സിനിമ

വിഡി സതീശനെ അല്ലാതെ മറ്റാരെ കൊണ്ടുവന്നാലും ജനം പൊറുക്കില്ല: നടന്‍ സിദ്ദിഖ്

മുഖ്യമന്ത്രി ആരാകണമെന്ന് തീരുമാനിക്കാന്‍ കോണ്‍ഗ്രസില്‍ തിരക്കിട്ട് ചര്‍ച്ചകള്‍ നടക്കുന്നതിനിടെ വി ഡി സതീശനെ തന്നെ തിരഞ്ഞെടുക്കണമെന്ന് ഹൈക്കമാന്‍ഡിനോട് അഭ്യര്‍ഥിച്ച് നടന്‍ സിദ്ദിഖ്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി ഡി സതീശനെയല്ലാതെ മറ്റൊരാളെ ജനം ആഗ്രഹിക്കുന്നില്ലെന്നും അങ്ങനെ ഒരു മാറ്റം വന്നാല്‍ ജനം സഹിക്കുകയോ പൊറുക്കുകയോ ചെയ്യില്ലെന്നുമാണ് സിദ്ദിഖ് പറയുന്നത്. ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയത്തിന്റെ പ്രധാന കാരണം വി ഡി സതീശനെന്ന് ഉറച്ച് വിശ്വസിക്കുന്നു. അധികാര വടംവലിക്കിടയില്‍, ഗ്രൂപ്പ് കളിച്ചും കുതികാല്‍ വെട്ടിയും മറ്റൊരാള്‍ ആ പദവിയിലേക്ക് വരരുത്. ഇതൊരു സാധാരണക്കാരന്റെ അപേക്ഷയാണെന്നും സിദ്ദിഖ് പറഞ്ഞു

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ:


ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ന്റെ ഉന്നത തല നേതാക്കളോട് ഒരു വാക്ക്.

ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്കും ഐക്യജനാധിപത്യ മുന്നണിയ്ക്കും ലഭിച്ച തിളക്കമാര്‍ന്ന വിജയത്തില്‍ അകമഴിഞ്ഞ് സന്തോഷിക്കുമ്പോഴും ഒരു കാര്യത്തില്‍ ഞങ്ങളെല്ലാവരും അല്പം ബേജാറിലാണ്.

ശ്രീ പിണറായി വിജയനോടും അദ്ദേഹത്തിന്റെ ജനവിരുദ്ധ നിലപാടുകളോടും ഉള്ള എതിര്‍പ്പാണ് കോണ്‍ഗ്രസ് ഇത്തവണ നേടിയ വിജയത്തിന്റെ പ്രധാനകാരണം എന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടെങ്കിലും ഞങ്ങളെ നയിക്കാന്‍ പ്രാപ്തനായ ഒരു നേതാവ് ഉണ്ടെന്ന ഉറച്ച ഒരു വിശ്വാസം കൂടെ ഈ വിജയത്തിന്റെ പിന്നിലുണ്ട് എന്ന കാര്യം ആരും വിസ്മരിക്കരുത്.

ഈ തിരഞ്ഞെടുപ്പില്‍ നൂറില്‍ അധികം സീറ്റില്‍ വിജയിച്ചു UDF അധികാരത്തില്‍ വരും, ഇല്ലെങ്കില്‍ ഞാന്‍ രാഷ്ട്രീയ വനവാസത്തിനു പോകും എന്ന് ചങ്കുറപ്പോടെ പറഞ്ഞ ഒരേ ഒരു നേതാവ്. ഒരു സാമുദായിക നേതാക്കളുടെയും തിണ്ണ നിരങ്ങാത്ത, ഒരാളുടെയും ഭീഷണിക്കു വഴങ്ങാത്ത, ഒരു നിലപാടെടുത്താല്‍ അതില്‍ ഉറച്ചു നില്‍ക്കുന്ന, മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്ന ഒരേ ഒരു നേതാവ്.

അദ്ദേഹം ആയിരിക്കും ഞങ്ങളുടെ അടുത്ത മുഖ്യമന്ത്രി എന്ന് ഉറച്ചു വിശ്വസിച്ചിരുന്നു ഇവിടുത്തെ ഓരോ സാധാരണക്കാരാനും.

ആ വിശ്വാസം തകര്‍ക്കരുത്.

അധികാര വടംവലിക്കിടയില്‍, ഗ്രൂപ്പ് കളിച്ചും കുതികാല്‍ വെട്ടിയും മറ്റൊരാള്‍ ആ പദവിയിലേക്ക് വരരുത്.

ഞങ്ങള്‍ സഹിക്കില്ല, പൊറുക്കില്ല.

എന്തെല്ലാം ന്യായങ്ങള്‍ പറഞ്ഞാലും ഞങ്ങള്‍ വിശ്വസിക്കില്ല.

V D സതീശന്‍ എന്ന ഒരേ ഒരു നേതാവിനെ അല്ലാതെ രാഹുല്‍ ഗാന്ധിയെപ്പോലും മുഖ്യമന്ത്രിയായി സങ്കല്‍പ്പിക്കാന്‍ ഞങ്ങള്‍ക്കാവില്ല.

കോണ്‍ഗ്രസ് നേതൃത്വം ഇവിടുത്തെ നേതാക്കളുടെ അഭിപ്രായം മാത്രം കണക്കിലെടുക്കാതെ, ജനങ്ങളുടെ ആഗ്രഹം കൂടി മനസ്സിലാക്കി ഉചിതമായ തീരുമാനം എടുക്കണം. ഇല്ലെങ്കില്‍ തിരിച്ചടി നിങ്ങള്‍ വിചാരിക്കുന്നതിലും അപ്പുറമായിരിക്കും.

ഓര്‍മ്മ വെച്ച നാള്‍ മുതല്‍ കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയ്ക്ക് ഒപ്പം നിന്ന, K കരുണാകരണയും, ഉമ്മന്‍ ചാണ്ടിയെയും ഇന്നും ഹൃദയത്തില്‍ സൂക്ഷിക്കുന്ന ഒരു സാധാരക്കാരന്റെ കൈ കൂപ്പിയുള്ള അപേക്ഷ ആണ്.

മുഖ്യമന്ത്രി എന്ന സ്ഥാനത്തേക്ക് ഒരേ ഒരു പേര് മാത്രം.V D സതീശന്‍ എന്ന ജനനായകന്റെ പേര്.നല്ലത് വരട്ടെ, നല്ലതേ വരാവു..

  • കുറ്റാരോപിതര്‍ അമ്മ തലപ്പത്ത് വരില്ല'; വീണ്ടും കുറിപ്പുമായി ശ്വേത മേനോന്‍
  • ദേശീയ ചലച്ചിത്ര അവാര്‍ഡ്: മികച്ച നടന്‍ മമ്മൂട്ടി; ഗായിക വൈക്കം വിജയലക്ഷ്മി
  • പിഴവുകള്‍ തിരുത്തും; 'അമ്മ' അംഗങ്ങള്‍ക്ക് തുറന്ന കത്തുമായി ശ്വേതാ മേനോന്‍
  • വിജയ് കൊച്ചിയിലെത്തും; മോഹന്‍ലാലിനൊപ്പം ഓപ്പറേഷന്‍ തൂഫാന്‍ പരിപാടിയില്‍
  • അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ജനനായകന്‍ റിലീസ്
  • ഇപ്പോള്‍ ഒരു ഹാപ്പി റിലേഷന്‍ഷിപ്പില്‍; വിവാഹം ഉടനില്ലെന്ന് സാനിയ
  • വിഖ്യാത ഗായിക എസ് ജാനകി വിടവാങ്ങി
  • എല്ലാം ഉപേക്ഷിച്ച് ജനങ്ങള്‍ക്കായി വന്നവനാണ്! കുറ്റപ്പെടുത്തിയാല്‍ ഇറങ്ങി ഓടുമെന്ന് കരുതിയോ? വിജയ് കരൂരില്‍
  • പിഷാരടിയോട് വലിയ വിശ്വാസവഞ്ചനയാണ് ശ്വേത കാണിച്ചിരിക്കുന്നതെന്ന് ബീന ആന്റണി
  • അന്‍സിബയുടെ പരാതി; മുന്‍കൂര്‍ ജാമ്യം തേടി ടിനി ടോം കോടതിയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions