യു.കെ.വാര്‍ത്തകള്‍

ഒരു നൂറ്റാണ്ട് കൈയടക്കി വെച്ച സുരക്ഷിത സീറ്റ് ലേബറിന് നഷ്ടമായി; ഗോര്‍ടണ്‍ & ഡെന്റണ്‍ സീറ്റ് ഗ്രീന്‍സിന്

നൂറ് വര്‍ഷക്കാലമായി ലേബറിന്റെ കുത്തകയായിരുന്ന ഗോര്‍ടണ്‍ & ഡെന്റണ്‍ സീറ്റ് അവര്‍ക്കു നഷ്ടമായി. നിര്‍ണായകമായ ഉപതിരഞ്ഞെടുപ്പില്‍ ഗ്രീന്‍സ് പാര്‍ട്ടി വെന്നിക്കൊടി പാറിച്ചതോടെ പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ക്ക് എതിരെ പാര്‍ട്ടിയില്‍ കലാപം ശക്തമായി. ഗോര്‍ടണ്‍ & ഡെന്റണിലെ ഉപതെരഞ്ഞെടുപ്പില്‍ ഗ്രീന്‍സിലെ ഹന്നാ സ്‌പെന്‍സര്‍ നാലായിരത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.

റിഫോം യുകെയാണ് രണ്ടാം സ്ഥാനത്ത്. ലേബര്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇതിനും പിന്നിലാണ് കണ്‍സര്‍വേറ്റീവുകള്‍. ലേബര്‍ പാര്‍ട്ടിയെ സംബന്ധിച്ച് സുപ്രധാനമായി കണക്കാക്കിയിരുന്ന തെരഞ്ഞെടുപ്പ് തിരിച്ചടിച്ചതോടെ കീര്‍ സ്റ്റാര്‍മറുടെ നില കൂടുതല്‍ പരുങ്ങലിലായി.

വിദ്യാര്‍ത്ഥികളും, വലിയ തോതില്‍ മുസ്ലീം ജനസംഖ്യയുമുള്ള പ്രദേശമാണ് ഈ മണ്ഡലം. ഇവിടെ പരമ്പരാഗതമായി തങ്ങളെ പിന്തുണയ്ക്കുന്ന വോട്ടര്‍മാര്‍ ഗ്രീന്‍സിനെ തുണച്ചത് ലേബറിന് ഞെട്ടലായി. ഉപദ്രവമില്ലാത്ത പ്രകൃതിസ്‌നേഹികളല്ല തങ്ങളെന്ന് വിഭാഗീയത നിറഞ്ഞാടിയ പ്രചരണത്തിലൂടെ ഗ്രീന്‍സ് തെളിയിച്ചെന്ന് സ്റ്റാര്‍മര്‍ വിമര്‍ശിച്ചു.

എന്നാല്‍ തങ്ങളെ ജയിപ്പിച്ച വോട്ടര്‍മാരെ തീവ്രവാദികളാക്കി മുദ്രകുത്താനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നതെന്ന് ഗ്രീന്‍ നേതാവ് സാക്ക് പൊളാന്‍സ്‌കി തിരിച്ചടിച്ചു. കോമണ്‍സിലെത്തുന്ന അഞ്ചാമത്തെ ഗ്രീന്‍സ് എംപിയാണ് സ്‌പെന്‍സര്‍. വോട്ടര്‍മാരെ ഭിന്നിപ്പിക്കുകയല്ല, ഒരുമിപ്പിക്കുകയാണ് ചെയ്തതെന്ന് ജേതാവായ ശേഷം പുതിയ എംപി പ്രതികരിച്ചു.

ഗുരുതരമായ പ്രതിച്ഛായ നഷ്ടത്തിനിടെയാണ് സ്റ്റാര്‍മര്‍ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ പ്രവേശിച്ചത്. പ്രത്യേകിച്ച് ലേബര്‍ സ്ഥാനാര്‍ത്ഥിയാകേണ്ട മാഞ്ചസ്റ്റര്‍ മേയര്‍ ആന്‍ഡി ബേണ്‍ഹാമിനെ മാറ്റിനിര്‍ത്തിയ തന്ത്രവും തിരിച്ചടിയായി. ഇതൊരു മുന്നറിയിപ്പായി കണക്കാക്കാന്‍ മുന്‍ ഉപപ്രധാനമന്ത്രി ആഞ്ചെല റെയ്‌നര്‍ ആഹ്വാനം ചെയ്തു.

നോര്‍ത്ത് ഇംഗ്ലണ്ടില്‍ ഗ്രീന്‍ പാര്‍ട്ടിയുടെ ആദ്യ എംപിയാണ് ഹന്നാ സ്‌പെന്‍സര്‍.

  • എന്‍എംസി രജിസ്റ്ററില്‍ പേര് ചേര്‍ക്കപ്പെട്ട നഴ്സുമാരുടെ എണ്ണത്തില്‍ വലിയ കുറവ്
  • വിദ്യാഭ്യാസ വകുപ്പിനും പൊലീസ് ഡാറ്റാബേസിനും നേരെ സൈബര്‍ ആക്രമണം; 7.4 ലക്ഷം വിവരങ്ങള്‍ ചോര്‍ന്നു
  • ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിന് സാങ്കേതിക തകരാര്‍; ഹീത്രൂവില്‍ വന്‍ ദുരന്തം ഒഴിവായി
  • ഇംഗ്ലണ്ടിന്റെ പകുതിയും കടുത്ത വരള്‍ച്ചയില്‍; ജലക്ഷാമം രൂക്ഷം
  • ബാന്‍ഡ് 5 നഴ്‌സില്‍നിന്ന് ന്യൂറോളജി ലീഡ് നഴ്‌സിലേക്ക്; അഭിമാനമായി ഷൈനി ബേസില്‍
  • ഇറാന്‍ യുദ്ധം: ബ്രിട്ടന് കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്
  • അപ്രന്റിസ് ജോലിയില്‍ പ്രവേശിക്കുന്ന വൈകല്യമുള്ള കൗമാരക്കാരുടെ കുടുംബങ്ങള്‍ക്ക് 4,500 പൗണ്ട് ധനസഹായം
  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions