യു.കെ.വാര്‍ത്തകള്‍

കാബിനറ്റ് പിന്തുണ ലഭിച്ചതോടെ തല്‍ക്കാലം രക്ഷപ്പെട്ട് പ്രധാനമന്ത്രി; അടങ്ങാത്ത വിമതര്‍


പീറ്റര്‍ മണ്ടേല്‍സണ്‍ വിവാദം പിടിച്ചുകുലുക്കുന്നതിനിടെ രാജിവെച്ച് പോകേണ്ട ഗതികേടില്‍ നിന്നും രക്ഷപ്പെട്ട് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍. കാബിനറ്റ് യോഗത്തില്‍ പിന്തുണ ലഭിച്ചതോടെയാണ് തല്‍ക്കാലത്തേക്ക് പ്രധാനമന്ത്രി പദത്തില്‍ പിടിച്ചുനില്‍ക്കാന്‍ അദ്ദേഹത്തിന് സാധിച്ചത്. എന്നാല്‍ മണ്ടേല്‍സണ്‍ വിവാദം പിടിച്ചുകുലുക്കുന്നതിനിടെ സ്റ്റാര്‍മര്‍ ഇനി തുടരുതെന്ന് സ്‌കോട്ടിഷ് ലേബര്‍ നേതാവ് അനസ് സര്‍വാര്‍ പ്രഖ്യാപിച്ചത് പ്രധാനമന്ത്രിക്ക് തിരിച്ചടിയായി. എന്നാല്‍ പോരാട്ടം തുടരുമെന്നും, പിടിച്ചുനില്‍ക്കുമെന്നും പാര്‍ലമെന്ററി ലേബര്‍ പാര്‍ട്ടി യോഗത്തില്‍ സ്റ്റാര്‍മര്‍ പ്രഖ്യാപിച്ചു.

'ഞാന്‍ ഇറങ്ങിയിട്ടുള്ള എല്ലാ പോരാട്ടത്തിലും വിജയിക്കുകയാണ് ചെയ്തിട്ടുള്ളത്. വെറുതെ ഇറങ്ങിപ്പോകാന്‍ ഞാന്‍ ഒരുക്കമല്ല', തന്നെ ഒതുക്കാന്‍ ഇറങ്ങിത്തിരിച്ച ലേബര്‍ എംപിമാരെ നേരിടാന്‍ കീര്‍ സ്റ്റാര്‍മര്‍ പ്രഖ്യാപിച്ച വാക്കുകളാണ് ഇത്.

സ്‌കോട്ടിഷ് ലേബര്‍ നേതാവ് അനസ് സര്‍വാര്‍ പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് മണിക്കൂറുകള്‍ക്ക് ശേഷമാണ് സ്റ്റാര്‍മര്‍ യോഗത്തിനെത്തിയത്. മണ്ടേല്‍സണ്‍ വിവാദത്തില്‍ തന്നെ പുറത്താക്കാന്‍ ശ്രദ്ധിക്കുന്നതിന് പകരം പോരാട്ടം റിഫോമിനെതിരെ തിരിച്ചുവിടണമെന്ന് പ്രധാനമന്ത്രി എംപിമാരോട് ആവശ്യപ്പെട്ടു.

ജെഫ്രി എപ്സ്റ്റീന്റെ സുഹൃത്ത് മണ്ടേല്‍സനെ യുഎസ് അംബാസിഡറായി തെരഞ്ഞെടുത്ത തീരുമാനമാണ് സ്റ്റാര്‍മര്‍ക്ക് വിനയായിരിക്കുന്നത്. ഇതോടെ ഇദ്ദേഹത്തിന്റെ നേതൃപദവി താല്‍ക്കാലികമായി മാത്രം നിലനില്‍ക്കുന്ന അവസ്ഥയിലാണ്. ഈ പശ്ചാത്തലത്തില്‍ പാര്‍ട്ടിക്ക് കൂടുതല്‍ തലവേദനയാകാതെ രാജിവെയ്ക്കാനാണ് ആവശ്യം ഉയരുന്നത്.

ഇതിനിടെ പ്രധാനമന്ത്രിക്ക് രണ്ടാമത്തെ സഹായിയെ കൂടി നഷ്ടമായി. ചീഫ് ഓഫ് സ്റ്റാഫ് മോര്‍ഗാന്‍ മക്‌സ്വീനി രാജിവെച്ചതിന് പിന്നാലെ കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ ടിം അലനാണ് രാജിവെച്ചത്. എംപിമാരുടെ യോഗത്തില്‍ മണ്ടേല്‍സനെ സുപ്രധാന ജോലിക്ക് നിയോഗിച്ചതില്‍ സ്റ്റാര്‍മര്‍ വീണ്ടും മാപ്പ് പറഞ്ഞു.

സ്റ്റാര്‍മറുടെ അടുപ്പക്കാരനെന്ന് അറിയപ്പെട്ടിരുന്ന സര്‍വാര്‍ ഇപ്പോള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചത് ലേബര്‍ പാര്‍ട്ടിയിലെ വിമതസ്വരം എത്രത്തോളം ശക്തമാണെന്നതിന് തെളിവാണ്. ഡൗണിംഗ് സ്ട്രീറ്റില്‍ അനവധി വീഴ്ചകള്‍ സംഭവിച്ചതായി ചൂണ്ടിക്കാണിച്ചാണ് സര്‍വാറിന്റെ ആവശ്യം. 'ഇപ്പോള്‍ കാണുന്ന പരാജയങ്ങളില്‍ നേതൃത്വം സത്യസന്ധത പാലിക്കണം. ശ്രദ്ധ തെറ്റിക്കുന്നത് അവസാനിക്കണം, നേതൃത്വം മാറണം', സ്‌കോട്ടിഷ് ലേബര്‍ നേതാവ് ആവശ്യപ്പെട്ടു.

ഇടക്കാല നേതാവിനെ നിയോഗിക്കാനുള്ള സാധ്യതകള്‍ തെളിഞ്ഞെങ്കിലും നേതൃപോരാട്ടത്തിന് എതിരാളികള്‍ സുസജ്ജരല്ലെന്നതും, സാമ്പത്തിക വിപണികള്‍ ചാഞ്ചാടാന്‍ തുടങ്ങിയതും ചേര്‍ന്നാണ് നം. 10 സമ്മര്‍ദത്തിന് മന്ത്രിമാര്‍ വഴങ്ങിയത്. അതേസമയം പിന്‍ഗാമിയാകാന്‍ ശ്രമിക്കുന്ന പ്രധാന നേതാക്കളില്‍ ഒരാളായ ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗിന് എതിരെ നം.10 വ്യാജപ്രചരണം നടത്തുന്നുവെന്ന് ആരോപിച്ച് സ്ട്രീറ്റിംഗ് അനുകൂലികള്‍ രംഗത്തെത്തി.

ഇതിനിടെ പീറ്റര്‍ മണ്ടേല്‍സണുമായി നടത്തിയിട്ടുള്ള വാട്‌സ്ആപ്പ് ചാറ്റുകള്‍ സ്ട്രീറ്റിംഗ് പുറത്തുവിട്ടത് എതിരാളികളെ ചൊടിപ്പിച്ചു. ഗവണ്‍മെന്റിന് വളര്‍ച്ച ഊര്‍ജ്ജിതമാക്കാനുള്ള പദ്ധതിയില്ലെന്നത് ഉള്‍പ്പെടെ ഇതില്‍ എഴുതിയതാണ് നം.10-ന് രോഷമാകുന്നത്.

  • എന്‍എംസി രജിസ്റ്ററില്‍ പേര് ചേര്‍ക്കപ്പെട്ട നഴ്സുമാരുടെ എണ്ണത്തില്‍ വലിയ കുറവ്
  • വിദ്യാഭ്യാസ വകുപ്പിനും പൊലീസ് ഡാറ്റാബേസിനും നേരെ സൈബര്‍ ആക്രമണം; 7.4 ലക്ഷം വിവരങ്ങള്‍ ചോര്‍ന്നു
  • ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിന് സാങ്കേതിക തകരാര്‍; ഹീത്രൂവില്‍ വന്‍ ദുരന്തം ഒഴിവായി
  • ഇംഗ്ലണ്ടിന്റെ പകുതിയും കടുത്ത വരള്‍ച്ചയില്‍; ജലക്ഷാമം രൂക്ഷം
  • ബാന്‍ഡ് 5 നഴ്‌സില്‍നിന്ന് ന്യൂറോളജി ലീഡ് നഴ്‌സിലേക്ക്; അഭിമാനമായി ഷൈനി ബേസില്‍
  • ഇറാന്‍ യുദ്ധം: ബ്രിട്ടന് കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്
  • അപ്രന്റിസ് ജോലിയില്‍ പ്രവേശിക്കുന്ന വൈകല്യമുള്ള കൗമാരക്കാരുടെ കുടുംബങ്ങള്‍ക്ക് 4,500 പൗണ്ട് ധനസഹായം
  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions