എന്നതാണ് ഈ നിര്‍ദേശം. ആസക്തി ഉളവാക്കുന്ന അല്‍ഗോരിതങ്ങളും അനുചിത ഉള്ളടക്കവും ഉള്ള പ്ലാറ്റ്‌ഫോമുകള്‍ 16 വയസിന് മുകളിലുള്ളവര്‍ക്കായി പരിമിതപ്പെടുത്തുകയും, അശ്ലീലമോ അക്രമങ്ങളോ ഉള്ളവയെ പൂര്‍ണമായും പ്രായപൂര്‍ത്തിയായവര്‍ക്കായി മാറ്റുകയും ചെയ്യുന്നതാണ് പദ്ധതി. ഇതിനിടെ, അടുത്ത തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ അണ്ടര്‍-16 നിരോധനം നടപ്പാക്കുമെന്ന് കണ്‍സര്‍വേറ്റീവ് നേതാവ് കെമി ബാഡനോക് പ്രഖ്യാപിച്ചു.

അതേസമയം, 16 വയസിന് താഴെയുള്ളവര്‍ക്ക് സമ്പൂര്‍ണ സോഷ്യല്‍ മീഡിയ നിരോധനം ഏര്‍പ്പെടുത്തുന്നതിനെതിരെ ബാലാവകാശ സംഘടനകളും ഓണ്‍ലൈന്‍ സുരക്ഷാ പ്രവര്‍ത്തകരും രംഗത്തെത്തി. എന്‍എസ്‌പിസിസി, ചൈല്‍ഡ്നെറ്റ്, മൊളി റോസ് ഫൗണ്ടേഷന്‍ എന്നിവ ഉള്‍പ്പെടെയുള്ള 42 സംഘടനകളും വ്യക്തികളും ഇത് 'തെറ്റായ പരിഹാരമെന്ന്' അഭിപ്രായപ്പെട്ടു. നിരോധനം കുട്ടികള്‍ക്ക് വ്യാജ സുരക്ഷാബോധം സൃഷ്ടിക്കുകയും, അപകടങ്ങള്‍ മറ്റ് ഓണ്‍ലൈന്‍ മേഖലകളിലേക്ക് മാറാന്‍ ഇടയാക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.

നിലവിലുള്ള നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുകയും, പ്രായാനുസൃതമായി അപകടകരമായ ഫീച്ചറുകള്‍ക്ക് തെളിവധിഷ്ഠിത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയുമാണ് വേണ്ടതെന്ന് അവര്‍ ആവശ്യപ്പെട്ടു. ഓണ്‍ലൈന്‍ ഉള്ളടക്കങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത മൊളി റസ്സലിന്റെ പിതാവും സാമൂഹിക പ്രവര്‍ത്തകനുമായ ഇയാന്‍ റസ്സല്‍, നിരോധനം അനുദ്ദേശിത പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാമെന്നും നിലവിലെ നിയമങ്ങള്‍ ശക്തമായി നടപ്പാക്കണമെന്നും പറഞ്ഞു.

ഈ വിഷയത്തില്‍ കൂടുതല്‍ സൂക്ഷ്മമായ നിരോധന നിര്‍ദേശങ്ങളിലാണ് അടുത്ത ആഴ്ച ഹൗസ് ഓഫ് ലോര്‍ഡ്സ് വോട്ടെടുപ്പ് നടത്താന്‍ ഒരുങ്ങുന്നത്. കുട്ടികളുടെ ക്ഷേമവും സ്കൂള്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ബില്ലില്‍ ഭേദഗതിയായി ഇത് ഉള്‍പ്പെടുത്താനാണ് നീക്കം. ലേബര്‍ പാര്‍ട്ടിയിലെ നിരവധി എംപിമാരും ഉദ്യോഗസ്ഥരും, ഓസ്ട്രേലിയയുടെ മാതൃക പിന്തുടര്‍ന്ന് യുകെ സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചു. ഇതിനിടെ മറ്റ് യൂറോപ്യന്‍ രാജ്യങ്ങളും സമാന നിയമങ്ങള്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.


ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് സോഷ്യല്‍ മീഡിയ വിലക്കിനെ അനുകൂലിക്കുന്ന നിലപാട് വ്യക്തമാക്കിയപ്പോള്‍, കണ്‍സര്‍വേറ്റീവ് നേതാവ് കെമി ബാഡെനോക് അടുത്ത തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ജയിച്ചാല്‍ ഇത്തരമൊരു വിലക്ക് കൊണ്ടുവരുമെന്ന് അറിയിച്ചു.

  • എന്‍എംസി രജിസ്റ്ററില്‍ പേര് ചേര്‍ക്കപ്പെട്ട നഴ്സുമാരുടെ എണ്ണത്തില്‍ വലിയ കുറവ്
  • വിദ്യാഭ്യാസ വകുപ്പിനും പൊലീസ് ഡാറ്റാബേസിനും നേരെ സൈബര്‍ ആക്രമണം; 7.4 ലക്ഷം വിവരങ്ങള്‍ ചോര്‍ന്നു
  • ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിന് സാങ്കേതിക തകരാര്‍; ഹീത്രൂവില്‍ വന്‍ ദുരന്തം ഒഴിവായി
  • ഇംഗ്ലണ്ടിന്റെ പകുതിയും കടുത്ത വരള്‍ച്ചയില്‍; ജലക്ഷാമം രൂക്ഷം
  • ബാന്‍ഡ് 5 നഴ്‌സില്‍നിന്ന് ന്യൂറോളജി ലീഡ് നഴ്‌സിലേക്ക്; അഭിമാനമായി ഷൈനി ബേസില്‍
  • ഇറാന്‍ യുദ്ധം: ബ്രിട്ടന് കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്
  • അപ്രന്റിസ് ജോലിയില്‍ പ്രവേശിക്കുന്ന വൈകല്യമുള്ള കൗമാരക്കാരുടെ കുടുംബങ്ങള്‍ക്ക് 4,500 പൗണ്ട് ധനസഹായം
  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions