ലണ്ടന്‍: കീര്‍ സ്റ്റാര്‍മറുടെ രാജിക്ക് പിന്നാലെ ലേബര്‍ പാര്‍ട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായ ആvഡി ബേണ്‍ഹാം തിങ്കളാഴ്ച പാര്‍ലമെന്റില്‍ എംപിയായി സത്യപ്രതിജ്ഞ ചെയ്തു. മേക്കര്‍ഫീല്‍ഡ് ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച ശേഷമാണ് അദ്ദേഹം ഹൗസ് ഓഫ് കോമണ്‍സിലേക്ക് തിരിച്ചെത്തിയത്. സ്റ്റാര്‍മറുടെ രാജിപ്രഖ്യാപനത്തിന് മണിക്കൂറുകള്‍ക്കകം തന്നെ ബേണ്‍ഹാം നേതൃസ്ഥാനത്തേക്ക് മത്സരിക്കുമെന്ന് സ്ഥിരീകരിക്കുകയും രാജ്യത്തിന് സ്ഥിരതയുള്ള നേതൃത്വം നല്‍കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
ലേബര്‍ നേതൃസ്ഥാനത്തേക്കുള്ള നാമനിര്‍ദേശ നടപടികള്‍ ജൂലൈ 9-ന് ആരംഭിക്കും. നിലവില്‍ ബേണ്‍ഹാമിനെതിരെ പ്രമുഖ എതിരാളികള്‍ രംഗത്തില്ല. മുന്‍ ആരോഗ്യമന്ത്രി വെസ് സ്ട്രീറ്റിങ് മത്സരിക്കില്ലെന്ന് പ്രഖ്യാപിച്ച് ബേണ്‍ഹാമിന് പിന്തുണ നല്‍കുകയും ചെയ്തു. ഇതോടെ മത്സരമില്ലാതെ തന്നെ ജൂലൈ മധ്യത്തോടെ ബേണ്‍ഹാം പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കാനുള്ള സാധ്യത ശക്തമായിട്ടുണ്ട്. ജീവിതച്ചെലവ്, സാമ്പത്തിക വളര്‍ച്ച, പൊതുസേവനങ്ങളുടെ മെച്ചപ്പെടുത്തല്‍ എന്നിവയ്ക്കായിരിക്കും മുന്‍ഗണനയെന്ന് ബേണ്‍ഹാം വ്യക്തമാക്കി.
അതേസമയം, പുതിയ പ്രധാനമന്ത്രി അധികാരമേല്‍ക്കുന്നതിന് മുമ്പ് പൊതുതെരഞ്ഞെടുപ്പ് നടത്തുമോയെന്ന ചോദ്യത്തിന് ബേണ്‍ഹാം വ്യക്തമായ മറുപടി നല്‍കിയില്ല. 'ഇനിയും നിരവധി ഘട്ടങ്ങള്‍ ബാക്കിയുണ്ട്' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സ്റ്റാര്‍മറുടെ നേതൃത്വത്തെയും രാജ്യത്തിനുവേണ്ടിയുള്ള സേവനത്തെയും അദ്ദേഹം പ്രശംസിക്കുകയും നേതൃമാറ്റം ക്രമബദ്ധമായി പൂര്‍ത്തിയാക്കുമെന്നും ഉറപ്പുനല്‍കുകയും ചെയ്തു. ലേബര്‍ പാര്‍ട്ടിയെ ഒരുമിപ്പിക്കുകയും റിഫോം യുകെയുടെ വെല്ലുവിളി നേരിടുകയും ചെയ്യുക എന്നതാണ് ബേണ്‍ഹാമിന് മുന്നിലുള്ള ഏറ്റവും വലിയ ദൗത്യമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.