യു.കെ.വാര്‍ത്തകള്‍

40 ലേബര്‍ എംപിമാര്‍ എതിര്‍ത്തിട്ടും വിവാദ പി ആര്‍ നിയമം നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച് ഹോം സെക്രട്ടറി

യുകെയില്‍ സ്ഥിരതാമസത്തിനുള്ള അനുമതി ലഭിക്കുന്നതിന് ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ മാറ്റങ്ങള്‍ വരുത്തുന്ന പുതിയ കുടിയേറ്റവുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാനുറച്ചു ഹോം സെക്രട്ടറി ഷബാന മഹ്‌മൂദ്. നിര്‍ദ്ദേശങ്ങള്‍ സുതാര്യമാണെന്ന് ഹോം സെക്രട്ടറി പറയുന്നു. നിരവധി ലേബര്‍ എംപിമാര്‍ തന്നെ ഈ നിര്‍ദ്ദേശങ്ങള്‍ക്കെതിരെ രംഗത്തെത്തിയ സാഹചര്യത്തിലാണ് ഹോം സെക്രട്ടറി നിലപാട് വ്യക്തമാക്കിയത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മുന്‍പെങ്ങും ഇല്ലാത്തവിധം യു കെയിലേക്ക് കുടിയേറ്റക്കാര്‍ എത്തുന്നു എന്നത് തീര്‍ത്തും ആശങ്കയുളവാക്കുന്ന കാര്യമാണെന്നും അവര്‍ പറഞ്ഞു.

നിലവില്‍, അഞ്ചുവര്‍ഷം യുകെയില്‍ തുടര്‍ന്നാല്‍ സ്ഥിരതാമസത്തിനുള്ള അനുമതി (പിആര്‍) ലഭിക്കുമെന്നിരിക്കെ അത് പത്ത് വര്‍ഷമാക്കി ഉയര്‍ത്താനാണ് സര്‍ക്കാരിന്റെ തീരുമാനം. എന്നാല്‍, ഇപ്പോള്‍ ബ്രിട്ടനില്‍ താമസിക്കുന്ന കുടിയേറ്റക്കാരെ കുറിച്ചുള്ള ആശങ്കകള്‍ പങ്കുവെച്ചുകൊണ്ട് ഏകദേശം നാല്‍പതോളം ലേബര്‍ എം പിമാര്‍ രംഗത്ത് വന്നിരുന്നു. മുന്‍കാല്യ പ്രാബല്യത്തോടെ ഇത് നടപ്പാക്കുന്നത് ബ്രിട്ടീഷ് രീതിയല്ല എന്നായിരുന്നു അവരുടെ വാദം.

ഇത്തരമൊരു തീരുമാനം പല മേഖലകളിലും വൈദഗ്ധ്യമുള്ള തൊഴിലാളികളുടെ ക്ഷാമം സൃഷ്ടിക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. പ്രത്യേകിച്ച് കെയറര്‍ മേഖലയില്‍ ഇത് വലിയൊരു പ്രതിസന്ധിയാകും സൃഷ്ടിക്കുക എന്നാണ് വിലയിരുത്തുന്നത്. ഇന്‍ഡെഫിനിറ്റ് ലീവ് ടു റിമെയ്ന്‍ എന്നുകൂടി അറിയപ്പെടുന്ന ഈ സെറ്റില്‍മെന്റ് ഒരു വ്യക്തിക്ക് ഇഷ്ടമുള്ളിടത്തോളം കാലം ബ്രിട്ടനില്‍ താമസിക്കുന്നതിനും ജോലി ചെയ്യുന്നതിനുമുള്ള അനുവാദമാണ്. മാത്രമല്ല, അര്‍ഹതയുള്ള ആനുകൂല്യങ്ങള്‍ക്കായി അപേക്ഷിക്കാനും കഴിയും.

2021 - 2024 കാലഘട്ടത്തില്‍ കുടിയേറ്റം വഴി ബ്രിട്ടനിലെ ജനസംഖ്യയില്‍ 2.6 മില്യണിന്റെ വര്‍ദ്ധനവുണ്ടായതായി കണക്കുകള്‍ പറയുന്നു. 2026 -2030 കാലഘട്ടത്തില്‍ ഇക്കാര്യത്തില്‍ 1.6 മില്യണിന്റെ വര്‍ദ്ധനവുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. ഇത്തരമൊരു സാഹചര്യത്തിലാണ് പി ആര്‍ ലഭിക്കുന്നതിനുള്ള സമയപരിധി 10 വര്‍ഷമാക്കി ഉയര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ചില മാനദണ്ഡങ്ങള്‍ക്ക് വിധേയമായി ഇതില്‍ ചില ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകും.

