വര്‍ണവിവേചനം, ജാതി അധിക്ഷേപം, ഗുണ്ടായിസം... കേരളത്തിലെ പല കാമ്പസുകളിലും നടക്കുന്നത് ഞെട്ടിക്കുന്ന കാര്യങ്ങള്‍. ഡെന്റല്‍ കോളേജിലെ വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം കേരളത്തിന്റെ പോക്ക് എങ്ങോട്ടാണെന്ന ഗൗരവകരമായ ചോദ്യമാണ് മുന്നോട്ടു വയ്ക്കുന്നത്.
തിരുവനന്തപുരം ചാലക്കടവ് സ്വദേശിയായ നിതിന്‍ രാജ് അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു. വെള്ളിയാഴ്ചയാണ് കോളേജ് കെട്ടിടത്തില്‍ നിന്ന് വീണ നിലയിലാണ് നിതിനെ കണ്ടത്. ഉടന്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കോളേജിലെ അധ്യാപകര്‍ നിതിനെ മാനസികമായി ഉപദ്രവിച്ചിരുന്നെന്നും അധിക്ഷേപിച്ചിരുന്നെന്നുമാണ് കുടുംബം പരാതി ഉന്നയിക്കുന്നത്. നിതിന്റെ മരണത്തില്‍ ആരോപണവിധേയരായ ഡെന്റല്‍ അനാട്ടമി വിഭാഗം മേധാവി ഡോ. റാം, അസോസിയേറ്റ് പ്രൊഫസര്‍ ഡോ. സംഗീത എന്നിവരെ അന്വേഷണവിധേയമായി കോളേജ് സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. ഇവര്‍ക്കെതിരെ ഇന്നലെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്. പട്ടികജാതി പട്ടികവര്‍ഗ്ഗ അതിക്രമ നിരോധന വകുപ്പും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതിന് പിന്നാലെ ഡോ. എം.കെ. റാം, ഡോ. കെ ടി സംഗീത എന്നിവരെ ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ് പൊലീസ്. കോളേജിലെ വിദ്യാര്‍ത്ഥികളുടെ മൊഴിയും ഇന്ന് രേഖപ്പെടുത്തും. ആരോപണവിധേയനായ അധ്യാപകന്‍ ഡോ. എം കെ റാമിനെതിരെ ഗുരുതര വെളിപ്പെടുത്തലുകളുമായി വിദ്യാര്‍ഥികള്‍ രംഗത്തുവന്നിട്ടുണ്ട്. അധ്യാപകന്‍ ഡോ.എം കെ റാം ബോഡി ഷെയ്മിങ് നടത്തുന്നത് പതിവെന്ന് വിദ്യാര്‍ഥികള്‍ ഉള്‍പ്പടെയുള്ളവര്‍ തുറന്നുപറഞ്ഞു. പെണ്‍കുട്ടികളെ തല്ലാന്‍ ആണ്‍കുട്ടികള്‍ക്ക് അധ്യാപകന്‍ നിര്‍ദേശം നല്‍കുമെന്നും വിദ്യാര്‍ഥികള്‍ വെളിപ്പെടുത്തി .
എംകെ റാം നിറത്തിന്റെ പേരില്‍ വിദ്യാര്‍ഥികളെ പറയുമായിരുന്നുവെന്ന് വിദ്യര്‍ഥിനി പ്രതികരിച്ചു. നിറം പറഞ്ഞ് അധിക്ഷേപിക്കുന്നതായി ഡീനിന് പരാതി നല്‍കിയിട്ടുണ്ട്. അതിന്റെ വിവരങ്ങള്‍ പോലും അറിയില്ലെന്ന് വിദ്യാര്‍ഥിനി പറഞ്ഞു. ബ്ലാക്കി, വൈറ്റി, കോക്രോച്ച്, സ്‌കിന്നി എന്നിങ്ങനെയാണ് വിദ്യാര്‍ഥികളെ അധ്യാപകന്‍ വിളിച്ചിരുന്നത്. ആണ്‍കുട്ടികളെ അധ്യാപകന്‍ ഉപദ്രവിക്കാറുണ്ടെന്നും വിദ്യാര്‍ഥിനി പറഞ്ഞു.
പെണ്‍കുട്ടികളെ തല്ലാന്‍ ആണ്‍കുട്ടികള്‍ക്ക് നിര്‍ദേശം നല്‍കും. തിരിച്ച് പ്രതികരിക്കാന്‍ കഴിയില്ല. തല്ലാന്‍ വരുന്ന ആണ്‍കുട്ടിയ്ക്കും മറ്റ് മാര്‍ഗമില്ല. ആ കുട്ടിയും നിസാഹയനാണെന്ന് വിദ്യാര്‍ഥിനി പറയുന്നു.
അതേസമയം, പൊലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് കുടുംബം പ്രതികരിച്ചു. പൊലീസ് അന്വേഷണത്തിലൂടെ നീതി കിട്ടുമെന്ന പ്രതീക്ഷയില്ലെന്ന് നിതിന്‍ രാജിന്റെ അച്ഛന്‍ രാജന്‍ പറഞ്ഞു. മകന്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും മകന്റെ മരണം കൊലപാതകം ആണെന്നും രാജന്‍ ആരോപിച്ചു. മകന്റെ മരണത്തിനുശേഷം കോളേജ് അധികൃതരോ വിദ്യാര്‍ഥികളോ വീട്ടിലെത്താത്തതില്‍ ദുരൂഹതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ പ്രതികളായ അധ്യാപകര്‍ക്ക് മാത്രമല്ല ലത എന്ന അധ്യാപികയ്ക്കും കമല്‍ എന്ന ഹോസ്റ്റല്‍ വാര്‍ഡനും മകന്റെ മരണത്തില്‍ പങ്കുണ്ടെന്നും പിതാവ് ആരോപിച്ചു.
'എന്തിനാണ് മകനെ ഇരുട്ട് മുറിയില്‍ അടച്ചത്. പലതവണയായി മകന്‍ നല്‍കിയ പരാതികള്‍ പ്രിന്‍സിപ്പല്‍ പൂഴ്ത്തിവെച്ചു. മകന്‍ കോളേജില്‍ എത്തി ഒരു മാസം മുതല്‍ റാഗിംഗ് നേരിട്ടു. പല വസ്ത്രങ്ങള്‍ ഇടാന്‍ പോലും സമ്മതിച്ചില്ല. ടി ഷര്‍ട്ട് ഇട്ടതുപോലും ഊരിപ്പിച്ചു. അന്ന് തുടങ്ങിയതാണ് ഈ ക്രൂരത. കുളിക്കാന്‍ പോലും സമ്മതിച്ചില്ല. തുണി അലക്കാന്‍ മണിക്കൂറുകള്‍ കാത്തുനില്‍ക്കേണ്ടി വന്നു'വെന്നും പിതാവ് ആരോപിച്ചു.
എച്ച്ഒഡി മൃഗീയമായി മകനെ അധിക്ഷേപിച്ചു. കണ്ണാടിയില്‍ നോക്കാന്‍ പോലും പറഞ്ഞു. തന്റെ മകന് എന്തായിരുന്നു ഒരു കുറവ്. എല്ലാവരുടേയും മുന്നില്‍വെച്ച് പുഴുത്ത പട്ടി എന്ന് വരെ വിളിച്ചു. ജീവനോടെ എങ്കിലും മകനെ തരാമായിരുന്നു. മകനെ പറ്റി എന്തെങ്കിലും പരാതി ഉണ്ടെങ്കില്‍ അത് കുടുംബത്തെ അറിയിക്കാമായിരുന്നു. മെറിറ്റില്‍ അഡ്മിഷന്‍ കിട്ടിയ ആളാണ് മകന്‍. സിദ്ധാര്‍ത്ഥിനെപ്പോലെ തന്റെ മകനേയും കൊന്നുവെന്നും പിതാവ് പറഞ്ഞു.
നിധിന്‍ ലോണ്‍ ആപ്പില്‍ നിന്ന് കടം എടുത്തിരുന്നുവെന്നും അതിന്റെ പേരില്‍ അധ്യാപികയ്ക്ക് ഫോണ്‍വന്നിരുന്നുവെന്നും പൊലീസ് പറയുന്നു. വീട്ടുകാര്‍ അറിഞ്ഞുള്ള പണമിടപാട് ആണെന്നും അതിന്റെ പേരില്‍ ബുദ്ധിമുട്ട് ഉണ്ടായെങ്കില്‍ കോളേജ് അധികൃതര്‍ വീട്ടുകാരെ അറിയിക്കുകയായിരുന്നു വേണ്ടിയിരുന്നതെന്ന് നിതിന്റെ സഹോദരി നികിത പ്രതികരിച്ചു. നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട ഇന്ന് ഗവര്‍ണറെ കണ്ട് കാര്യങ്ങള്‍ അറിയിക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു. ഇന്നലെ സുരേഷ് ഗോപി നിതിന്റെ വീട്ടിലൈത്തി കുടുംബവുമായി സംസാരിച്ചിരുന്നു. കണ്ണൂര്‍ കമ്മിഷണറും നിതിന്റെ കുടുംബവും പറഞ്ഞ കാര്യങ്ങളില്‍ ചില പൊരുത്തക്കേടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കുടുംബത്തിന്റെ ആശങ്കകള്‍ പരിഹരിക്കാന്‍ ഇടപെടലുകള്‍ ഉണ്ടാകുമെന്നും സുരേഷ് ഗോപി പറഞ്ഞു.