ബ്രിട്ടനിലെ കഴിഞ്ഞ ദിവസങ്ങളിലെ ചൂടന്‍ കാലാവസ്ഥ നിരവധിപ്പേരുടെ ജീവനെടുത്തു. ഈ സമയങ്ങളില്‍ വെള്ളത്തില്‍ മുങ്ങിമരിച്ചവരുടെ എണ്ണം 16 ആയി. സൗത്ത് യോര്‍ക്ക്ഷെയറിലെ മെക്സ്ബറോയില്‍ റിവര്‍ ഡോണില്‍ വീണു കാണാതായ 11 വയസ്സുകാരന്‍ മക്കെന്‍സി സ്വിഫ്റ്റിനായുള്ള തിരച്ചിലിനൊടുവില്‍ മൃതദേഹം നദിയില്‍ കണ്ടെത്തി. ശനിയാഴ്ച രാത്രി ഫെറി ബോട്ട് ലെയ്ന് സമീപം നദിയിലേക്ക് ഇറങ്ങിയതിനു ശേഷമാണ് കുട്ടിയെ കാണാതായത്. പൊലീസ്, അണ്ടര്‍വാട്ടര്‍ സെര്‍ച്ച് ടീം , മൗണ്ടന്‍ റെസ്ക്യൂ സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തില്‍ വ്യാപകമായ രീതിയില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നു.
തിങ്കളാഴ്ച രാത്രി 11 മണിയോടെ തിരച്ചില്‍ അവസാനിപ്പിച്ച ശേഷം ഒരു മൃതദേഹം കണ്ടെത്തിയതായി സൗത്ത് യോര്‍ക്ക്ഷെയര്‍ പൊലീസ് അറിയിച്ചു. ഔപചാരിക തിരിച്ചറിയല്‍ നടപടികള്‍ പൂര്‍ത്തിയായിട്ടില്ലെങ്കിലും മക്കെന്‍സിയുടെ കുടുംബത്തെ വിവരം അറിയിച്ചിട്ടുണ്ടെന്നും അവര്‍ക്കു പ്രത്യേക പിന്തുണ നല്‍കിവരുകയാണെന്നും പൊലീസ് വ്യക്തമാക്കി.
സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തിയ ഡോണ്‍കാസ്റ്റര്‍ ജില്ലാ കമാന്‍ഡര്‍ ചീഫ് സൂപ്രണ്ട് പീറ്റ് തോര്‍പ്, കുട്ടിയെ നഷ്ടപ്പെടുന്നത് ഏതൊരു മാതാപിതാവിനും സഹിക്കാനാവാത്ത ദുരന്തമാണെന്ന് പറഞ്ഞു. മക്കെന്‍സിയുടെ മരണവാര്‍ത്ത കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും സ്‌കൂളിനെയും ദുഃഖത്തിലാഴ്ത്തി.
കെന്റിലെ സ്വാന്‍സ്‌കോംബിലുള്ള ഒരു കുളത്തില്‍ നിന്ന് 15കാരന്റെ മൃതദേഹം കണ്ടെത്തിയപ്പോള്‍, ഓക്സ്ഫോര്‍ഡിലെ തേംസ് നദിയില്‍പ്പെട്ട 14കാരനായ ബാള്‍ട്ടസാര്‍ എല്‍’ക്വിയും മരിച്ചു. ഓക്സ്ഫോര്‍ഡിലെ ഡോണിങ്ടണ്‍ പാലത്തിനടുത്ത് നദിയില്‍ മുങ്ങിയ ബാള്‍ട്ടസാറിനെ രക്ഷിക്കാന്‍ അടിയന്തിരസേന ശ്രമിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ലിങ്കണ്‍, ഹാലിഫാക്സ്, റോതര്‍ഹാം, വാര്‍വിക്‌ഷയര്‍, ചെഷയര്‍, ഫാറന്‍ബറോ ലങ്കാഷയര്‍ തുടങ്ങിയ പ്രദേശങ്ങളിലുമുള്ള അപകടങ്ങളില്‍ യുവാക്കളാണ് മുങ്ങി മരിച്ചത്. കോര്‍ണ്വാളില്‍ 60 വയസ്സുള്ള ഒരാളും വെയില്‍സില്‍ 70 വയസ്സുള്ള ഒരു സ്ത്രീയും മരിച്ചവരില്‍പ്പെടുന്നു.
ഇംഗ്ലണ്ടും വെയില്‍സും ഉള്‍പ്പെടെയുള്ള വിവിധ കാലാവസ്ഥാ നിലയങ്ങളില്‍ മേയ് മാസത്തിലെ പ്രാദേശിക താപനില റെക്കോര്‍ഡുകള്‍ മറികടന്നിരുന്നു. കാലാവസ്ഥാ വ്യതിയാനവും, സൂപ്പര്‍ എല്‍ നിനോ പ്രതിഭാസവുമാണ് ചൂട് ഇത്രയേറെ കനക്കാന്‍ കാരണമാകുന്നതെന്ന് കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നു.