യു.കെ.വാര്‍ത്തകള്‍

യുകെയില്‍ പാര്‍ക്കിങ് മെഷീനുകള്‍ കേന്ദ്രീകരിച്ചുള്ള സൈബര്‍ തട്ടിപ്പ് വ്യാപകം

യുകെയിലെ വിവിധ നഗരങ്ങളില്‍ പാര്‍ക്കിങ് മെഷീനുകള്‍ കേന്ദ്രീകരിച്ചുള്ള സൈബര്‍ തട്ടിപ്പ് വ്യാപകമാകുന്നു. 'ക്വിഷിങ്' എന്നറിയപ്പെടുന്ന ഈ തട്ടിപ്പിലൂടെ വാഹന ഉടമകളുടെ ബാങ്ക് വിവരങ്ങള്‍ ചോര്‍ത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍. പാര്‍ക്കിങ് ഫീസിനായി മെഷീനുകളില്‍ പതിപ്പിച്ചിട്ടുള്ള ഔദ്യോഗിക ക്യുആര്‍ കോഡുകള്‍ക്ക് മുകളില്‍ തട്ടിപ്പുകാര്‍ വ്യാജ സ്റ്റിക്കറുകള്‍ ഒട്ടിച്ചാണ് ഇരകളെ കുടുക്കുന്നത്. ലണ്ടന്‍, പോര്‍ട്‌സ്മൗത്ത്, ബോണ്‍മൗത്ത്, ബെല്‍ഫാസ്റ്റ്, നോട്ടിംഗ്ഹാംഷെയര്‍ തുടങ്ങിയ നഗരങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ വര്‍ധിച്ചതോടെ പൊലീസ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. വ്യാജ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ ഉപയോക്താവ് പാര്‍ക്കിങ് കമ്പനികളുടെ വെബ്‌സൈറ്റുകളോട് സാമ്യമുള്ള വ്യാജ സൈറ്റുകളിലേക്കാണ് എത്തുന്നത്. കാര്‍ഡ് വിവരങ്ങള്‍ നല്‍കുന്നതോടെ അവ തട്ടിപ്പുകാരുടെ കൈവശമാകും. ചിലയിടങ്ങളില്‍ 'പെനാല്‍റ്റി ഒഴിവാക്കാന്‍ ഉടന്‍ പണമടയ്ക്കുക' എന്ന സന്ദേശം നല്‍കി ആളുകളെ ഭയപ്പെടുത്തി വേഗത്തില്‍ സ്‌കാന്‍ ചെയ്യിക്കുന്ന രീതിയും കണ്ടെത്തിയിട്ടുണ്ട്.

നാഷണല്‍ സൈബര്‍ സെക്യൂരിറ്റി സെന്ററും പ്രാദേശിക കൗണ്‍സിലുകളും പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പാര്‍ക്കിങ് മെഷീനുകളില്‍ കാണുന്ന ക്യുആര്‍ കോഡുകള്‍ സ്‌കാന്‍ ചെയ്യാതിരിക്കുന്നതാണ് ഏറ്റവും സുരക്ഷിതം. സംശയം തോന്നിയാല്‍ ആ കോഡ് സ്‌കാന്‍ ചെയ്യരുതെന്നും, പണമടയ്ക്കുന്നതിനായി PayByPhone പോലുള്ള ഔദ്യോഗിക ആപ്പുകള്‍ നേരിട്ട് പ്ലേസ്റ്റോറിലോ ആപ്പ് സ്റ്റോറിലോ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കണമെന്നും നിര്‍ദേശിക്കുന്നു. വ്യാജ കോഡ് സ്‌കാന്‍ ചെയ്ത് ബാങ്ക് വിവരങ്ങള്‍ നല്‍കിയാല്‍ ഉടന്‍ ബാങ്ക് ആപ്പ് വഴി കാര്‍ഡ് ബ്ലോക്ക് ചെയ്യുകയും ബാങ്കുമായി ബന്ധപ്പെട്ട് വിവരം അറിയിക്കുകയും വേണം.

അതോടൊപ്പം നാഷണല്‍ സൈബര്‍ സെക്യൂരിറ്റി സെന്ററിലോ ആക്ഷന്‍ ഫ്രോഡിലോ വിവരം നല്‍കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. ഡോര്‍സെറ്റ് കൗണ്‍സില്‍ ഉള്‍പ്പെടെയുള്ള ചില പ്രാദേശിക ഭരണകൂടങ്ങള്‍ തങ്ങളുടെ പാര്‍ക്കിങ് മെഷീനുകളില്‍ ക്യുആര്‍ കോഡുകള്‍ ഉപയോഗിക്കുന്നേയില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ ഇത്തരം ഇടങ്ങളില്‍ കാണുന്ന എല്ലാ ക്യുആര്‍ കോഡുകളും വ്യാജമാണെന്ന് ഉറപ്പിക്കാം. യുകെയില്‍ മാത്രമല്ല, ന്യൂയോര്‍ക്ക് പോലുള്ള രാജ്യാന്തര നഗരങ്ങളിലും സമാനമായ തട്ടിപ്പുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പാര്‍ക്കിങ് മെഷീനുകള്‍ ഉപയോഗിക്കുമ്പോള്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്നും സംശയാസ്പദമായ സാഹചര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊലീസിനെ അറിയിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

  • ഡ്രൈവിംഗ് ഫീസ് വെളിപ്പെടുത്താതെ ഉപഭോക്താക്കളെ കബളിപ്പിച്ചു: എഎയും ബിഎസ്എയും 760,000 പൗണ്ട് തിരിച്ചു നല്‍കണം
  • എന്‍എച്ച്എസില്‍ സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിന് പുതിയ പദ്ധതിയുമായി ഹെല്‍ത്ത് സെക്രട്ടറി
  • മോട്ടബിലിറ്റി ബ്ലാക് ബോക്‌സ് നിയമം പ്രാബല്യത്തില്‍; ഡ്രൈവര്‍മാര്‍ക്ക് നിയന്ത്രണങ്ങള്‍
  • സ്കൂള്‍ ഭക്ഷണത്തില്‍ കര്‍ശന മാറ്റങ്ങള്‍; ഡീപ്പ്-ഫ്രൈഡ് ഭക്ഷണങ്ങള്‍ക്ക് നിരോധനം, പഞ്ചസാരയ്ക്കും നിയന്ത്രണം
  • കുടിയേറ്റ നയം: സര്‍ക്കാര്‍ അവകാശപ്പെടുന്ന പണം ലഭിക്കില്ലെന്ന് കണക്കുകള്‍
  • 21000 തൊഴിലുകള്‍ വെട്ടിക്കുറയ്ക്കാന്‍ എന്‍എച്ച്എസ് ട്രസ്റ്റുകള്‍; നഴ്‌സുമാര്‍ക്കും ആശങ്ക!
  • സ്റ്റാമ്പ് ഡ്യൂട്ടി ഇടവേള അവസാനിച്ചു; ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് ഡ്യൂട്ടി ഇനത്തില്‍ നല്‍കേണ്ടി വന്നത് മൂന്നിരട്ടി തുക
  • മെനിഞ്ചൈറ്റിസ് രോഗ ബാധ: 12,000 പേര്‍ക്ക് രണ്ടാം ഡോസ് വാക്സിന്‍ നല്‍കാന്‍ നടപടിയുമായി എന്‍എച്ച്എസ്
  • ലണ്ടനിലെ ലേറ്റണ്‍ സ്റ്റോണ്‍ വാര്‍ഡില്‍ റീഫോം യുകെ സ്ഥാനാര്‍ത്ഥിയായി മലയാളി
  • ജീവനക്കാര്‍ സമരത്തിനിറങ്ങിയതോടെ റസിഡന്റ് ഡോക്ടര്‍മാരുടെ കോണ്‍ഫറന്‍സ് റദ്ദാക്കി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions