യു.കെ.വാര്‍ത്തകള്‍

യുകെയില്‍ താപനില 34 ഡിഗ്രിക്ക് മുകളില്‍; ചൂടില്‍നിന്ന് രക്ഷ തേടി ജലാശയങ്ങളിലിറങ്ങിയ 3 കൗമാരക്കാര്‍ മുങ്ങിമരിച്ചു

യുകെ ചുട്ടുപൊള്ളുന്നു. കേരളത്തിലെ കടുത്ത വേനലിനെ അനുസ്മരിപ്പിക്കുംവിധം താപനില 34 ഡിഗ്രിക്ക് മുകളില്‍എത്തി. യുകെയില്‍ മെയ് മാസത്തിലെ ഏറ്റവും ചൂടേറിയ ദിനമായി ചൊവ്വാഴ്ച മാറി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കടുത്ത ചൂട് അനുഭവപ്പെട്ടു.

ചൂടില്‍നിന്ന് രക്ഷ തേടി വിവിധ ജലാശയങ്ങളില്‍ ഇറങ്ങിയ മൂന്ന് കൗമരക്കാര്‍ മരിച്ചു. വെസ്റ്റ് യോര്‍ക്ക്ഷയറിലെ ഹാലിഫാക്സില്‍ 13കാരനെ റിസര്‍വോയറില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി . വാര്‍വിക്ഷയറിലെ കിംഗ്സ്ബറി വാട്ടര്‍ പാര്‍ക്കില്‍ 16കാരിയായ പെണ്‍കുട്ടിയുടെയും സൗത്ത് യോര്‍ക്ക്ഷയറിലെ റോതര്‍ വാലി പാര്‍ക്കില്‍ മറ്റൊരു കൗമാരക്കാരന്റെയും മൃതദേഹങ്ങള്‍ വെള്ളത്തില്‍ നിന്നാണ് കണ്ടെത്തിയത്.

ഞായറാഴ്ച ലിങ്കണിന് സമീപമുള്ള തടാകത്തില്‍ 15കാരന്‍ മരിച്ച സംഭവത്തിന് പിന്നാലെയാണ് പുതിയ ദുരന്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. എല്ലാ സംഭവങ്ങളിലും അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

ബാങ്ക് ഹോളിഡേ ദിനത്തില്‍ ഇംഗ്ലണ്ടിലും വെയില്‍സിലും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയിരുന്നു. ചൂടില്‍ നിന്നും ആശ്വാസം തേടി നിരവധി പേര്‍ തടാകങ്ങളിലേക്കും റിസര്‍വോയറുകളിലേക്കും എത്തിയ സാഹചര്യത്തിലാണ് അപകടങ്ങള്‍ ഉണ്ടായത്. എന്നാല്‍ പുറംതാപനില ഉയര്‍ന്നിരുന്നാലും ജലാശയങ്ങളിലെ വെള്ളം അതിശൈത്യമായിരിക്കുമെന്നും ഇത് 'കോള്‍ഡ് വാട്ടര്‍ ഷോക്ക്' ഉണ്ടാക്കി അപകടത്തിലേക്ക് നയിക്കാമെന്നും റോയല്‍ ലൈഫ് സേവിംഗ് സൊസൈറ്റി മുന്നറിയിപ്പ് നല്‍കി.

കോര്‍ണ്വാളില്‍ ബന്ധുക്കളെ രക്ഷിക്കാന്‍ കടലില്‍ ഇറങ്ങിയ 60കാരനും തിങ്കളാഴ്ച മരിച്ചു. വെള്ളത്തില്‍ അപകടം സംഭവിക്കുന്നവരെ രക്ഷിക്കാന്‍ ശ്രമിക്കുമ്പോള്‍ നേരിട്ട് ചാടരുതെന്നും പകരം അടിയന്തിര സഹായം വിളിക്കുകയും ഒഴുകിനില്‍ക്കാന്‍ സഹായിക്കുന്ന വസ്തുക്കള്‍ നല്‍കുകയും ചെയ്യണമെന്ന് രക്ഷാസംഘങ്ങള്‍ നിര്‍ദേശിച്ചു. തുറസ്സായ ജലാശയങ്ങളിലെ അപകടങ്ങളെക്കുറിച്ച് കൂടുതല്‍ ബോധവല്‍ക്കരണം ആവശ്യമാണെന്നും അധികൃതര്‍ പറഞ്ഞു.

കടുത്ത ചൂടില്‍ രാജ്യത്തു പല ആഘോഷങ്ങളും റദ്ദാക്കിയിട്ടുണ്ട് . അതിശക്തമായ ചൂടിനെ തുടര്‍ന്ന് ബാങ്ക് ഹോളിഡേ ആഘോഷങ്ങളിലൊന്നിലധികം പരിപാടികള്‍ റദ്ദാക്കേണ്ടിവന്നു. മൃഗങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് സറെയിലെ ലെതര്‍ ഹെഡ് ലയണ്‍സ് ക്ലബ് സംഘടിപ്പിക്കാനിരുന്ന ഡോങ്കി ഡെര്‍ബിയും ഡോഗ് ഷോയും ഒഴിവാക്കിയതായി സംഘാടകര്‍ അറിയിച്ചു.

ചൂട് തുടരുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളും രംഗത്തെത്തി. ഇംഗ്ലണ്ടില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് പ്രവചനം. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ഇംഗ്ലണ്ടും വെയില്‍സും 30 ഡിഗ്രി ചൂട് അനുഭവിക്കുമെന്നാണ് വിലയിരുത്തല്‍. ഞായറാഴ്ച മാത്രം ഇംഗ്ലണ്ടിലെ എട്ട് മേഖലകളില്‍ ഔദ്യോഗികമായി ഹീറ്റ് വേവ് സാഹചര്യം രേഖപ്പെടുത്തിയിരുന്നു.

  • നൈറ്റ് ക്ലബില്‍ കൂട്ടത്തല്ല്, ബെന്‍ സ്റ്റോക്സിനെ ക്യാപ്റ്റന്‍ സ്ഥാനം തുലാസില്‍
  • ഇംഗ്ലണ്ടിലും വെയില്‍സിലും ബാല പീഡന ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ നിന്ന് നീക്കാന്‍ പദ്ധതി
  • മുപ്പത്തിയാറാം നിലയില്‍ നിന്നും വീണ് ഇന്ത്യന്‍ ദമ്പതികള്‍ക്കും മകനും ദാരുണാന്ത്യം
  • യുകെ മലയാളികളെ കണ്ണീരിലാഴ്ത്തി നാലുവയസുകാരി ഹെലന്‍ റോസിന്റെ വിയോഗം
  • കയറാത്ത ഷിഫ്റ്റിന് 20,000 പൗണ്ട് കൈപ്പറ്റിയ എന്‍എച്ച്എസ് നഴ്‌സിനെ പുറത്താക്കി എന്‍എംസി
  • കാത്തിരിപ്പ് സമയം കുറയ്ക്കുന്നതിനായി ഡ്രൈവിംഗ് ടെസ്റ്റ് ബുക്കിംഗ് നിയമങ്ങള്‍ കര്‍ശനമാക്കി
  • കുട്ടികളുടെ ഫോണുകളില്‍ സുരക്ഷാ ഫീച്ചറുകള്‍ നിര്‍ബന്ധമാക്കാന്‍ ആപ്പിളിനും ഗൂഗിളിനും ബ്രിട്ടന്റെ നിര്‍ദേശം
  • യുദ്ധവും ബിസിനസ് ചെലവുകളും; റിക്രൂട്ട്‌മെന്റ് കുത്തനെ ഇടിഞ്ഞു
  • എമര്‍ജന്‍സിയിലെ കാത്തിരിപ്പ്: ഇംഗ്ലണ്ടില്‍ ഒരു വര്‍ഷം പൊലീയുന്നത് 16000 ജീവനുകള്‍
  • മഹാമാരികള്‍ തടയാന്‍ എഐ വാക്‌സിനുമായി കേംബ്രിഡ്ജ് ശാസ്ത്രജ്ഞര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions