യുക്മ നഴ്‌സസ് ഫോറം 8-ാം ദേശീയ സമ്മേളനവും അന്താരാഷ്ട്ര നഴ്സസ് ദിനാഘോഷവും മെയ് 9ന്; നഴ്‌സുമാര്‍ക്കായി റീല്‍ മത്സരവും
വോള്‍വര്‍ഹാംട്ടണിലെ യു കെ കെ സി എ ഹാളില്‍ മെയ് 9 ശനിയാഴ്ച നടക്കുന്ന യുക്മ നഴ്സസ് ഫോറത്തിന്റെ (UNF) എട്ടാമത് ദേശീയ സമ്മേളനത്തിലും, അന്താരാഷ്ട്ര നഴ്‌സസ് ദിനാഘോഷത്തിലും പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ക്കായി രജിസ്‌ട്രേഷന്‍ നടപടികള്‍ അവസാനഘട്ടത്തിലേക്ക്. സമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ എത്രയും വേഗം രജിസ്റ്റര്‍ ചെയ്ത് സീറ്റുകള്‍ ഉറപ്പുവരുത്തേണ്ടതാണ്. സീറ്റുകള്‍ പരിമിതമായതിനാല്‍ ആദ്യം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കായിരിക്കും സമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ അവസരം ലഭിക്കുക. സമ്മേളനത്തില്‍ യുകെയിലെ നഴ്‌സിംഗ് രംഗത്തെ പ്രമുഖരും മറ്റ് വിശിഷ്ട വ്യക്തികളും പങ്കെടുക്കുന്നതാണ്.
യുക്മ നഴ്സസ് ഫോറത്തിന്റെ 8-ാം ദേശീയ സമ്മേളനവും അന്താരാഷ്ട്ര നഴ്സസ് ദിനാഘോഷവും - റീല്‍ മത്സരത്തിന് തുടക്കം
. നഴ്സുമാരുടെയും കെയറര്‍മാരുടെയും സേവനമനോഭാവവും സമര്‍പ്പണവും സമൂഹത്തിന് മുന്നിലെത്തിക്കുന്നതിന് ഒരു സൃഷ്ടിപരമായ ''നഴ്സസ് ഡേ റീല്‍ മത്സരം'' സംഘടിപ്പിക്കുന്നു.
''Educate, Envision, Liberate' എന്ന പ്രമേയവുമായി സംഘടിപ്പിക്കുന്ന ഈ പരിപാടി നഴ്സിംഗ് മേഖലയിലെ പ്രൊഫഷണല്‍ മികവും നേതൃഗുണവും സമൂഹസേവനവും ഉയര്‍ത്തിപ്പിടിക്കുന്നതില്‍ യുക്മ നഴ്സസ് ഫോറത്തിന്റെ പ്രതിബദ്ധതയെയാണ് പ്രതിഫലിപ്പിക്കുന്നത്.
വിജയികളെ 2026 മെയ് 9 ശനിയാഴ്ച നടക്കുന്ന ദേശീയ സമ്മേളന വേദിയില്‍ പ്രഖ്യാപിക്കും.
• ഒന്നാം സമ്മാനം: £100
• രണ്ടാം സമ്മാനം: £50
• മൂന്നാം സമ്മാനം: £25
•നാലാം സമ്മാനം: മെഡല്‍
ഐക്യത്തിനും അംഗീകാരത്തിനും ഒരു വേദി
ഈ ദേശീയ സമ്മേളനവും നഴ്സസ് ദിനാഘോഷവും യു.കെ മുഴുവന്‍ പ്രവര്‍ത്തിക്കുന്ന നഴ്സുമാരെയും ആരോഗ്യരംഗത്തെ പ്രവര്‍ത്തകരെയും ഒരുമിപ്പിക്കുന്ന വേദിയായിരിക്കും. നഴ്സിംഗ് സേവനത്തിന്റെ മനുഷ്യസ്‌നേഹപരമായ മൂല്യങ്ങളും സമൂഹത്തിന് നല്‍കിയ സംഭാവനകളും സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിക്കുകയാണ് റീല്‍ മത്സരത്തിന്റെ ലക്ഷ്യം.
യുക്മയ്ക്ക് കീഴിലുള്ള 155 അംഗ അസോസിയേഷനുകളുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന നഴ്സസ് ഫോറം, നഴ്സിംഗ് സമൂഹത്തിന്റെ വളര്‍ച്ചക്കും അംഗീകാരത്തിനും ക്ഷേമത്തിനും തുടര്‍ച്ചയായ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു.
''Educate, Envision, Liberate' എന്ന ആശയവുമായി 2026 ലെ ഈ ആഘോഷം നഴ്സിംഗ് സമൂഹത്തിന്റെ സമര്‍പ്പണത്തിനും കരുണയ്ക്കും പ്രൊഫഷണല്‍ മികവിനും ഒരുപാട് അഭിമാനകരമായ വേദിയാകുമെന്ന് സംഘാടകര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്കായി യുക്മയുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകള്‍ പിന്തുടരുക.
അന്താരാഷ്ട്ര നഴ്‌സസ് ദിനം മെയ് 12 ന് ലോകമെമ്പാടുമുള്ള നഴ്‌സുമാര്‍ ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് നഴ്‌സസ് ദിനത്തോടനുബന്ധിച്ചുള്ള പ്രൊഫഷണല്‍ ദേശീയ സമ്മേളനം സംഘടിപ്പിക്കുന്നത്. യുക്മ നഴ്‌സസ് ഫോറം ദേശീയ സമ്മേളനത്തോടനു ബന്ധിച്ച് നഴ്‌സുമാര്‍ക്കായി ഒരു റീല്‍ മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. നഴ്സിംഗ് പ്രൊഫഷണലുകള്‍, അധ്യാപകര്‍, ഗവേഷകര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്ന ഈ പരിപാടിയില്‍ നഴ്സിംഗ് മേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങളും, പ്രൊഫഷണല്‍, റെഗുലേറ്ററി ബോഡികളുടെ പ്രതിനിധികളും സന്നിഹിതരായിരിക്കും.
നഴ്സിംഗ് രംഗത്തെ നേതൃത്വം, അറിവ് പങ്കിടല്‍, പ്രൊഫഷണല്‍ വികസനം എന്നിവ ലക്ഷ്യമാക്കി സംഘടിപ്പിക്കുന്ന ഈ പരിപാടിയില്‍ നഴ്സിംഗ് പ്രാക്ടീസിലും വിദ്യാഭ്യാസത്തിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI)യും നവീന ടെക്‌നോളജികളും പ്രധാന ചര്‍ച്ചാവിഷയങ്ങളായിരിക്കും. ഡിജിറ്റല്‍ ഹെല്‍ത്ത്, സ്മാര്‍ട്ട് ഹെല്‍ത്ത്കെയര്‍ സംവിധാനങ്ങള്‍, കൂടാതെ ടെക്‌നോളജി അധിഷ്ഠിത ആരോഗ്യസംവിധാനങ്ങളില്‍ നഴ്സുമാരുടെ ഭാവി പങ്ക് എന്നിവയും വിശദമായി അവതരിപ്പിക്കും.
പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്ക്:
• രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നഴ്സിംഗ് നേതാക്കളുമായി സംവദിക്കാനും ബന്ധം സ്ഥാപിക്കാനും അവസരമുണ്ടാകും.
• പ്രൊഫഷണല്‍, റെഗുലേറ്ററി ബോഡികളുമായി നേരിട്ട് ഇടപഴകാനുമുള്ള വേദിയാകും.
• കരിയര്‍ മാര്‍ഗനിര്‍ദേശവും ഇന്റര്‍വ്യൂ പിന്തുണയും ലഭിക്കുന്നതിലൂടെ പുതിയ തലമുറയിലെ നഴ്‌സുമാര്‍ക്ക് വലിയ തരത്തില്‍ പ്രയോജനപ്പെടുന്നതാണ്.
• നഴ്സിംഗ് പ്രാക്ടീസ്, വിദ്യാഭ്യാസം, നേതൃമേഖല എന്നിവയില്‍ നേരിടുന്ന വെല്ലുവിളികള്‍ എന്നിവ ചര്‍ച്ച ചെയ്യുവാനുള്ള വേദിയാകും.
വിശദമായ പരിപാടിക്രമം, വക്താക്കള്‍, CPD അക്രഡിറ്റേഷന്‍, രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ ഉടന്‍ അറിയിക്കുന്നതായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് യുക്മ വൈസ് പ്രസിഡന്റ് സ്മിതാ തോട്ടവുമായോ (07450964670) യുക്മ നഴ്‌സസ് ഫോറം നാഷണല്‍ സോണിയ ലൂബിയുമായോ (07729473749) ബന്ധപ്പെടാവുന്നതാണ്.