നാട്ടുവാര്‍ത്തകള്‍

കര്‍ണാടകയില്‍ ഡി കെ യുഗം; ഹൈക്കമാന്‍ഡ് ഇടപെട്ടു നേതൃമാറ്റം, സിദ്ധരാമയ്യ വഴങ്ങി

നീണ്ട പരിശ്രമങ്ങള്‍ക്കൊടുവില്‍ കര്‍ണാടകയില്‍ മുഖ്യമന്ത്രി കസേരയിലേക്ക് ഡികെ ശിവകുമാര്‍. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ കര്‍ണാടക മുഖ്യമന്ത്രി പദവിയി ഒഴിയാന്‍ തയാറായി . വ്യാഴാഴ്ച രാവിലെ മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയായ കാവേരിയില്‍ മന്ത്രിസഭാംഗങ്ങള്‍ക്ക് ഒരുക്കിയ പ്രാതല്‍വിരുന്നിലാണ് സിദ്ധരാമയ്യ രാജി പ്രഖ്യാപിച്ചത്.

കര്‍ണാടകയില്‍ കോണ്‍ഗ്രസ് 2023 ല്‍ അധികാരത്തില്‍ വന്നപ്പോള്‍ മുഖ്യമന്ത്രി സ്ഥാനത്തിനായി സിദ്ധരാമയ്യയും ഡി കെ ശിവകുമാറും രംഗത്തുണ്ടായിരുന്നു. അന്ന് ഹൈക്കമാന്‍ഡ് നിരവധി ചര്‍ച്ചകള്‍ക്കൊടുവിലാണ് ഭരണകാലയളവ് രണ്ടര വര്‍ഷം വീതം വെച്ചുള്ള ധാരണയിലേക്ക് അന്നെത്തിയത്. എന്നാല്‍ മൂന്ന് വര്‍ഷം പിന്നിട്ടിട്ടും മുഖ്യമന്ത്രി സ്ഥാനം ഒഴിയാതെ നീട്ടിക്കൊണ്ടുപോയ സിദ്ധരാമയ്യയെ ഹൈക്കമാന്‍ഡ് അനുനയിപ്പിച്ചാണ് കര്‍ണാടകയില്‍ മാറ്റത്തിന് വഴിയൊരുക്കിയത്.

ധാരണ പ്രകാരം ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടതോടെയാണ് മുഖ്യമന്ത്രിസ്ഥാനമൊഴിയാന്‍ സിദ്ധരാമയ്യ തയ്യാറായത്. ഹൈക്കമാന്‍ഡുമായി നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പങ്കുവെക്കാന്‍ സിദ്ധരാമയ്യ തയ്യാറായിട്ടില്ലെങ്കിലും പല ഫോര്‍മുലകളും കര്‍ണാടകയില്‍ തയ്യാറാവുന്നുണ്ട്. സിദ്ധരാമയ്യയ്ക്ക് രാജ്യസഭാ സീറ്റും മകന്‍ യതീന്ദ്രയ്ക്ക് കാബിനറ്റ് റാങ്കുള്ള മന്ത്രിസ്ഥാനവുമാണ് ഹൈക്കമാന്‍ഡ് വാഗ്ദാനം ചെയ്തതെന്നാണ് സൂചന. സമ്മര്‍ദത്തിലൂടെ മകനെ ഉപമുഖ്യമന്ത്രിയാക്കാന്‍ ശ്രമിക്കുന്നു എന്ന റിപ്പോര്‍ട്ടുകളുമുണ്ട്. ഒ.ബി.സി. മുഖ്യമന്ത്രിയെ മാറ്റി ശിവകുമാറിനെ മുഖ്യമന്ത്രിയാക്കിയാല്‍, ദളിത്, ഒ.ബി.സി., ന്യൂനപക്ഷ, ലിംഗായത്ത് വിഭാഗങ്ങള്‍ക്കെല്ലാം പ്രാതിനിധ്യം നല്‍കുന്ന ഫോര്‍മുലകളും ആലോചിക്കുന്നതായാണ് സൂചന.

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ ചൊവ്വാഴ്ച ആറുമണിക്കൂറോളം നീണ്ട ചര്‍ച്ചയില്‍ തനിക്കാണ് ആകെയുള്ള 134-ല്‍ 100 എം.എല്‍.എ.മാരുടെയും പിന്തുണയെന്നും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പുവരെ തന്നെ തുടരാന്‍ അനുവദിക്കണമെന്നും സിദ്ധരാമയ്യ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രണ്ടരവര്‍ഷം കഴിഞ്ഞാല്‍ സ്ഥാനം മാറാമെന്ന ധാരണയുള്ളതിനാല്‍, പാര്‍ട്ടിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കാതെ രാജിവെക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ നിര്‍ദേശിക്കുകയായിരുന്നു. സംസ്ഥാനത്തെ ഒ.ബി.സി. നേതാവായ സിദ്ധരാമയ്യയെ പിണക്കാതെ ഹൈക്കമാന്‍ഡ് ഇടപെടലുകളില്‍ പ്രഖ്യാപനം ഉണ്ടാകാതെ സിദ്ധരാമയ്യ തന്നെ രാജിക്കാര്യം പ്രഖ്യാപിക്കുന്ന സാഹചര്യമൊരുക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം ചെയ്തത്.

വെള്ളിയാഴ്ച കോണ്‍ഗ്രസ് നിയമസഭാകക്ഷിയോഗം ചേരാനും ഇതില്‍ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ നിയമസഭാകക്ഷിയുടെ പുതിയ നേതാവായി തിരഞ്ഞെടുക്കും. നടപടികള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ കര്‍ണാടകത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി രണ്‍ദീപ്‌സിങ് സുര്‍ജേവാല ബുധനാഴ്ച ബെംഗളൂരുവിലെത്തി.

നിലവില്‍ ചേരിതിരിഞ്ഞുനില്‍ക്കുന്ന സമീപനം ഉപേക്ഷിച്ച് ഡി.കെ. ശിവകുമാറിന് പരിപൂര്‍ണ പിന്തുണ നല്‍കണം എന്നുകൂടി സിദ്ധരാമയ്യ സഹമന്ത്രിമാരോടും പാര്‍ട്ടി പ്രവര്‍ത്തകരോടും ആവശ്യപ്പെട്ടതായാണ് വിവരം. ഡി.കെ. ശിവകുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുക്കുന്നതിന് ഇനി ഔദ്യോഗിക നടപടിക്രമങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. കോണ്‍ഗ്രസ് ഭരിക്കുന്ന നാലുസംസ്ഥാനങ്ങളില്‍ കര്‍ണാടകയില്‍ മാത്രമാണ് ഒ.ബി.സി. വിഭാഗത്തില്‍നിന്നുള്ള മുഖ്യമന്ത്രിയുള്ളത്.

  • ഡല്‍ഹി പ്രതിഷേധച്ചൂടില്‍; പൊലീസിന്റെ ബലപ്രയോഗത്തില്‍ രാഹുല്‍ ഗാന്ധിക്ക് പരിക്ക്
  • കോട്ടയത്ത് കളനാശിനി കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവം: ചികിത്സയിലായിരുന്ന നാലാമത്തെയാളും മരിച്ചു
  • ആറുമാസം മാത്രം; പാലായില്‍ ദിയ ബിനു പുളിക്കകണ്ടം അവിശ്വാസത്തിലൂടെ പുറത്ത്
  • ലിഫ്റ്റില്‍ കുടുങ്ങി ശശി തരൂര്‍; ഫയര്‍ഫോഴ്‌സ് എത്തി പുറത്തുകടത്തി
  • ആശുപത്രികള്‍ രോഗി സൗഹൃദമാക്കാന്‍ ആരോഗ്യവകുപ്പ്; ജീവനക്കാര്‍ക്ക് നിര്‍ബന്ധിത പരിശീലനം
  • പള്‍സര്‍ സുനി ജയിലില്‍ തന്നെ; ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യം തള്ളി
  • പത്തനംതിട്ടയില്‍ യുവതി മരിച്ച നിലയില്‍; ആണ്‍ സുഹൃത്തിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്
  • ഗൃഹനാഥന്റെ വിദേശജോലി നഷ്ടമായി; കുന്നംകുളത്ത് നാലംഗകുടുംബം ജീവനൊടുക്കാന്‍ ശ്രമിച്ചു, അച്ഛനും മകളും മരിച്ചു
  • ഗര്‍ഭിണിയായ ഭാര്യ ജീവനൊടുക്കി; വിദേശത്തു നിന്ന് തിരിച്ച ഭര്‍ത്താവ് ലോഡ്ജില്‍ മരിച്ചനിലയില്‍
  • വിയറ്റ്നാം ബോട്ട് ദുരന്തത്തില്‍ മലയാളി ദമ്പതിമാരടക്കം 15 ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions