ഇറാനില്‍ ട്രംപ് തുടങ്ങിവെച്ച യുദ്ധം ലോകത്തിന്റെ ഊര്‍ജ്ജവിതരണം വലിയ തോതില്‍ തടസ്സപ്പെടുത്തി. ഇതോടെ മറ്റുരാജ്യങ്ങളെപ്പോലെ ബ്രിട്ടനിലും ഇന്ധന, ഗ്യാസ് ക്ഷാമം വിലക്കയറ്റത്തിനും, സാമ്പത്തിക ഞെരുക്കത്തിനും കാരണമാകുകയാണ്.
'ട്രംപ്ഫ്‌ളേഷന്‍' എന്ന് വിളിക്കപ്പെടുന്ന ഈ അവസ്ഥ മൂലം ബ്രിട്ടനിലെ വിവിധ മേഖകളില്‍ ആഘാതം സൃഷ്ടിക്കപ്പെടുമെന്നാണ് കരുതുന്നത്. ഇതില്‍ പ്രധാനമായി മാറുന്നത് ഭവന വിപണിയാണ്. നിലവിലെ സാഹചര്യങ്ങള്‍ സാമ്പത്തിക ഞെരുക്കം വര്‍ദ്ധിപ്പിക്കുകയും, ഉയര്‍ന്ന പലിശ നിരക്കുകള്‍ക്ക് കാരണമാകുകയും ചെയ്യുമ്പോള്‍ ഈ വര്‍ഷം ഭവനവില 5 ശതമാനമെങ്കിലും ഇടിയുമെന്നാണ് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്.
മിഡില്‍ ഈസ്റ്റ് യുദ്ധത്തിന്റെ തിരിച്ചടിയായി ബ്രിട്ടനിലെ ഫസ്റ്റ്‌ടൈം ബയേഴ്‌സ് പതിയെ വിപണിയില്‍ നിന്നും വിട്ടുനില്‍ക്കുമെന്ന് ഡെച്ച് ബാങ്ക് പറയുന്നു. കൂടാതെ വീട് മാറാന്‍ ഉദ്ദേശിക്കുന്നവരും തല്‍ക്കാലം ആഗ്രഹം ഒതുക്കും. 'ഇറാന്‍ സംഘര്‍ഷം ഹൗസിംഗ് വിപണിയുടെ പെട്ടെന്നുള്ള തിരിച്ചുവരവിന് വിഘാതം സൃഷ്ടിച്ചിരിക്കുകയാണ്', ഡെച്ച് ബാങ്ക് ചീഫ് യുകെ ഇക്കണോമിസ്റ്റ് സഞ്ജയ് രാജ പറഞ്ഞു.
മിഡില്‍ ഈസ്റ്റ് യുദ്ധം ലോകത്ത് മുഴുവന്‍ പ്രതിഫലനം സൃഷ്ടിക്കുന്നുവെന്നതിന്റെ പുതിയ ഉദാഹരണമാണ് യുകെയുടെ അനുഭവം. മാര്‍ച്ച് മാസത്തിലെ ഭവനവിലയില്‍ 0.5 ശതമാനം പ്രതിമാസ ഇടിവ് നേരിട്ടുവെന്നാണ് ഹാലിഫാക്‌സ് വ്യക്തമാക്കുന്നത്. യുദ്ധം മൂലം എനര്‍ജി സപ്ലൈ കടുത്ത സമ്മര്‍ദത്തിലാണ്. ആഗോള എണ്ണ, ഗ്യാസ് വിലയെ ഇത് പ്രതിസന്ധിയിലാക്കിയതോടെയാണ് സമ്പദ് വ്യവസ്ഥയില്‍ തിരിച്ചടികള്‍ നേരിടുന്നത്.
ഹലിഫാക്‌സ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം മാര്‍ച്ച് മാസത്തില്‍ വീടുകളുടെ വില ശരാശരി 0.5% കുറഞ്ഞു. ഫെബ്രുവരിയില്‍ 0.3% ഉയര്‍ന്നതിന് പിന്നാലെയാണ് ഈ ഇടിവ് രേഖപ്പെടുത്തിയത്.
ഈ ഇടിവിന് പ്രധാന കാരണം മോര്‍ട്ട്ഗേജ് നിരക്കുകളുടെ ഉയര്‍ച്ചയാണ്. യുഎസ് -ഇറാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ധന വിപണിയില്‍ ഉണ്ടായ അനിശ്ചിതത്വം പലിശനിരക്കുകളില്‍ പ്രതിഫലിക്കുകയും, അതുവഴി വീടുവാങ്ങുന്നവരുടെ ചെലവ് വര്‍ദ്ധിക്കുകയും ചെയ്തു.
അതോടൊപ്പം, കുറഞ്ഞ പലിശനിരക്കില്‍ ലഭ്യമായ നൂറുകണക്കിന് മോര്‍ട്ട്ഗേജ് ഓഫറുകള്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കപ്പെട്ടതും വലിയ സ്വാധീനം ചെലുത്തി. ലിസ് ട്രസ് അവതരിപ്പിച്ച 2022 ലെ മിനി ബജറ്റിന് ശേഷമാണ് ഇത്തരത്തില്‍ വലിയ തോതില്‍ മോര്‍ട്ട്ഗേജ് ഡീലുകള്‍ ഒരു മാസത്തിനുള്ളില്‍ ഇല്ലാതാകുന്നത് വീണ്ടും കാണുന്നത്.
എങ്കിലും, നിലവിലെ മോര്‍ട്ട്ഗേജ് നിരക്കുകളുടെ ഉയര്‍ച്ച നാല് വര്‍ഷം മുമ്പുണ്ടായതിനെ അപേക്ഷിച്ച് അത്ര അധികമല്ലെന്നാണ് ഹലിഫാക്‌സ് വ്യക്തമാക്കുന്നത്. ഇതുകൊണ്ട് വിപണിയില്‍ ചില മാറ്റങ്ങള്‍ ഉണ്ടെങ്കിലും, പൂര്‍ണമായ ഒരു വലിയ ഇടിവിലേക്കുള്ള സൂചനകളായി ഇത് കണക്കാക്കേണ്ടതില്ലെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.