നിലവില്‍ ഇതുമായി ബന്ധപ്പെട്ട കണ്‍സള്‍ട്ടേഷന്‍ നടക്കുകയാണ്. ഫെബ്രുവരി 12ന് കണ്‍സള്‍ട്ടേഷന്‍ അവസാനിക്കും. വൈകാതെ പി ആര്‍ ലഭിക്കാന്‍ ഇടയുള്ളവര്‍ക്കായി ചില നീക്കുപോക്കുകള്‍ നിര്‍ദ്ദേശിക്കാനും കണ്‍സള്‍ട്ടേഷനില്‍ ആവശ്യപെടുന്നുണ്ട്. ഇതിനോടകം പി ആര്‍ ലഭിച്ചവരെ ഈ മാറ്റങ്ങള്‍ ബാധിക്കുകയില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. പി. ആര്‍ എന്നത് ഒരു പരിഗണനയാണെന്നും അവകാശമല്ലെന്നുമാണ് മഹ്‌മൂദ് എം പിമാരുടെ യോഗത്തില്‍ പറഞ്ഞത്. ലോകത്തിലെ മികച്ച നൈപുണികളും വൈദഗ്ധ്യവുമുള്ളവരെ ബ്രിട്ടനു വേണ്ടി ജോലിചെയ്യാന്‍ ആകര്‍ഷിക്കുന്നതിനായി അത് ഉപയോഗിക്കണമെന്നും അവര്‍ പറഞ്ഞു.

ഉയര്‍ന്ന വരുമാനം ഇല്ലാത്ത, എന്നാല്‍, ബ്രിട്ടീഷ് സമൂഹത്തിനായി ഏറെ സേവനങ്ങള്‍ നല്‍കുന്ന കെയറര്‍മാര്‍ക്ക് പ്രത്യേക പരിഗണന നല്‍കണമെന്ന് യോഗത്തില്‍ ലേബര്‍ എം പി ഡോക്ടര്‍ പീറ്റര്‍ പ്രിന്‍സ്ലി ആവശ്യപ്പെട്ടു. വിസയുടെ കാര്യത്തിലായാലും, പി ആറിന്റെ കാര്യത്തിലായാലും മിനിമം വേതന പരിധി ഈ മേഖലയില്‍ നടപ്പാക്കരുതെന്ന ആവശ്യവും ശക്തമാണ്.

ചിത്രം കടപ്പാട് ബിബിസി

  • എന്‍എംസി രജിസ്റ്ററില്‍ പേര് ചേര്‍ക്കപ്പെട്ട നഴ്സുമാരുടെ എണ്ണത്തില്‍ വലിയ കുറവ്
  • വിദ്യാഭ്യാസ വകുപ്പിനും പൊലീസ് ഡാറ്റാബേസിനും നേരെ സൈബര്‍ ആക്രമണം; 7.4 ലക്ഷം വിവരങ്ങള്‍ ചോര്‍ന്നു
  • ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിന് സാങ്കേതിക തകരാര്‍; ഹീത്രൂവില്‍ വന്‍ ദുരന്തം ഒഴിവായി
  • ഇംഗ്ലണ്ടിന്റെ പകുതിയും കടുത്ത വരള്‍ച്ചയില്‍; ജലക്ഷാമം രൂക്ഷം
  • ബാന്‍ഡ് 5 നഴ്‌സില്‍നിന്ന് ന്യൂറോളജി ലീഡ് നഴ്‌സിലേക്ക്; അഭിമാനമായി ഷൈനി ബേസില്‍
  • ഇറാന്‍ യുദ്ധം: ബ്രിട്ടന് കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്
  • അപ്രന്റിസ് ജോലിയില്‍ പ്രവേശിക്കുന്ന വൈകല്യമുള്ള കൗമാരക്കാരുടെ കുടുംബങ്ങള്‍ക്ക് 4,500 പൗണ്ട് ധനസഹായം
  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions