യു.കെ.വാര്‍ത്തകള്‍

സ്ത്രീ രോഗികളെ പീഡിപ്പിച്ചു; യുകെയില്‍ ഇന്ത്യന്‍ ഡോക്ടറുടെ മെഡിക്കല്‍ ലൈസന്‍സ് റദ്ദാക്കി

ചികിത്സയ്‌ക്കെത്തിയ രോഗികളായ സ്ത്രീകളെ ലൈംഗീകമായി പീഡിപ്പിക്കുകയും അധിക്ഷേപിക്കുകയും ചെയ്ത കേസില്‍ തടവുശിക്ഷ അനുഭവിക്കുന്ന ഇന്ത്യന്‍ വംശജനായ ഡോക്ടറുടെ മെഡിക്കല്‍ ലൈസന്‍സ് റദ്ദാക്കി. യുകെയിലെ ഹാംഷെയറില്‍ ജനറല്‍ പ്രാക്ടീഷണറായി സേവനമനുഷ്ഠിച്ചിരുന്ന മോഹന്‍ ബാബുവിനെയാണ് (49) യുകെയിലെ മെഡിക്കല്‍ പ്രാക്ടീഷണേഴ്‌സ് ട്രിബ്യൂണല്‍ സര്‍വീസ് ആജീവനാന്ത വിലക്കേര്‍പ്പെടുത്തി മെഡിക്കല്‍ രജിസ്റ്ററില്‍ നിന്ന് പുറത്താക്കിയത്.

ഹാംഷയറിലെ ഹാവന്റ് എന്ന സ്ഥലത്ത് താല്‍ക്കാലിക ഡോക്ടറായി ജോലി ചെയ്യവേയായിരുന്നു മോഹന്‍ ബാബുവിന്റെ ക്രൂരതകള്‍. 2019 സെപ്തംബര്‍ മുതല്‍ 2021 ജൂലൈ വരെയുള്ള കാലയളവിലാണ് കേസിനാസ്പദമായ സംഭവങ്ങള്‍ നടന്നത്. ശാരീരികമായും മാനസികമായും അതീവ ഗുരുതരാവസ്ഥയിലുള്ളതും ദുര്‍ബലരുമായ വനിതാ രോഗികളെയാണ് ഇയാള്‍ മനപൂര്‍വ്വം ലക്ഷ്യമിട്ടിരുന്നതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ തെളിയിച്ചു. മൂന്നു വനിതാ രോഗികളെ നാലു തവണ ലൈംഗീകമായി പീഡിപ്പിച്ച കേസില്‍ പോര്‍ട്‌സ്മൗത്ത് ക്രൗണ്‍ കോടതി 2024 ഏപ്രിലില്‍ മോഹന്‍ ബാബുവിന് മൂന്നര വര്‍ഷത്തെ തടവുശിക്ഷ വിധിച്ചിരുന്നു. നിലവില്‍ ഇയാള്‍ ജയിലിലാണ്.

കോടതി വിചാരണ വേളയില്‍ ഇരകളായ സ്ത്രീകളുടേയും കുടുംബാംഗങ്ങളുടേയും മൊഴികള്‍ കോടതിയെപ്പോലും ഞെട്ടിച്ചിരുന്നു. പീഡനത്തിനിരയായ ഒരു രോഗി പിന്നീട് അര്‍ബുധം ബാധിച്ചു മരിച്ചു. ഈ ക്രൂരത തന്റെ ജീവിതം തന്നെ തകര്‍ത്തുകളഞ്ഞുവെന്ന് രണ്ടാമത്തെ അതിജീവിതയും സംഭവത്തിന് ശേഷം താന്‍ കടുത്ത വിഷാദ രോഗത്തിലേക്ക് വീണുപോയതായി മൂന്നാമത്തെ അതിജീവിതയും മൊഴി നല്‍കിയിരുന്നു. രോഗികളെ സഹായിക്കുകയാണെന്ന വ്യാജേനയാണ് ഇയാള്‍ അതിക്രമങ്ങള്‍ കാട്ടിയത്.

പരിശോധനാ മുറിയില്‍ വച്ച് നഗ്നത പ്രദര്‍ശിപ്പിച്ചതായും കണ്ടെത്തിയിട്ടുണ്ട്.ഇനി യുകെയില്‍ ഡോക്ടറായി ജോലി ചെയ്യാന്‍ യോഗ്യതയില്ലെന്ന് ട്രിബ്യൂണല്‍ വിധിക്കുകയായിരുന്നു.

ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുകൊണ്ട് ഡോ മോഹന്‍ബാബു നടത്തിയത് ആസൂത്രിതവും ആവര്‍ത്തിച്ചുള്ളതുമായ പീഡനങ്ങളാണ്. ഇയാളുടെ പെരുമാറ്റം ഒരു ഡോക്ടര്‍ക്ക് യോജിച്ചതല്ല. രോഗികള്‍ക്ക് ഡോക്ടര്‍മാരിലുള്ള വിശ്വാസ്യത തകര്‍ക്കുന്നതാണ് ഈ സംഭവമെന്നും ട്രിബ്യൂണല്‍ വിധിന്യായത്തില്‍ വ്യക്തമാക്കി.

കര്‍ണാടകയിലുള്ള മെഡിക്കല്‍ കോളജില്‍ നിന്നുമാണ് ഇയാള്‍ 2000ല്‍ തന്റെ എംബിബിഎസ് ബിരുദം പൂര്‍ത്തിയാക്കിയത്. ഇതിന് ശേഷം ഇന്ത്യയില്‍ കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസറായി ജോലി ചെയ്ത ശേഷമാണ് 2006 ല്‍ ഉപരിപഠനത്തിനും ജോലിക്കുമായി യുകെയിലേക്ക് കുടിയേറിയത്.

  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  • ആദ്യ ആഴ്ചയില്‍ തന്നെ അനധികൃത കുടിയേറ്റം വ്യാപകം; ബേണ്‍ഹാമിന്റെ മേല്‍ സമ്മര്‍ദ്ദം
  • ഫിഫ ലോകകപ്പ് കാലത്തു യുകെയില്‍ ഗാര്‍ഹിക പീഡന പരാതികള്‍ കുതിച്ചു
  • ഇംഗ്ലണ്ടില്‍ ബസ് യാത്രാനിരക്ക് രണ്ട് പൗണ്ടായി കുറയ്ക്കും; പദ്ധതി ജനുവരി മുതല്‍
  • ജയില്‍മോചിതരാകുന്നത് കൊടുംക്രിമിനലുകള്‍; വിഷയത്തില്‍ വിഷയത്തില്‍ ഇടപെട്ട് പ്രധാനമന്ത്രി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions