സിനിമ

ഇതിഹാസ ഗായിക ആശാ ഭോസ്‌ലെയ്ക്ക് സംഗീത ലോകത്തിന്റെ വിട



ഇന്ത്യന്‍ സിനിമാ ലോകത്തെ പ്രശസ്ത പിന്നണി ഗായിക ആശാ ഭോസ്‌ലെ(92) യ്ക്ക് വിട. ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയിലെ കാന്‍ഡി ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. കഴിഞ്ഞ ദിവസമാണ് ആശയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ലതാ മങ്കേഷ്‌കറുടെ സഹോദരിയായ അവര്‍ ഇന്ത്യന്‍ സംഗീത ലോകത്തെ ഇതിഹാസമാണ്. എല്ലാവിധ പാട്ടുകളും അവിസ്മരണീയമാക്കിയ കലാകാരി. ഗ്രാമി നാമനിര്‍ദേശം ലഭിച്ച ആദ്യ ഇന്ത്യക്കാരിയായ ആശയെ രാജ്യം പത്മവിഭൂഷണും ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡും നല്‍കി ആദരിച്ചിട്ടുണ്ട്. 20 ഭാഷകളിലായി പതിനായിരത്തിലധികം ഗാനങ്ങള്‍ ആലപിച്ച അവര്‍ സംഗീത കുടുംബത്തില്‍ നിന്നാണ് വരുന്നത്. അച്ഛന്‍ ദീനനാഥ് മങ്കേഷ്‌കറുടെ ശിക്ഷണത്തില്‍ സംഗീതം പഠിച്ച അവര്‍ തന്റെ ഒന്‍പതാം വയസ്സില്‍ അച്ഛന്‍ മരിച്ചതിനെത്തുടര്‍ന്നാണ് സഹോദരി ലതയ്ക്ക് പിന്നാലെ സിനിമയിലേക്ക് എത്തിയത്.

മറാഠി സിനിമയിലൂടെ അരങ്ങേറിയ ആശ ഭോസ്‌ലെ 1948-ല്‍ 'ചുനാരിയ' എന്ന ചിത്രത്തിലൂടെയാണ് ഹിന്ദിയില്‍ സജീവമായത്. അന്നത്തെ മുന്‍നിര ഗായികമാരായ ലതയും ഗീത റോയിയും തിളങ്ങിനില്‍ക്കുന്ന കാലത്ത് സ്വന്തമായ ഒരിടം കണ്ടെത്തുക അവര്‍ക്ക് പ്രയാസകരമായിരുന്നു. 16-ാം വയസ്സില്‍ വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് ഗണ്‍പത്‌റാവു ഭോസ്‌ലയെ വിവാഹം കഴിച്ചെങ്കിലും ആ ബന്ധം പരാജയപ്പെട്ടു. പിന്നീട് 1956-ല്‍ ഒ.പി. നയ്യാറുമായുള്ള കൂട്ടുകെട്ടാണ് അവരുടെ ജീവിതത്തില്‍ വഴിത്തിരിവായത്. സിഐഡി, ഹൗറ ബ്രിഡ്ജ് തുടങ്ങിയ നിരവധി ഹിറ്റ് ചിത്രങ്ങള്‍ ഈ കൂട്ടുകെട്ടില്‍ പിറന്നു. തുടര്‍ന്ന് ആര്‍.ഡി. ബര്‍മനുമായുള്ള സഹകരണം അവരെ ഇന്ത്യന്‍ സിനിമയിലെ ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമാക്കി മാറ്റി. ആ ബന്ധം പിന്നീട് വിവാഹത്തിലും കലാശിച്ചു.

ഗസല്‍, കാബറെ, പോപ്, ക്ലാസിക്കല്‍ തുടങ്ങി സംഗീതത്തിന്റെ എല്ലാ മേഖലകളിലും തന്റെ കഴിവ് തെളിയിക്കാന്‍ ബര്‍മന്‍ ഗാനങ്ങളിലൂടെ അവര്‍ക്ക് സാധിച്ചു. തൊണ്ണൂറുകളില്‍ സജീവമല്ലാതിരുന്ന ആശയെ എ.ആര്‍. റഹ്മാനാണ് 'രംഗീല'യിലൂടെ വീണ്ടും തിരികെ കൊണ്ടുവന്നത്. തുടര്‍ന്ന് താല്‍, ലഗാന്‍ തുടങ്ങിയ സിനിമകളിലൂടെ അവര്‍ പുതിയ തലമുറയ്ക്കും പ്രിയങ്കരിയായി മാറി. ബോംബെ രവി, ഇളയരാജ തുടങ്ങി സംഗീത ലോകത്തെ പ്രഗത്ഭരായ മിക്ക സംഗീതസംവിധായകര്‍ക്കൊപ്പവും അവര്‍ അവിസ്മരണീയമായ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.

  • കുറ്റാരോപിതര്‍ അമ്മ തലപ്പത്ത് വരില്ല'; വീണ്ടും കുറിപ്പുമായി ശ്വേത മേനോന്‍
  • ദേശീയ ചലച്ചിത്ര അവാര്‍ഡ്: മികച്ച നടന്‍ മമ്മൂട്ടി; ഗായിക വൈക്കം വിജയലക്ഷ്മി
  • പിഴവുകള്‍ തിരുത്തും; 'അമ്മ' അംഗങ്ങള്‍ക്ക് തുറന്ന കത്തുമായി ശ്വേതാ മേനോന്‍
  • വിജയ് കൊച്ചിയിലെത്തും; മോഹന്‍ലാലിനൊപ്പം ഓപ്പറേഷന്‍ തൂഫാന്‍ പരിപാടിയില്‍
  • അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ജനനായകന്‍ റിലീസ്
  • ഇപ്പോള്‍ ഒരു ഹാപ്പി റിലേഷന്‍ഷിപ്പില്‍; വിവാഹം ഉടനില്ലെന്ന് സാനിയ
  • വിഖ്യാത ഗായിക എസ് ജാനകി വിടവാങ്ങി
  • എല്ലാം ഉപേക്ഷിച്ച് ജനങ്ങള്‍ക്കായി വന്നവനാണ്! കുറ്റപ്പെടുത്തിയാല്‍ ഇറങ്ങി ഓടുമെന്ന് കരുതിയോ? വിജയ് കരൂരില്‍
  • പിഷാരടിയോട് വലിയ വിശ്വാസവഞ്ചനയാണ് ശ്വേത കാണിച്ചിരിക്കുന്നതെന്ന് ബീന ആന്റണി
  • അന്‍സിബയുടെ പരാതി; മുന്‍കൂര്‍ ജാമ്യം തേടി ടിനി ടോം കോടതിയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions