യു.കെ.വാര്‍ത്തകള്‍

വീട് വാങ്ങിയവര്‍ക്കും മോര്‍ട്ട്ഗേജ് എടുത്തവര്‍ക്കും ഇരുട്ടടി; മോര്‍ട്ട്ഗേജ് പലിശ നിരക്കുകള്‍ 5 ശതമാനം കടന്ന് മുന്നോട്ട്


മദ്ധ്യപൂര്‍വ്വേഷ്യയിലെ സംഘര്‍ഷം ലോകം മുഴുവന്‍ പണപ്പെരുപ്പത്തിന് കാരണമാകുന്ന സാഹചര്യത്തില്‍, ആഗസ്റ്റിന് ശേഷം ഇതാദ്യമായി ശരാശരി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ അഞ്ചു ശതമാനത്തിനു മുകളില്‍ എത്തി. ഇത് പല വീട്ടുടമകള്‍ക്കും കനത്ത തിരിച്ചടിയായിരിക്കുകയാണ്. ബ്രിട്ടനിലെ 25 ല്‍ അധികം വായ്പാദാതാക്കള്‍ അവരുടെ ഫിക്‌സ്ഡ് ഹോം ലോണുകള്‍ക്കുള്ള നിരക്ക് വര്‍ധിപ്പിച്ചു. ഈ വര്‍ധിച്ച നിരക്ക് ദീര്‍ഘകാലം തുടരുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. കഴിഞ്ഞ ഒരു വര്‍ഷക്കാലമായി മോര്‍ട്ട്‌ഗേജ് കുറയുന്ന പ്രവണതയായിരുന്നു ദൃശ്യമായിരുന്നത്.

എന്നാല്‍, കഴിഞ്ഞ രണ്ടാഴ്ച്ചക്കാലമായി ഈ പ്രവണത വിപരീത ദിശയിലേക്ക് മാറിക്കഴിഞ്ഞിരിക്കുന്നു. കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ മാത്രം 500 ഓളം മോര്‍ട്ട്‌ഗേജ് ഓഫറുകളാണ് വിപണിയില്‍ നിന്നും പിന്‍വലിക്കപ്പെട്ടതെന്ന് മണിഫാക്റ്റ്‌സ് പറയുന്നു. ഈ വര്‍ഷം, നിരക്ക് കുറഞ്ഞ ഫിക്‌സ്ഡ് റേറ്റ് ഡീലുകള്‍ കാലാവധി പൂര്‍ത്തിയാക്കുന്ന പത്ത് ലക്ഷത്തിലേറെ കുടുംബങ്ങളുണ്ട്. റീമോര്‍ട്ട്‌ഗേജ് ചെയ്യുമ്പോള്‍ അവര്‍ക്ക് ഇനിമുതല്‍ കൂടുതല്‍ തുക നല്‍കേണ്ടതായി വന്നേക്കാം. അതിനാല്‍ തന്നെ താരതമ്യേന നിരക്ക് കുറഞ്ഞ ഡീലുകള്‍ എത്രയും പെട്ടെന്ന് ലോക്ക് ചെയ്യുവാനാണ് മോര്‍ട്ട്‌ഗേജ് എക്‌സ്പര്‍ട്ടുകള്‍ നിര്‍ദ്ദേശിക്കുന്നത്.

ഒരു സാധാരണ രണ്ട് വര്‍ഷ ഫിക്‌സ്ഡ് നിരക്ക് 4.93 ശതമാനം ഉണ്ടായിരുന്നത് ഇന്നലെ 5.01 ശതമാനമായി വര്‍ദ്ധിച്ചു. മദ്ധ്യപൂര്‍വ്വേഷ്യയിലെ സംഘര്‍ഷം ആരംഭിക്കുന്നതിന് മുമ്പ് ഫെബ്രുവരി 27 ന് ഇത് 4.83 ശതമാനമായിരുന്നു. കഴിഞ്ഞ ആഗസ്റ്റ് 6 ന് ശേഷം ഏറ്റവും ഉയര്‍ന്ന നിലയിലാണ് ഇപ്പോള്‍ മോര്‍ട്ട്‌ഗേജ് നിരക്കെന്ന് മണി ഫാക്റ്റ്‌സ് പറയുന്നു. 5.03 ശതമാനമുണ്ടായിരുന്ന അഞ്ച് വര്‍ഷത്തെ ഫിക്‌സ്ഡ് നിരക്ക് ഇപ്പോള്‍ 5.09 ശതമാനമായിട്ടുണ്ട്. യുദ്ധം ആരംഭിക്കുന്നതിന് മുമ്പ് ഇത് 4.95 ശതമാനമായിരുന്നു.

അഞ്ച് വര്‍ഷം മുന്‍പ്, അതായത് 2021 ല്‍ 9,71,105 അഞ്ച് വര്‍ഷ ഫിക്‌സ്ഡ് മോര്‍ട്ട്‌ഗേജ് ഡീലുകള്‍ വെറും 0.91 ശതമാനം നിരക്കില്‍ വരെ എടുത്തിട്ടുണ്ട്. അന്ന് ശരാശരി അഞ്ച് വര്‍ഷ നിരക്ക് 2.75 ശതമാനമായിരുന്നു. അതായത് അന്ന് 25 വര്‍ഷത്തേക്ക് രണ്ടു ലക്ഷം പൗണ്ട് മോര്‍ട്ട്‌ഗേജ് എടുത്തവര്‍ പ്രതിമാസം 922 പൗണ്ട് ആയിരുന്നു മാസത്തവണകളായി അടച്ചിരുന്നതെങ്കില്‍ അതേ ഡീലിന് ഇന്ന് പ്രതിമാസം 1,180 പൗണ്ട് വീതം തിരിച്ചടയ്‌ക്കേണ്ടതായി വരും.

കഴിഞ്ഞ കുറച്ചു ദിവസങ്ങളില്‍ 28 വായ്പാദാതാക്കളാണ് നിരക്ക് വര്‍ദ്ധിപ്പിച്ചത്. അതിനാല്‍ തന്നെ, മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ താരതമ്യം ചെയ്യുന്ന വെബ്‌സൈറ്റുകള്‍ സന്ദര്‍ശിച്ച് എത്രയും പെട്ടെന്ന് സൗകര്യപ്രദമായ ഒരു ഡീല്‍ ഉറപ്പിക്കേണ്ടിവരും.

  • ഇംഗ്ലണ്ടിലും വെയില്‍സിലും ജയിലിലേക്ക് തിരിച്ചയക്കപ്പെടുന്ന കുറ്റവാളികളുടെ എണ്ണം 28% കൂടി
  • കുടുംബങ്ങളുടെ വരുമാനത്തില്‍ പ്രതിവര്‍ഷം 1050 പൗണ്ടിന്റെ ഇടിവ്!
  • യുകെ വിന്റര്‍ ദുരിതത്തിലേയ്ക്ക്; രണ്ടാഴ്ച്ചക്കകം താപനില മൈനസ് രണ്ടിലേക്ക് വീഴും
  • ബജറ്റിലെ ഇന്‍കംടാക്‌സ് വര്‍ധന വാടക നിരക്കുകള്‍ കൂട്ടാന്‍ നിര്‍ബന്ധിതമാകുമെന്ന് ഉടമകള്‍
  • ബ്രിട്ടനില്‍ 16 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ വിലക്ക്; ടിക് ടോക്കും സ്‌നാപ്ചാറ്റും ഉള്‍പ്പെടും
  • ബജറ്റില്‍ ജോലിക്കാര്‍ക്കും, മദ്യപര്‍ക്കും തിരിച്ചടി; ബെനഫിറ്റുകള്‍ കൈപ്പറ്റുന്നവര്‍ക്ക് നേട്ടം
  • എ&ഇകളിലെ അമിതമായ ജനത്തിരക്കില്‍ മരണങ്ങള്‍ പെരുകിയത് 850%!
  • ഹാര്‍ലോയില്‍ മലയാളി യുവാവ് മരണമടഞ്ഞു
  • ബജറ്റില്‍ 20 മില്യണ്‍ കുടുംബങ്ങള്‍ക്ക് 100 പൗണ്ട് വീതം ഊര്‍ജ്ജ സഹായം പ്രഖ്യാപിച്ചു ചാന്‍സലര്‍; ആദ്യമായി വീട് വാങ്ങുന്നവര്‍ക്കായി 'യുവര്‍ ഫസ്റ്റ് ഹോം സ്കീം
  • ഇ യുവുമായുള്ള സഞ്ചാരസ്വാതന്ത്ര്യം: ഹിതപരിശോധനയ്ക്കു തീരുമാനമില്ലെന്ന് ഡൗണിംഗ് സ്ട്രീറ്റ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions