യു.കെ.വാര്‍ത്തകള്‍

പ്രധാനമന്ത്രിക്കെതിരെ ലേബര്‍ പാര്‍ട്ടിയില്‍ പടയൊരുക്കം; പിന്നില്‍ ആഞ്ചെല റെയ്‌നര്‍!

പ്രധാനമന്ത്രിക്കസേര സംരക്ഷിക്കാനായുള്ള കീര്‍ സ്റ്റാര്‍മറുടെ ശ്രമം തിരിച്ചടിക്കുന്നു. മേയര്‍ ആന്‍ഡി ബേണ്‍ഹാമിനെ എംപിയായി മത്സരിക്കുന്നതില്‍ നിന്നും വിലക്കി തന്റെ കസേര സുരക്ഷിതമാക്കാനുള്ള കീര്‍ സ്റ്റാര്‍മറുടെ ശ്രമം വിമതരുടെ നീക്കങ്ങള്‍ ശക്തിപ്പെടുത്തുകയാണ് ചെയ്തത്. അവസരം മുതലാക്കി ആഞ്ചെല റെയ്‌നര്‍ നേതൃത്വം പിടിക്കാനുള്ള ശ്രമം തുടങ്ങിയെന്നാണ് സൂചന

പാര്‍ട്ടിയുടെ നാഷണല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി കോമണ്‍സിലേക്ക് മത്സരിക്കുന്നതിനുള്ള തന്റെ അപേക്ഷ തള്ളിയെന്ന വാദം ശരിയല്ലെന്നാണ് ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ മേയര്‍ അവകാശപ്പെടുന്നത്. ഇതിനൊപ്പം ഗോര്‍ടണ്‍ & ഡെന്റണ്‍ സ്ഥാനാര്‍ത്ഥിയാകാനായി ബേണ്‍ഹാം ഔദ്യോഗികമായി അപേക്ഷ നല്‍കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നാണ് ഡൗണിംഗ് സ്ട്രീറ്റ് സ്രോതസുകള്‍ വെളിപ്പെടുത്തുന്നത്.

തീരുമാനത്തില്‍ നിന്നും പിന്‍വാങ്ങാന്‍ 50-ലേറെ എംപിമാര്‍ ആവശ്യപ്പെട്ടെങ്കിലും കീര്‍ സ്റ്റാര്‍മര്‍ നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ്. എന്നാല്‍ യൂണിയനുകള്‍ സമ്മര്‍ദം ശക്തമാക്കിയിട്ടുണ്ട്. നിലവില്‍ പാര്‍ട്ടി ചുമതലയുള്ളവര്‍ക്കൊപ്പം തങ്ങളെ കൂടി മുക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന് യുണീഷന്‍ യൂണിയന്റെ പുതിയ നേതാവ് ആന്‍ഡ്രിയ ഈഗന്‍ പറഞ്ഞു.

ആഞ്ചെല റെയ്‌നര്‍ അവസരം മുതലാക്കി നേതൃത്വം പിടിക്കാനുള്ള ശ്രമം തുടങ്ങിയെന്നാണ് സൂചന. ഫെബ്രുവരി 26ന് ഉപതെരഞ്ഞെടുപ്പ് നടക്കാന്‍ ഇരിക്കവെ പാര്‍ട്ടിയെ പടലപ്പിണക്കം ഗോര്‍ടണ്‍ & ഡെന്റണ്‍ സീറ്റ് നഷ്ടമാകുന്നതില്‍ കലാശിക്കുമെന്നാണ് മുന്നറിയിപ്പ്. റിഫോമും, ഗ്രീന്‍സും ഈ അവസരം ഉപയോഗിച്ച് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കഴിഞ്ഞു. ബേണ്‍ഹാമിനെ തടഞ്ഞതോടെ മറ്റൊരു മികച്ച സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ കഴിയാതെ വിഷമിക്കുകയാണ് ലേബര്‍.

സ്റ്റാര്‍മറുടെ ജനപ്രീതി കുറയുന്ന സാഹചര്യത്തില്‍ ലേബര്‍ പാര്‍ട്ടിയും ജനങ്ങളുടെ അതൃപ്തിയ്‌ക്ക്‌ പാത്രമായിരിക്കുകയാണ്. ഇതിനിടെ മികച്ച നേതൃത്വം പാര്‍ട്ടിയിലുണ്ടാകണമെന്ന് ആവശ്യം ഉയരുന്നുമുണ്ട്. അതിനിടെയാണ് മാഞ്ചസ്റ്റര്‍ മേയര്‍ ആന്‍ഡി ബേണ്‍ഹാം എംപിയാകാന്‍ നീക്കം നടത്തിയത് . പാര്‍ട്ടിയില്‍ മികച്ച അഭിപ്രായമുള്ള നേതാവാണ് ബേണ്‍ഹാം.

എന്നാല്‍ ഇതിനു തടയിടുകയായിരുന്നു കീര്‍ സ്റ്റാര്‍മര്‍. ആന്‍ഡി ബേണ്‍ഹാമിന് മാഞ്ചസ്റ്റര്‍ മേയര്‍ പദവി രാജിവെയ്ക്കാന്‍ പാര്‍ട്ടി കമ്മിറ്റി അനുമതി നിഷേധിച്ചു. വെസ്റ്റ്മിന്‍സ്റ്ററിലേക്ക് എംപിയായി മടങ്ങിയെത്തിയാല്‍ ബേണ്‍ഹാം തനിക്ക് പാരയാകുമെന്ന് തിരിച്ചറിഞ്ഞ പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ ഉള്‍പ്പെട്ട കമ്മിറ്റിയാണ് ഇദ്ദേഹത്തിന് മേയര്‍ പദവി രാജിവെയ്ക്കാന്‍ അനുമതി നിഷേധിച്ചത്. 45 മിനിറ്റ് കൊണ്ട് ഒന്നിനെതിരെ എട്ട് വോട്ടിന് കമ്മിറ്റി ആവശ്യം നിഷേധിച്ചു. പുതിയ മേയറെ തെരഞ്ഞെടുക്കാന്‍ വേണ്ടിവരുന്ന കൂടിയ ചെലവ് ഉയര്‍ത്തിക്കാണിച്ചാണ് നടപടി. പ്രധാനമന്ത്രിയും എതിര്‍ത്ത് വോട്ട് ചെയ്തപ്പോള്‍ പാര്‍ട്ടി ഡെപ്യൂട്ടി നേതാവ് ലൂസി പവല്‍ മാത്രമാണ് അനുകൂലിച്ചത്.

ഗോര്‍ടണ്‍ & ഡെന്റണ്‍ സീറ്റില്‍ മത്സരിക്കാന്‍ ബേണ്‍ഹാമിന് വഴിയൊരുങ്ങിയാല്‍ സ്റ്റാര്‍മര്‍ക്ക് നേതൃപോരാട്ടത്തിനും തയ്യാറാകേണ്ടിവരുമായിരുന്നു. എന്നാല്‍ ഇദ്ദേഹത്തിന്റെ വരവ് സ്റ്റാര്‍മര്‍ തടഞ്ഞത് പാര്‍ട്ടിയിലെ ആഭ്യന്തര കലഹം രൂക്ഷമാക്കി. മെയിലെ ലോക്കല്‍ തെരഞ്ഞെടുപ്പില്‍ ലേബര്‍ തിരിച്ചടി ഏറ്റുവാങ്ങിയാല്‍ സ്റ്റാര്‍മര്‍ക്ക് പടിയിറങ്ങേണ്ടിവരും.

  • എന്‍എംസി രജിസ്റ്ററില്‍ പേര് ചേര്‍ക്കപ്പെട്ട നഴ്സുമാരുടെ എണ്ണത്തില്‍ വലിയ കുറവ്
  • വിദ്യാഭ്യാസ വകുപ്പിനും പൊലീസ് ഡാറ്റാബേസിനും നേരെ സൈബര്‍ ആക്രമണം; 7.4 ലക്ഷം വിവരങ്ങള്‍ ചോര്‍ന്നു
  • ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിന് സാങ്കേതിക തകരാര്‍; ഹീത്രൂവില്‍ വന്‍ ദുരന്തം ഒഴിവായി
  • ഇംഗ്ലണ്ടിന്റെ പകുതിയും കടുത്ത വരള്‍ച്ചയില്‍; ജലക്ഷാമം രൂക്ഷം
  • ബാന്‍ഡ് 5 നഴ്‌സില്‍നിന്ന് ന്യൂറോളജി ലീഡ് നഴ്‌സിലേക്ക്; അഭിമാനമായി ഷൈനി ബേസില്‍
  • ഇറാന്‍ യുദ്ധം: ബ്രിട്ടന് കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്
  • അപ്രന്റിസ് ജോലിയില്‍ പ്രവേശിക്കുന്ന വൈകല്യമുള്ള കൗമാരക്കാരുടെ കുടുംബങ്ങള്‍ക്ക് 4,500 പൗണ്ട് ധനസഹായം
  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions