യു.കെ.വാര്‍ത്തകള്‍

നേതൃമാറ്റം ഉറപ്പായതോടെ ഇമേജ് വീണ്ടെടുത്ത് ലേബര്‍ പാര്‍ട്ടി; സര്‍വേയിലും മുന്നില്‍

ആന്‍ഡി ബേണ്‍ഹാം കളത്തിലിറങ്ങിയതോടെ ഇമേജ് വീണ്ടെടുത്ത് ലേബര്‍ പാര്‍ട്ടി. ഇതോടെ ക്ഷീണം സംഭവിച്ചിരിക്കുന്നത് നിഗല്‍ ഫരാഗിന്റെ റിഫോം യു കെയ്ക്ക് ആണ്. കഴിഞ്ഞ ദിവസം നടന്ന ഒരു മെഗാ അഭിപ്രായ സര്‍വ്വേയില്‍ ഫരാഗിന്റെ റിഫോം യു കെയ്ക്ക് മൂന്നാം സ്ഥാനത്ത് എത്തുവാനെ കഴിഞ്ഞുള്ളു. ഇലക്ടറല്‍ കാല്‍ക്കുലസ് പുറത്തുവിട്ട സര്‍വ്വേ ഫലം വിരല്‍ ചൂണ്ടുന്നത് ബേണാമിന്റെ കുതിച്ചുചാട്ടമാണ്. മാത്രമല്ല, ഇപ്പോള്‍ ഒരു പൊതുതെരഞ്ഞെടുപ്പ് നടന്നാല്‍ ഏറ്റവുമധികം സീറ്റുകള്‍ ലഭിക്കുക ലേബര്‍ പാര്‍ട്ടിക്ക് ആയിരിക്കുമെന്നും അത് പറയുന്നു.

ഇന്നത്തെ സാഹചര്യത്തില്‍ ഒരു പൊതു തെരഞ്ഞെടുപ്പ് നടന്നാല്‍ ലേബര്‍ പാര്‍ട്ടിക്ക് 217 സീറ്റുകള്‍ ലഭിക്കും എന്നാണ് സര്‍വ്വേഫലം പറയുന്നത്. 151 സീറ്റുകളോടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി രണ്ടാം സ്ഥാനത്ത് എത്തുമ്പോള്‍ 127 സീറ്റുകളുമായി റിഫോം യു കെയ്ക്ക് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടതായി വരും. 'ഗോള്‍ഡ് സ്റ്റാന്‍ഡേര്‍' എം ആര്‍ പി രീതി അനുസരിച്ച്, തന്ത്രപരമായ വോട്ടിംഗും കണക്കിലെടുത്ത് തയ്യാറാക്കിയ സര്‍വ്വേഫലത്തില്‍, നേരത്തേ മുന്നിലുണ്ടായിരുന്ന റിഫോം യു കെയ്ക്ക് വലിയ തിരിച്ചടിയാണ് പ്രവചിക്കുന്നത്.

ഇതാദ്യമായി, തീവ്ര വലതുപക്ഷ സ്വഭാവമുള്ള റീസ്റ്റോര്‍ ബ്രിട്ടനെയും സര്‍വ്വേയില്‍ ഉള്‍പ്പെടുത്തിയിരുന്നു. റിഫോമിന്റെ വോട്ടുകളില്‍ സാമാന്യം ഭേദപ്പെട്ട രീതിയിലുള്ള കടന്നുകയറ്റം തന്നെയാണ് റീസ്റ്റോര്‍ നടത്തുന്നത് എന്നാണ് സര്‍വ്വേയില്‍ തെളിയുന്നത്. എന്നിരുന്നാലും, ഇപ്പോള്‍ ഒരു പൊതുതെരഞ്ഞെടുപ്പ് നടന്നാല്‍, റീസ്റ്റോറിന് കേവലം ഒരു എം പിയെ മാത്രമെ ജയിപ്പിക്കാന്‍ കഴിയുകയുള്ളു എന്നും സര്‍വ്വേഫലം പറയുന്നു. മറ്റൊരു ഞെട്ടിപ്പിക്കുന്ന യാഥാര്‍ത്ഥ്യം, ഒരു കക്ഷിക്കും കേവല ഭൂരിപക്ഷത്തിന്റെ അടുത്തുപോലും എത്താനാവില്ല എന്നതാണ്.

അത്തരമൊരു സാഹചര്യത്തില്‍ ഏറ്റവുമധികം സാധ്യത കല്പ്പിക്കുന്നത് ലേബര്‍, ലിബറല്‍ ഡെമോക്രാറ്റുകള്‍, ഗ്രീന്‍ പാര്‍ട്ടി എന്നിവ ചേര്‍ന്ന ഒരു മഴവില്‍ സഖ്യത്തിനാണ്. പുതിയ സര്‍വ്വേയില്‍ പറയുന്നത് കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പില്‍ 30 എം പിമാരെ മാത്രം ലഭിച്ച ഗ്രീന്‍ പാര്‍ട്ടിക്ക് ഇത്തവണ വന്‍ മുന്നേറ്റം നടത്താന്‍ കഴിയുമെന്നാണ്. മുന്നണി ഭരണം എത്തുന്നതോടെ സ്‌കോട്ടിഷ് റഫറണ്ടം, ആനുപാതിക പ്രാതിനിധ്യ രീതിയിലുള്ള വോട്ടിംഗ് തുടങ്ങിയ വിഷയങ്ങളില്‍ സഖ്യകക്ഷികള്‍ ബലം പിടിക്കുവാനുള്ള സാധ്യതയും രാഷ്ട്രീയ നിരീക്ഷകര്‍ തള്ളിക്കളയുന്നില്ല.

ജനപിന്തുണയുടെ കാര്യത്തില്‍ ലേബര്‍ പാര്‍ട്ടിയും റിഫോം യു കെയും 22 പോയിന്റുകള്‍ വീതം നേടി ഒന്നാം സ്ഥാനത്തുണ്ട്. 20 പോയിന്റുകളുമായി കണ്‍സര്‍വേറ്റീവ് പാര്‍ട്ടി മൂന്നാം സ്ഥാനത്താണ്. ലിബറല്‍ ഡെമോക്രാറ്റുകള്‍ 11 പോയിന്റുകള്‍ നേടിയപ്പോള്‍ ഗ്രീന്‍ പാര്‍ട്ടിക്ക് 10 പോയിന്റും റീസ്റ്റോര്‍ ബ്രിട്ടന് 7 പോയിന്റും ലഭിച്ചു. കീര്‍ സ്റ്റാര്‍മറുടെ രാജി പ്രഖ്യാപനത്തിനു ശേഷം ജൂണ്‍ 23 മുതല്‍ 30 വരെ ആയിരുന്നു ഈ സര്‍വ്വേയ്ക്കായുള്ള ഫീല്‍ഡ് വര്‍ക്കുകള്‍ നടന്നത്.

  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  • ആദ്യ ആഴ്ചയില്‍ തന്നെ അനധികൃത കുടിയേറ്റം വ്യാപകം; ബേണ്‍ഹാമിന്റെ മേല്‍ സമ്മര്‍ദ്ദം
  • ഫിഫ ലോകകപ്പ് കാലത്തു യുകെയില്‍ ഗാര്‍ഹിക പീഡന പരാതികള്‍ കുതിച്ചു
  • ഇംഗ്ലണ്ടില്‍ ബസ് യാത്രാനിരക്ക് രണ്ട് പൗണ്ടായി കുറയ്ക്കും; പദ്ധതി ജനുവരി മുതല്‍
  • ജയില്‍മോചിതരാകുന്നത് കൊടുംക്രിമിനലുകള്‍; വിഷയത്തില്‍ വിഷയത്തില്‍ ഇടപെട്ട് പ്രധാനമന്ത്രി
  • പിപിഇ കിറ്റിന്റെ പേരില്‍ വന്‍ തട്ടിപ്പ്; ഇന്ത്യന്‍ ദമ്പതികള്‍ കുറ്റക്കാരെന്ന് യുകെ കോടതി
  • യുകെയില്‍ ജോബ് വേക്കന്‍സികള്‍ വെട്ടിക്കുറച്ച് സ്ഥാപനങ്ങള്‍; തൊഴിലില്ലായ്മ 4.9 ശതമാനത്തില്‍
  • തേംസ് വാട്ടറും ഹോസ് പൈപ് നിരോധനം പ്രഖ്യാപിച്ചു; ചൂട് തുടര്‍ന്നാല്‍ ഭക്ഷ്യ ക്ഷാമവും
  • സിജെപി സമരത്തിന് പിന്തുണയുമായി ലണ്ടനിലും ന്യൂയോര്‍ക്കിലും പ്രതിഷേധം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions