യു.കെ.വാര്‍ത്തകള്‍

സമരം പിന്‍വലിക്കാന്‍ റസിഡന്റ് ഡോക്ടര്‍മാര്‍ക്ക് 48 മണിക്കൂര്‍ അന്ത്യശാസനം; ഉള്ള പാക്കേജ് കൂടി നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്

ഈസ്റ്ററിന് പിന്നാലെ പണിമുടക്ക് നടത്തുമെന്ന് പ്രഖ്യാപിച്ച റസിഡന്റ് ഡോക്ടര്‍മാര്‍ക്ക് നടപടി പിന്‍വലിക്കാന്‍ 48 മണിക്കൂര്‍ നേരത്തെ സമയപരിധി പ്രഖ്യാപിച്ച് ഗവണ്‍മെന്റ്. ഈ സമയപരിധിക്കുള്ളില്‍ സമരനടപടികളില്‍ നിന്നും പിന്‍വാങ്ങാന്‍ തയ്യാറാകാത്ത പക്ഷം മെച്ചപ്പെടുത്തിയ പാക്കേജും നഷ്ടമാകുമെന്നാണ് മുന്നറിയിപ്പ്.

ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്റെ സമരപ്രഖ്യാപനത്തിനെതിരെ പ്രധാനമന്ത്രി രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി. അംഗങ്ങളുമായി ചര്‍ച്ച പോലും നടത്താതെയാണ് 7.1% ശമ്പളവര്‍ദ്ധന കിട്ടുന്ന പാക്കേജ് തള്ളി പണിമുടക്കുമെന്ന് ബിഎംഎ പ്രഖ്യാപിച്ചത്.

ചില ഡോക്ടര്‍മാര്‍ക്ക് 100,000 പൗണ്ടിലേറെ വരുമാനം നല്‍കുമെന്ന് ഉറപ്പായിട്ടും തങ്ങള്‍ ഉന്നയിച്ച 26 ശതമാനത്തിന് അടുത്ത് എത്തിയില്ലെന്ന് വാദിച്ചാണ് ബിഎംഎ ഓഫര്‍ തള്ളിയത്. 'കരാറില്‍ നിന്നും പിന്‍മാറുന്നത് തെറ്റായ തീരുമാനമാണ്. റസിഡന്റ് ഡോക്ടര്‍മാര്‍ക്ക് വോട്ട് ചെയ്യാന്‍ അവസരം പോലും നല്‍കാതെയുള്ള നീക്കം കൂടുതല്‍ പ്രശ്‌നമാണ്', പ്രധാനമന്ത്രി ടൈംസില്‍ എഴുതിയ ലേഖനത്തില്‍ കുറിച്ചു.

കൂടുതല്‍ മെച്ചപ്പെട്ട വരുമാനവും, പുരോഗതിയും പിന്തുണയും ഓഫര്‍ ചെയ്തത് നിഷേധിച്ചാല്‍ അവര്‍ക്ക് ഈ വര്‍ഷം കിട്ടാന്‍ പോകുന്നത് സ്റ്റാന്‍ഡേര്‍ഡ് പേ അവാര്‍ഡ് മാത്രമാകുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഏപ്രില്‍ 7ന് രാവിലെ 7 മുതല്‍ ഏപ്രില്‍ 13 വരെ പണിമുടക്കാനാണ് ബിഎംഎ തീരുമാനം.

സമരങ്ങള്‍ നിരുത്തരവാദപരവും, അപകടകരവുമാണെന്ന് ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് കുറ്റപ്പെടുത്തി. റസിഡന്റ് ഡോക്ടര്‍മാര്‍ക്ക് അവര്‍ ആവശ്യപ്പെട്ട ശമ്പളവര്‍ദ്ധന നല്‍കിയാണ് ലേബര്‍ ഗവണ്‍മെന്റ് ആദ്യ ഘട്ടം തൃപ്തിപ്പെടുത്തിയത്. എന്നാല്‍ വീണ്ടും റെക്കോര്‍ഡ് വര്‍ദ്ധന ഉന്നയിച്ചതോടെ ഗവണ്‍മെന്റ് നിസ്സഹായരായി.

26 ശതമാനം ശമ്പളവര്‍ദ്ധന ആവശ്യപ്പെട്ട് ഇത് 15-ാം തവണയാണ് ഇവരുടെ സമരം. കൂടുതല്‍ ഓഫര്‍ ചെയ്യണമെന്നാണ് ബിഎംഎയുടെ നിലപാട്. ഇറാനിലെ യുദ്ധവും, പണപ്പെരുപ്പവും കൂടുതല്‍ ഓഫറുകള്‍ അനിവാര്യമാക്കുന്നുവെന്നാണ് ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്.

എന്നാല്‍ ഇറാന്‍ സംഘര്‍ഷം ഏറെ നാളത്തേക്ക് നീളാനുള്ള സാധ്യത കൂടി കണക്കിലെടുത്താണ് ഗവണ്‍മെന്റ് പദ്ധതിയെന്ന് സ്ട്രീറ്റിംഗ് എംപിമാരോട് പറഞ്ഞു. അതിനാല്‍ റസിഡന്റ് ഡോക്ടര്‍മാര്‍ക്ക് ഇതില്‍ കൂടുതല്‍ ഓഫര്‍ മെച്ചപ്പെടുത്താന്‍ സാധിക്കില്ലെന്ന് അദ്ദേഹം പറയുന്നു.

പണിമുടക്ക് 300 മില്ല്യണ്‍ പൗണ്ട് നഷ്ടമാണ് വരുത്തിവെയ്ക്കുകയെന്ന് എന്‍എച്ച്എസ് മേധാവികള്‍ മുന്നറിയിപ്പ് നല്‍കി. അപ്പോയിന്റ്‌മെന്റ് റദ്ദാക്കലിനും, രോഗികളെ ടെസ്റ്റിനും, ചികിത്സയ്ക്കും, സര്‍ജറിക്കും സുദീര്‍ഘമായി കാത്തിരുത്തുന്ന അവസ്ഥയ്ക്കും ഇടയാക്കുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

  • 2008ന് ശേഷം ജനിച്ചവര്‍ക്ക് പുകവലി നിരോധനം; ടുബാക്കോ ആന്‍ഡ് വേപ്പ്‌സ് ബില്ലിന് പാര്‍ലമെന്റിന്റെ അംഗീകാരം
  • സാമ്പത്തിക സമ്മര്‍ദ്ദം: വീട്ടില്‍ നിന്ന് മാറി താമസിക്കാന്‍ മടിച്ചു യുവ ജനത
  • ഇറാന്‍ യുദ്ധം: യുകെയില്‍ രണ്ടര ലക്ഷം പേര്‍ക്കെങ്കിലും ജോലി നഷ്ടമാകും!
  • പുതിയ വാടക നിയമം മെയ് 1ന് നിലവില്‍ വരും; വാടകക്കാരെ ഒഴിപ്പിക്കാന്‍ തിരക്കിട്ട ശ്രമം
  • ഇംഗ്ലണ്ടില്‍ ഓരോ മാസവും മൂന്ന് കുട്ടികള്‍ വീതം കുത്തേറ്റ് മരിക്കുന്നു! ശരാശരി പ്രായം 14
  • ഇംഗ്ലണ്ടിലെ സ്‌കൂളുകളില്‍ ഫോണുകള്‍ നിയമം മൂലം നിരോധിക്കും; നിലപാടില്‍ മലക്കം മറിഞ്ഞു ലേബര്‍ സര്‍ക്കാര്‍
  • മെയില്‍ അസാധാരണ കാലാവസ്ഥ; ലണ്ടന്‍ ഉള്‍പ്പടെ 27 നഗരങ്ങള്‍ മഞ്ഞില്‍ മൂടും
  • ലണ്ടനിലെ സിനഗോഗ്‌ ലക്ഷ്യമിട്ട് തീവെപ്പ് ആക്രമണം; 2 പേര്‍ പിടിയില്‍
  • എയര്‍ ഇന്ത്യ വിമാനാപകടത്തില്‍ ഭാര്യയും കുഞ്ഞും മരിച്ചു; ഭര്‍ത്താവിനെ ഇന്ത്യയിലേക്ക് നാടുകടത്താന്‍ യുകെ
  • പരീക്ഷകള്‍ക്കു അതിയായ പ്രാധാന്യം നല്‍കുന്നത് ഒഴിവാക്കണമെന്നു നിര്‍ദ്ദേശം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions