യു.കെ.വാര്‍ത്തകള്‍

ലോകത്തിലെ ആദ്യ റൂഫ്ടോപ്പ് ഐസിയു ലണ്ടനില്‍ പ്രവര്‍ത്തനം തുടങ്ങി

അടച്ചിട്ട മുറികള്‍ക്കുള്ളിലെ തീവ്രപരിചരണത്തിന് പകരം പ്രകൃതിയോട് ചേര്‍ന്നുള്ള ചികിത്സാ അന്തരീക്ഷം ഒരുക്കി ചരിത്രം കുറിച്ചിരിക്കുകയാണ് ലണ്ടനിലെ കിംഗ്‌സ് കോളേജ് ആശുപത്രി. ലോകത്തിലെ ആദ്യത്തെ റൂഫ്ടോപ്പ് തീവ്രപരിചരണ വാര്‍ഡ് സൗത്ത് ലണ്ടനിലെ പ്രമുഖ ആശുപത്രിയായ കിംഗ്‌സ് കോളേജ് ഹോസ്പിറ്റലില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ആശുപത്രി കെട്ടിടത്തിന്റെ അഞ്ചാം നിലയിലാണ് പ്രകൃതിഭംഗി ആസ്വദിക്കാനാകുന്ന രീതിയിലുള്ള അത്യാധുനിക തുറന്ന വാര്‍ഡ് സജ്ജീകരിച്ചിരിക്കുന്നത്. 2012 ലണ്ടന്‍ ഒളിമ്പിക്‌സ് പാര്‍ക്ക് രൂപകല്‍പ്പന ചെയ്ത പ്രശസ്ത ഗാര്‍ഡന്‍ ഡിസൈനര്‍മാരാണ് 'പുല്‍മേട്ടിലെ വാര്‍ഡ്' എന്ന ആശയത്തില്‍ ഈ പ്രത്യേക ഐസിയു സ്‌പേസ് ഒരുക്കിയത്. കിംഗ്‌സ് കോളേജ് ഹോസ്പിറ്റല്‍ ചാരിറ്റിയിലൂടെ സമാഹരിച്ച 22 കോടിയിലധികം രൂപ ചെലവഴിച്ചാണ് ആറു ബെഡുകളുള്ള ഈ വാര്‍ഡ് നിര്‍മ്മിച്ചത്. രോഗികളുടെ കിടക്കകള്‍ക്ക് സമീപമുള്ള പ്രത്യേക വാട്ടര്‍പ്രൂഫ് ക്യാബിനറ്റുകളിലാണ് ഓക്‌സിജന്‍ സപ്ലൈ, വൈദ്യുതി, മറ്റു മെഡിക്കല്‍ സൗകര്യങ്ങള്‍ എന്നിവ സജ്ജീകരിച്ചിരിക്കുന്നത്. മുല്ല, ലാവെന്‍ഡര്‍ തുടങ്ങിയ സുഗന്ധമുള്ള ചെടികളും പുല്ലുകളും രോഗികള്‍ക്ക് കിടക്കയില്‍ നിന്ന് തന്നെ കാണാനും തൊട്ടറിയാനും കഴിയുന്ന രീതിയിലാണ് നട്ടുപിടിപ്പിച്ചിരിക്കുന്നത്. ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ കഴിയുന്ന രോഗികള്‍ക്ക് പോലും ശുദ്ധവായുവും സൂര്യപ്രകാശവും ലഭ്യമാക്കുക എന്നതാണ് ഈ വാര്‍ഡിന്റെ ഏറ്റവും വലിയ പ്രത്യേകത.

രണ്ട് മാസത്തിലേറെയായി ആശുപത്രിയിലെ ഐസിയുവില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന 29 വയസ്സുകാരി ഹോളി അലന്‍ ആണ് ഈ ഓപ്പണ്‍ എയര്‍ വാര്‍ഡിലെത്തിയ ആദ്യ രോഗി. ആശുപത്രിക്ക് പുറത്തുള്ള ലോകം എങ്ങനെയാണെന്ന് താന്‍ പൂര്‍ണ്ണമായും മറന്നുപോയിരുന്നുവെന്നും ഇത്ര മനോഹരമായ അന്തരീക്ഷത്തിലേക്ക് വരാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്നും ഹോളി പ്രതികരിച്ചു. വെന്റിലേറ്റര്‍ മാറ്റാതെ തന്നെ രോഗികളെ കിടക്കയോടെ ലിഫ്റ്റ് വഴി റൂഫ്ടോപ്പിലേക്ക് എത്തിക്കാനാകുന്ന രീതിയിലാണ് വാര്‍ഡിന്റെ നിര്‍മ്മാണം. ദീര്‍ഘകാലം ഐസിയുവില്‍ കഴിയുന്ന രോഗികളില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള 'ഐസിയു ഡെലീരിയം' അഥവാ മാനസിക ആശയക്കുഴപ്പം കുറയ്ക്കാന്‍ പ്രകൃതിയുമായുള്ള സമ്പര്‍ക്കം സഹായിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. റൂഫ്ടോപ്പ് വാര്‍ഡിലെ ശുദ്ധവായു, പ്രകാശം, പ്രകൃതിസാന്നിധ്യം എന്നിവ രോഗികളുടെ ശ്വസനരീതിയിലും രക്തസമ്മര്‍ദ്ദത്തിലും ഉണ്ടാക്കുന്ന നല്ല മാറ്റങ്ങള്‍ ഡോക്ടര്‍മാര്‍ നിരീക്ഷിച്ചു വരികയാണ്. പ്രകൃതിയോട് ചേര്‍ന്നുള്ള അന്തരീക്ഷം രോഗികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് വലിയ ഉത്തേജനം നല്‍കുമെന്ന് ആശുപത്രിയിലെ കണ്‍സള്‍ട്ടന്റ് ഡോ. ഫില്‍ ഹോപ്കിന്‍സ് പറഞ്ഞു.

  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  • ആദ്യ ആഴ്ചയില്‍ തന്നെ അനധികൃത കുടിയേറ്റം വ്യാപകം; ബേണ്‍ഹാമിന്റെ മേല്‍ സമ്മര്‍ദ്ദം
  • ഫിഫ ലോകകപ്പ് കാലത്തു യുകെയില്‍ ഗാര്‍ഹിക പീഡന പരാതികള്‍ കുതിച്ചു
  • ഇംഗ്ലണ്ടില്‍ ബസ് യാത്രാനിരക്ക് രണ്ട് പൗണ്ടായി കുറയ്ക്കും; പദ്ധതി ജനുവരി മുതല്‍
  • ജയില്‍മോചിതരാകുന്നത് കൊടുംക്രിമിനലുകള്‍; വിഷയത്തില്‍ വിഷയത്തില്‍ ഇടപെട്ട് പ്രധാനമന്ത്രി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions