പൗണ്ടിനെതിരെ രൂപ 128 ല്‍; പ്രധാന കറന്‍സികള്‍ക്കെതിരെയും വീഴ്ച, നേട്ടം കൊയ്ത് പ്രവാസികള്‍
ലണ്ടന്‍: രൂപയ്‌ക്കെതിരെ ബ്രിട്ടീഷ് പൗണ്ട് റെക്കോര്‍ഡ് കുതിപ്പുമായി മുന്നോട്ട്. പൗണ്ടും ഇന്ത്യന്‍ രൂപയും തമ്മിലുള്ള വിനിമയ നിരക്കില്‍ റെക്കോര്‍ഡ് വര്‍ധനയാണ് വന്നിരിക്കുന്നത്. രൂപയ്‌ക്കെതിരെ 125 ല്‍ എത്തി.
ഒരു പൗണ്ടിന്റെ വില 128.78 രൂപവരെയെത്തി .
നാട്ടിലേക്ക് പണം അയക്കുന്നവര്‍ക്ക് നേട്ടമാകുമ്പോള്‍ നാട്ടില്‍ നിന്ന് പണം അയക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും മറ്റും തിരിച്ചടിയാണ്. പഠനത്തിനെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് രൂപയില്‍ നിന്നുള്ള വിനിമയ നിരക്കിലെ വര്‍ദ്ധനവ് വലിയ തിരിച്ചടിയാണ്. ഇന്ത്യയിലേക്ക് പണം അയയ്ക്കുന്നവര്‍ക്ക് വര്‍ധന വലിയ നേട്ടമാകും.
അന്താരാഷ്ട്ര വിനിമയ വിപണിയില്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം റെക്കോര്‍ഡ് താഴ്ചയിലെത്തിയതോടെ ഗള്‍ഫ് രാജ്യങ്ങളിലെയും യൂറോപ്യന്‍ രാജ്യങ്ങളിലെയും ഇന്ത്യന്‍ പ്രവാസികള്‍ക്ക് ഇത് സാമ്പത്തികമായി അനുകൂലമായ സാഹചര്യമാണ്. യുദ്ധഭീതിയും യാത്രാ തടസ്സങ്ങളും നിലനില്‍ക്കുന്നതിനിടയിലും രൂപയുടെ ഇടിവ് ഉപയോഗപ്പെടുത്തി നാട്ടിലേക്ക് കൂടുതല്‍ പണം അയക്കാനുള്ള തിരക്കിലാണ് മലയാളികള്‍ അടക്കമുള്ള പ്രവാസികള്‍. ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യം സര്‍വ്വകാല റെക്കോര്‍ഡ് താഴ്ചയായ 94.89 രൂപയായി ഇടിഞ്ഞിട്ടുണ്ട്. ലോകത്തിലെ പല കറന്‍സികളോടും രൂപയുടെ മൂല്യം ഗണ്യമായി കുറഞ്ഞിരിക്കുകയാണ്.
അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയരുന്നത് തുടര്‍ന്നാല്‍ രൂപയുടെ മൂല്യം ഇനിയും ഇടിയാന്‍ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്. അത്തരമൊരു സാഹചര്യം ഉണ്ടായാല്‍ പൗണ്ട് മൂല്യം 130 രൂപയിലേക്ക് ഉയരാനിടയുണ്ട്. ഗള്‍ഫ് രാജ്യങ്ങളില്‍ യുഎഇ ദിര്‍ഹവുമായി താരതമ്യത്തില്‍ രൂപയുടെ മൂല്യം 25.83 രൂപയിലും, സൗദി റിയാല്‍ 25.29 രൂപയിലും, കുവൈറ്റ് ദിനാര്‍ 308.81 രൂപയിലും എത്തിയിട്ടുണ്ട്. ഇതോടെ ഗള്‍ഫ് പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണം അയക്കുന്നത് കൂടുതല്‍ ലാഭകരമായ സാഹചര്യമായി മാറി. ഇതിന്റെ പശ്ചാത്തലത്തില്‍ ഗള്‍ഫിലെ എക്‌സ്‌ചേഞ്ച് കേന്ദ്രങ്ങളില്‍ വലിയ തിരക്ക് അനുഭവപ്പെടുന്നുണ്ട്. യുകെയിലുള്ള മലയാളികളും നാട്ടിലെ ആവശ്യങ്ങള്‍ക്കായി കൂടുതല്‍ പണം അയക്കുന്ന തിരക്കിലാണ്.
കേരളത്തില്‍ രാഷ്ട്രീയ സാഹചര്യത്തില്‍ മാറ്റം സംഭവിക്കാമെന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ നിലനില്‍ക്കുന്നതിനിടെ, വീടുനിര്‍മാണം, സ്ഥലം വാങ്ങല്‍ തുടങ്ങിയ റിയല്‍ എസ്റ്റേറ്റ് മേഖലകളിലേക്ക് പ്രവാസികള്‍ കൂടുതല്‍ നിക്ഷേപം നടത്താന്‍ സാധ്യതയുണ്ടെന്ന് വിലയിരുത്തുന്നു. എന്നാല്‍ രൂപയുടെ ഇടിവ് ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്ക് പ്രതികൂല ഫലങ്ങളും ഉണ്ടാക്കും. ഇറക്കുമതി സാധനങ്ങളുടെ വില കുത്തനെ ഉയരാന്‍ സാധ്യതയുണ്ട്. പ്രത്യേകിച്ച് മൊബൈല്‍ ഫോണുകള്‍, ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍, അവയുടെ സ്‌പെയര്‍ പാര്‍ട്‌സ് എന്നിവയ്ക്ക് വില വര്‍ധിക്കും. ഇന്ധന വിലകളും ഇതോടെ കൂടുതല്‍ ഉയരാനിടയുണ്ട്. ഗ്യാസ്, പെട്രോള്‍, ഡീസല്‍ എന്നിവയുടെ നിലവിലെ ഉയര്‍ന്ന വിലകള്‍ക്ക് രൂപയുടെ ഇടിവ് കൂടി ബാധകമാകും.
2023 മാര്‍ച്ചില്‍ ഒരു പൗണ്ടിന്റെ മൂല്യം 97 ഇന്ത്യന്‍ രൂപയായി കുറഞ്ഞിരുന്നു. ഏപ്രിലില്‍ പക്ഷേ വിനിമയ മൂല്യം 100 കടന്നു. 2024 ഓഗസ്റ്റില്‍ 110 രൂപയിലെത്തി. ഏറ്റക്കുറച്ചിലുകള്‍ക്ക് ശേഷമാണ് ഇപ്പോള്‍ റെക്കോര്‍ഡ് ഭേദിച്ച് മുന്നേറുന്നത്.
കുടുംബമായി യുകെയില്‍ സ്ഥിര താമസമാക്കിയവര്‍ ജോലി ചെയ്തു കിട്ടുന്ന തുക ഇവിടെ തന്നെ ചെലവഴിക്കുകയാണ് പതിവ്. ഇവര്‍ക്ക് യുകെ പൗണ്ടിന്റെ ഇന്ത്യന്‍ മൂല്യം ഉയര്‍ന്നത് കാര്യമായ നേട്ടം ഉണ്ടാക്കാന്‍ ഇടയില്ല.