നാട്ടുവാര്‍ത്തകള്‍

മൂന്നാം ബലാത്സംഗക്കേസ്; അറസ്റ്റിലായി 18ാം ദിനം രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യം

മൂന്നാം ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്ക് ജാമ്യം. പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതിയാണ് രാഹുലിന് ജാമ്യം അനുവദിച്ചത്. പരാതിക്കാരിയും രാഹുല്‍ മാങ്കൂട്ടത്തിലും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖ പ്രതിഭാഗം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ശബ്ദരേഖയുടെ ആധികാരികത പരിശോധിക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. അതിജീവിതയുമായുണ്ടായിരുന്നത് ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നു എന്നാണ് ജാമ്യാപേക്ഷയില്‍ രാഹുല്‍ ഉന്നയിച്ചിരുന്നത്. കേസില്‍ അറസ്റ്റിലായി 18ാം ദിവസമാണ് രാഹുലിന് ജാമ്യം ലഭിക്കുന്നത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി രാഹുല്‍ ഇന്ന് തന്നെ പുറത്തിറങ്ങിയേക്കും.

വിവാഹവാഗ്ദാനം നല്‍കി ഹോട്ടലില്‍ വിളിച്ചുവരുത്തി യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന മൂന്നാം ബലാത്സംഗ പരാതിയില്‍ ജനുവരി 14നാണ് രാഹുലിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. പാലക്കാട്ടെ ഹോട്ടല്‍ മുറിയില്‍വെച്ച് അര്‍ധരാത്രിയിലായിരുന്നു അറസ്റ്റ്. പിന്നാലെ രാഹുലിനെ റിമാന്‍ഡില്‍ വിടുകയും ശേഷം പൊലീസ് കസ്റ്റഡിയില്‍ വിടുകയും ചെയ്തിരുന്നു.

ദേഹോപദ്രവം, സാമ്പത്തിക ചൂഷണം, നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രം അടക്കമുള്ള ആരോപണങ്ങളാണ് രാഹുലിനെതിരായ പരാതിയിലുള്ളത്. എന്നാല്‍ പത്തനംതിട്ട എആര്‍ ക്യാമ്പിലെ ചോദ്യം ചെയ്യലില്‍ രാഹുല്‍ എല്ലാം നിഷേധിച്ചിരുന്നു. ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധമാണ് യുവതിയുമായി ഉണ്ടായതെന്നായിരുന്നു രാഹുല്‍ ചോദ്യം ചെയ്യലില്‍ ആവര്‍ത്തിച്ചത്.

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നടത്തിയത് ക്രൂരമായ ലൈംഗികാക്രമണമാണെന്ന് അതിജീവിത പൊലീസിന് മൊഴി നല്‍കിയിരുന്നു. രാഹുല്‍ ക്രൂരമായ ലൈംഗിക വൈകൃതത്തിന് ഇരയാക്കുകയും മുഖത്തടിക്കുകയും തുപ്പുകയും ചെയ്തുവെന്നായിരുന്നു മൊഴി. ശരീരത്തില്‍ പലയിടത്തും മുറിവുണ്ടാക്കി. തന്റെ മാതാപിതാക്കളെയും സഹോദരിയെയും അപായപ്പെടുത്തുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ ഭീഷണി മുഴക്കി. ആദ്യ കൂടിക്കാഴ്ചയില്‍ തന്നെ അതിക്രൂരമായി ബലാത്സംഗം ചെയ്തു. സാമ്പത്തികമായി ചൂഷണം ചെയ്തു. വിവാഹം കഴിക്കാമെന്ന വ്യാജേനയാണ് താനുമായി ബന്ധത്തിലായതെന്നും ഒരു കുഞ്ഞുണ്ടായാല്‍ വിവാഹം വളരെ വേഗത്തില്‍ നടക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചുവെന്നും പരാതിക്കാരി മൊഴി നല്‍കിയിരുന്നു.

മറ്റ് രണ്ട് പീഡനക്കേസുകളിലും അറസ്റ്റില്‍നിന്ന് രക്ഷപ്പെടാന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ഒളിവില്‍ പോയിരുന്നു. പിന്നാലെ അറസ്റ്റ് കോടതി തടഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് പൊലീസ് അതീവ രഹസ്യ നീക്കത്തിലൂടെയാണ് മൂന്നാമത്തെ കേസില്‍ രാഹുലിനെ അറസ്റ്റ് ചെയ്തത്.

  • ഭര്‍ത്താവിനെ അന്വേഷിച്ചെത്തിയ പൊലീസ് ഗര്‍ഭിണിയുടെ വയറ്റില്‍ ചവിട്ടി; പ്രസവത്തിനിടെ യുവതി മരിച്ചു, കുഞ്ഞിന് ഗുരുതരം
  • കാലിഫോര്‍ണിയ ഇരട്ടക്കൊല: അനില ബേബിക്കെതിരെ രണ്ടാമത്തെ കൊലക്കുറ്റവും ചുമത്തും
  • കുട്ടികളടക്കം നേപ്പാളില്‍ കുടുങ്ങിക്കിടക്കുന്നത് 53 മലയാളികളെന്ന് നോര്‍ക്ക
  • സുകുമാരക്കുറുപ്പ് മരിച്ചിരിക്കാം എന്ന് പൊലീസ്; കേസ് അന്വേഷണം അവസാനിപ്പിക്കാന്‍ ക്രൈംബ്രാഞ്ച് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കും
  • കാല്‍നൂറ്റാണ്ടോളം വൈദികന്റെ വീട്ടില്‍ സഹായിയായി കഴിഞ്ഞ സ്ത്രീയ്ക്ക് ഹൈന്ദവാചാരപ്രകാരം യാത്രാമൊഴി
  • 'ദൃശ്യങ്ങള്‍ ഇപ്പോഴും പ്രചരിപ്പിക്കപ്പെടുന്നു '; സ്വകാര്യ ദൃശ്യങ്ങള്‍ ഭര്‍ത്താവ് വിറ്റതില്‍ ഹൈക്കോടതിയെ സമീപിച്ച് യുവതി
  • ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകള്‍ക്ക് വിറ്റെന്ന പരാതി; യുകെ മലയാളി അറസ്റ്റില്‍
  • കരുവാറ്റ കൊലപാതകം: പിടിക്കപ്പെട്ടാല്‍ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനും കൗമാരക്കാരുടെ പദ്ധതി
  • 10 വര്‍ഷത്തെ കാത്തിരിപ്പ്: സ്‌കോട്ടിഷ് എംപിയ്ക്കു ഗുരുവായൂരില്‍ താലികെട്ട്
  • 67 കാരന്റെ കൊലപാതകം: കൗമാര സംഘം പദ്ധതിയിട്ടത് വാട്‌സ്ആപ്പിലൂടെ; സിനിമയില്‍ നിന്ന് ആസൂത്രണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions