അസോസിയേഷന്‍

ബറോ കൗണ്‍സിലിന്റെ ഡെപ്യൂട്ടി മേയറായി സജീഷ് ടോം ചുമതലയേറ്റു


ബേസിംഗ്‌സ്റ്റോക്ക് ബറോ കൗണ്‍സിലിന്റെ പുതിയ ഡെപ്യൂട്ടി മേയറായി സജീഷ് ടോം ചുമതലയേറ്റു. കഴിഞ്ഞ ആഴ്ച നടന്ന പ്രാദേശിക തെരഞ്ഞെടുപ്പില്‍ ഹാംഷയര്‍ കൗണ്ടിയിലെ ഏക ലേബര്‍ പാര്‍ട്ടി കൗണ്‍സിലറായി വിജയിച്ച സജീഷ് ടോം, പുതിയ സ്ഥാനലബ്ദിയോടെ യു കെ മലയാളി സമൂഹത്തിനാകെ അഭിമാന നിമിഷമാണ് സമ്മാനിച്ചിരിക്കുന്നത്.

ഒരേ സമയം കൗണ്ടി കൗണ്‍സിലിലും ബറോ കൗണ്‍സിലിലും അംഗമാകുന്നത് തന്നെ അപൂര്‍വമായ സാഹചര്യത്തില്‍, അതിനൊപ്പം ഒരു ബറോയുടെ ഡെപ്യൂട്ടി മേയറാകുക എന്ന നേട്ടവും സജീഷ് സ്വന്തമാക്കി. യു കെ രാഷ്ട്രീയ രംഗത്തുതന്നെ ശ്രദ്ധേയമായ നേട്ടമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

2021 മുതല്‍ ബേസിംഗ്‌സ്റ്റോക്ക് ബറോ കൗണ്‍സിലിലെ പോപ്പിലി വാര്‍ഡിനെ പ്രതിനിധീകരിക്കുന്ന സജീഷ് ടോം, ഓരോ തെരഞ്ഞെടുപ്പിലും മികച്ച ഭൂരിപക്ഷത്തോടെ വിജയിച്ചുവരുന്ന കൗണ്‍സിലര്‍മാരില്‍ ഒരാളാണ്. ഈ വര്‍ഷം വിജയിച്ച ഹാംഷയര്‍ കൗണ്ടിയിലെ ബേസിംഗ്‌സ്റ്റോക്ക് നോര്‍ത്ത് ഡിവിഷന്‍ പരമ്പരാഗതമായി ലേബര്‍ പാര്‍ട്ടി നിലനിര്‍ത്തിയിരുന്ന സീറ്റായിരുന്നുവെങ്കിലും, തീവ്ര വലതുപക്ഷ പാര്‍ട്ടിയായ റീഫോം യു കെ ഉയര്‍ത്തിയ ശക്തമായ വെല്ലുവിളിക്കിടെ വിജയസാധ്യത കുറവാണെന്നായിരുന്നു രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

യു കെ രാഷ്ട്രീയ ചരിത്രത്തില്‍ വളരെ ചുരുക്കം മലയാളികള്‍ക്കാണ് ഡെപ്യൂട്ടി മേയര്‍, മേയര്‍ പദവികളിലേക്ക് ഉയരാനായത്. ഓമന ഗംഗാധരന്‍, ഫിലിപ്പ് എബ്രഹാം, മഞ്ജു ഷാഹുല്‍ ഹമീദ്, ടോം ആദിത്യ, ബൈജു തിട്ടാല എന്നിവരുടെ നിരയിലേക്കാണ് ഇനി സജീഷ് ടോമിന്റെ പേരും ചേര്‍ക്കപ്പെടുന്നത്. യു കെ മേയറല്‍ പ്രോട്ടോകോള്‍ പ്രകാരം അടുത്ത വര്‍ഷം മേയില്‍ അദ്ദേഹം മേയര്‍ പദവിയിലേക്കും തിരഞ്ഞെടുക്കപ്പെടുമെന്ന പ്രതീക്ഷയുണ്ട്.

കോട്ടയം ജില്ലയിലെ വൈക്കം ചെമ്പ് അയ്യനംപറമ്പില്‍ സ്വദേശിയായ സജീഷിന്റെ കുടുംബം ഇപ്പോള്‍ എറണാകുളം ജില്ലയിലെ ഉദയംപേരൂരിനടുത്തുള്ള തെക്കന്‍ പറവൂരിലാണ് താമസം. ഭാര്യ ആന്‍സി ഹാംഷയര്‍ ഹോസ്പിറ്റല്‍സ് എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റിലെ ഐസിയു വിഭാഗത്തില്‍ ഡെപ്യൂട്ടി സിസ്റ്ററായി ജോലി ചെയ്യുന്നു. മകള്‍ അലീന ലണ്ടനില്‍ ജോലി ചെയ്യുന്നു.

2015-16 കാലഘട്ടത്തില്‍ യു കെ മലയാളി സംഘടനകളുടെ ദേശീയ കൂട്ടായ്മയായ യുക്മയുടെ ദേശീയ ജനറല്‍ സെക്രട്ടറിയായും പിന്നീട് നാല് വര്‍ഷം ദേശീയ പബ്ലിക് റിലേഷന്‍സ് ഓഫീസറായും സജീഷ് പ്രവര്‍ത്തിച്ചിട്ടുണ്ട്. ബേസിംഗ്‌സ്റ്റോക്ക് മള്‍ട്ടികള്‍ച്ചറല്‍ ഫോറത്തിന്റെ ട്രഷററായി തുടര്‍ച്ചയായി മൂന്ന് ടേം പ്രവര്‍ത്തിച്ച അദ്ദേഹം, സാമൂഹിക സേവന രംഗത്തെ സജീവ ഇടപെടലുകള്‍ക്ക് 2012ല്‍ 'മേയേഴ്‌സ് വോളണ്ടറി അവാര്‍ഡ്' നേടിയിരുന്നു.

ബേസിംഗ്‌സ്റ്റോക്ക് എന്‍എച്ച്എസ് ആശുപത്രിയിലെ അഡ്മിന്‍ വിഭാഗത്തില്‍ ജോലി ചെയ്യുന്ന സജീഷ് ടോം, തൊഴിലാളി പ്രസ്ഥാനങ്ങളിലും സജീവ സാന്നിധ്യമാണ്. യു കെ യിലെ പ്രമുഖ തൊഴിലാളി യൂണിയനായ UNISON-ന്റെ ബ്രാഞ്ച് ചെയര്‍പേഴ്‌സണ്‍, ലേബര്‍ലിങ്ക് ഓഫീസര്‍, സൗത്ത് ഈസ്റ്റ് റീജിയണല്‍ ഫിനാന്‍സ് കമ്മിറ്റി അംഗം, റീജിയണല്‍ വെല്‍ഫെയര്‍ കമ്മിറ്റി അംഗം തുടങ്ങിയ നിലകളിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

  • മലയാളികളുടെ സ്വത്തവകാശ സംരക്ഷണ നിയമം കാലഘട്ടത്തിന്റെ അനിവാര്യത: നിയമ നിര്‍മ്മാണത്തിനായി യുക്മയുടെ നിവേദനം
  • ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വീണ്ടും ജനവിധി തേടി ബിജോയ് സെബാസ്റ്റിയന്‍
  • ഹാവര്‍ഹില്‍ കേരള കള്‍ച്ചറല്‍ അസോസി യേഷന്‍ ആക്ഷന്‍ പ്ലാന്‍ മേയര്‍ പ്രകാശനം ചെയ്തു
  • യുക്മ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരം......ലോഗോകള്‍ ക്ഷണിക്കുന്നു
  • രജത ജൂബിലി കണ്‍വെന്‍ഷന്‍ ചരിത്ര മുഹൂര്‍ത്തമാക്കി യുകെകെസിഎ; യുകെ ക്‌നാനായ സമൂഹം പ്രവാസികള്‍ക്ക് മാതൃകയെന്ന് ചാണ്ടി ഉമ്മന്‍
  • ഓര്‍മ്മകളും ആശയങ്ങളും പങ്കുവെച്ച് ഡോ. മറിയ ഉമ്മന്‍; ഐഒസികവന്‍ട്രി യൂണിറ്റിന്റെ മീറ്റ് & ഗ്രീറ്റ് ശ്രദ്ധേയമായി
  • ഡോ. മറിയ ഉമ്മന്‍ പീറ്റര്‍ബൊറോയില്‍; ഐ ഒ സി സംഘടിപ്പിച്ച മെമ്പര്‍ഷിപ്പ് കാമ്പയിനും 'മധുരം മലയാളം' ആദരവും ശ്രദ്ധേയമായി
  • അഭിനയവും ഓഡിഷന്‍ പരിശീലനവുമായി കലാഭവന്‍ ലണ്ടന്‍ ഒരുക്കുന്ന പ്രത്യേക പരിശീലന കളരികള്‍
  • ഡോ. മറിയ ഉമ്മന് ഐ ഒ സി (യു കെ) മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി
  • യുകെകെസിഎ കണ്‍വന്‍ഷന് വിശിഷ്ടാതിഥിയായി ചാണ്ടി ഉമ്മന്‍ എത്തും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions