യു.കെ.വാര്‍ത്തകള്‍

സ്‌കൂളുകള്‍ വിദ്യാര്‍ഥികളുടെ ഫോട്ടോകള്‍ സൈറ്റുകളിലും സോഷ്യല്‍ മീഡിയയിലും നിന്ന് നീക്കണം

യുകെയിലെ സ്‌കൂളുകള്‍ വിദ്യാര്‍ഥികളുടെ ഫോട്ടോകള്‍ വെബ്സൈറ്റുകളിലും സോഷ്യല്‍ മീഡിയയിലും നിന്ന് നീക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്യണമെന്ന് ശിശുസുരക്ഷാ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. വിദ്യാര്‍ഥികളുടെ ചിത്രങ്ങള്‍ എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് അശ്ലീല രൂപത്തിലേക്ക് മാറ്റി ബ്ലാക്ക്‌മെയില്‍ ചെയ്യാനുള്ള ശ്രമങ്ങള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് നിര്‍ദേശം.

ഇന്റര്‍നെറ്റ് വാച്ച് ഫൗണ്ടേഷന്റെയും നാഷണല്‍ ക്രൈം ഏജന്‍സിയും പറയുന്നതനുസരിച്ച്, സ്‌കൂളുകളുടെ വെബ്സൈറ്റുകളിലെയും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലെയും കുട്ടികളുടെ ചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത് എഐ ഉപയോഗിച്ച് വ്യാജ അശ്ലീല ചിത്രങ്ങളാക്കി മാറ്റുകയാണ് സൈബര്‍ കുറ്റവാളികള്‍. പിന്നീട് അവ ഓണ്‍ലൈനില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുന്നു.

കഴിഞ്ഞ വര്‍ഷം ബ്രിട്ടനിലെ ഒരു സെക്കന്‍ഡറി സ്‌കൂളിനെ ഇത്തരത്തില്‍ ലക്ഷ്യമിട്ടതായി ഐഡബ്ല്യു എഫ് വെളിപ്പെടുത്തി. സ്‌കൂളിന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍നിന്നും വെബ്സൈറ്റില്‍നിന്നും എടുത്ത വിദ്യാര്‍ഥികളുടെ ചിത്രങ്ങള്‍ എഐ ഉപയോഗിച്ച് മാറ്റിമറിച്ച് വ്യാജ ചൈല്‍ഡ് സെക്ച്വല്‍ അബ്യൂസ് മെറ്റീരിയില്‍ ആയി സൃഷ്ടിച്ചായിരുന്നു ഭീഷണി. ഏകദേശം 150 ചിത്രങ്ങള്‍ ബ്രിട്ടീഷ് നിയമപ്രകാരം നിയമവിരുദ്ധമാണെന്ന് കണ്ടെത്തി.

ബ്രിട്ടനിലെ സുരക്ഷാ മന്ത്രി ജെസ് ഫിലിപ്പ്‌സ് ഈ സംഭവങ്ങളെ ''ഗൗരവകരമായ പുതിയ ഭീഷണി'' എന്നാണ് വിശേഷിപ്പിച്ചത്. എഐ ഉപയോഗിച്ച് ഇത്തരം ചിത്രങ്ങള്‍ സൃഷ്ടിക്കുന്നതിനെതിരായ നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും അവര്‍ പറഞ്ഞു.

ഓണ്‍ലൈന്‍ സുരക്ഷാ വിദഗ്ധരുടെ ഏര്‍ലി വാണിങ് വര്‍ക്കിങ് ഗ്രൂപ്പ് സ്‌കൂളുകള്‍ക്കായി പ്രത്യേക മാര്‍ഗനിര്‍ദേശവും പുറത്തിറക്കിയിട്ടുണ്ട്.

വിദ്യാര്‍ഥികളുടെ മുഖം വ്യക്തമായി കാണുന്ന ചിത്രങ്ങള്‍ ഒഴിവാക്കുക, ദൂരത്തുനിന്നോ പിന്നില്‍നിന്നോ എടുത്ത ചിത്രങ്ങള്‍ ഉപയോഗിക്കുക, ഫോട്ടോകള്‍ക്കൊപ്പം വിദ്യാര്‍ഥികളുടെ പേരുകള്‍ ചേര്‍ക്കാതിരിക്കുക, വെബ്സൈറ്റുകളിലും സോഷ്യല്‍ മീഡിയയിലും സ്വകാര്യതാ ക്രമീകരണങ്ങള്‍ ശക്തമാക്കുക, പഴയ ചിത്രങ്ങള്‍ നിരന്തരം പരിശോധിച്ച് നീക്കം ചെയ്യുക, കുട്ടികളുടെ ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കേണ്ടതുണ്ടോ എന്ന് വീണ്ടും വിലയിരുത്തുക എന്നിങ്ങനെയാണ് നിര്‍ദ്ദേശങ്ങള്‍. സ്‌കൂളുകളെയും കുട്ടികളെയും ലക്ഷ്യമിട്ട് നടക്കുന്ന ഇത്തരം സൈബര്‍ കുറ്റകൃത്യങ്ങള്‍ ഭാവിയില്‍ കൂടുതല്‍ വ്യാപിക്കാനിടയുണ്ടെന്നാണ് മുന്നറിയിപ്പ്.

  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  • ആദ്യ ആഴ്ചയില്‍ തന്നെ അനധികൃത കുടിയേറ്റം വ്യാപകം; ബേണ്‍ഹാമിന്റെ മേല്‍ സമ്മര്‍ദ്ദം
  • ഫിഫ ലോകകപ്പ് കാലത്തു യുകെയില്‍ ഗാര്‍ഹിക പീഡന പരാതികള്‍ കുതിച്ചു
  • ഇംഗ്ലണ്ടില്‍ ബസ് യാത്രാനിരക്ക് രണ്ട് പൗണ്ടായി കുറയ്ക്കും; പദ്ധതി ജനുവരി മുതല്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions