പത്തനാപുരം: മന്ത്രി ഗണേഷ് കുമാറുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ വഴിത്തിരിവ്. ആരോപണങ്ങള്‍ ഉന്നയിച്ച ഭാര്യ ബിന്ദു മേനോനെ വിളിച്ചു മന്ത്രി ക്ഷമാപണം നടത്തി. ഭാര്യയുമായുള്ള പ്രശ്നം പുറത്തു വന്നതോടെ ഗണേഷ്കുമാര്‍ സമ്മര്‍ദത്തിലായിരുന്നു. രാജിയാവശ്യം ശക്തമായിരുന്നു.
ഘടക കക്ഷികളുള്‍പ്പടെ ഗണേഷ്കുമാര്‍ പ്രശ്നം അതീവ ഗുരുതരമെന്നായിരുന്നു വിലയിരുത്തിയത്. ഇതിനിടയിലാണ് പ്രശ്നം ഒത്തുതീര്‍പ്പിലേക്കെത്തുന്നത്. വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്ന് ഗണേഷ് കുമാറിന്റെ ഭാര്യ ബിന്ദു മേനോന്‍ പ്രതികരിച്ചു. ഗണേഷ് ഇന്നലെ സഹോദരിയെ വിളിച്ചതായും ഇന്ന് തന്നെയും വിളിച്ചെന്നും ബിന്ദു മേനോന്‍ പറഞ്ഞു. മന്ത്രി ക്ഷമാപണം നടത്തിയെന്നും തനിക്ക് പരാതിയില്ലെന്നുമാണ് ബിന്ദു മേനോന്‍ പറയുന്നത്.
ഗണേഷിനെ ഇട്ടെറിഞ്ഞ് പോകാനില്ലെന്നും അത്രമേല്‍ ഇഷ്ടപ്പെടുന്നെന്നും ബിന്ദു മേനോന്‍ പ്രമുഖ മാധ്യമത്തോട് പറഞ്ഞു. കാബിനറ്റ് യോഗത്തില്‍ പങ്കെടുക്കാനായി വാളകത്തെ വീട്ടില്‍ നിന്ന് ഇറങ്ങുന്നതിന് മുന്‍പാണ് ഗണേഷ് ഭാര്യയെ വിളിച്ച് ക്ഷമാപണം നടത്തിയത്. തുടര്‍ന്നാണ് പ്രശ്നം ഒത്തുതീര്‍പ്പിലേക്ക് അടുത്തത്.
'ഞാന്‍ ഇന്നലെ നടത്തിയത് വെെകാരിക പ്രതികരണമാണ്. ഇത്രയും വര്‍ഷത്തിനിടെ നിരവധി പ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ട്. ബന്ധം ഉപേക്ഷിച്ച് പോകുന്നില്ല. എല്ലാവര്‍ക്കും തെറ്റ് പറ്റും. മന്ത്രിയായത് കൊണ്ട് അത് ലോകം മുഴുവന്‍ അറിഞ്ഞു. മന്ത്രി ഇതിന് സമൂഹത്തോട് ക്ഷമാപണം ചോദിക്കേണ്ട ആവശ്യമില്ല. എന്നോട് ചോദിച്ചാല്‍ മതിയല്ലോ? ഇനി ഇതിനെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച വേണ്ട. എല്ലാവരോടും ഞാന്‍ അതാണ് ആവശ്യപ്പെടുന്നത്'- ബിന്ദു വ്യക്തമാക്കി.
ഗണേഷ് കുമാറിനെ വാളകത്തെ കുടുംബ വീട്ടില്‍ മറ്റൊരു സ്ത്രീയോടൊപ്പം കണ്ടെന്നും തനിക്കുനേരെ മന്ത്രിയുടെ ജീവനക്കാര്‍ ബലപ്രയോഗം നടത്തിയെന്നുമാണ് കഴിഞ്ഞദിവസം ബിന്ദുമേനോന്‍ വെളിപ്പെടുത്തിയത്. സഹായത്തിന് പൊലീസിനെ വിളിച്ചിട്ടും സംരക്ഷണം കിട്ടിയില്ലെന്നും ബിന്ദു ആരോപിച്ചിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി. ബലപ്രയോഗത്തിലൂടെ ഫോണ്‍ പിടിച്ചുവാങ്ങാന്‍ സ്റ്റാഫ് ശ്രമിച്ചു. ജീവന്‍ അപകടത്തിലാവുമെന്ന് തോന്നിയപ്പോള്‍, സഹോദര ഭാര്യയും മുന്‍ ഡി.ജി.പിയും തലസ്ഥാനത്തെ കൗണ്‍സിലറുമായ ആര്‍.ശ്രീലേഖയെ ഫോണില്‍വിളിച്ച് വിവരമറിയിച്ചെന്നും ബിന്ദു വെളിപ്പെടുത്തിയിരുന്നു.